കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളും ടൂറിസത്തിന് അനന്തസാദ്ധ്യതയുള്ള സ്ഥലങ്ങളാണെന്നും ഇത്തരം ചർച്ചകൾക്ക് താത്പ്പര്യമെടുത്തതിൽ കേരളകൗമുദിയെ അഭിനന്ദിക്കുന്നുവെന്നും എം.എ.റസാക്ക് എം.എൽ.എ പറഞ്ഞു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തും കേരളകൗമുദിയും സംയുക്തമായി സംഘടിപ്പിച്ച 'മനോഹരം' ടൂറിസം കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കല്ലായിപ്പുഴയുടെ പോഷകനദിയാണ് കുന്ദമംഗലം മണ്ഡലത്തിലൂടെ ഒഴുകുന്ന മാമ്പുഴ. മൂന്ന് പഞ്ചായത്തുകളിലൂടെ18 കിലോമീറ്റർ നീളത്തിലാണ് ഈ പുഴ ഒഴുകുന്നത്. മാമ്പുഴ വികസിപ്പിച്ച് ജലഗതാഗതം കൊണ്ടുവന്നാൽ അത് കോഴിക്കോട് മാവൂർറൂട്ടിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് മാത്രമല്ല മൂന്ന് പഞ്ചായത്തുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളാകുമെന്നും എം.എൽ.എ. പറഞ്ഞു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് രാജീവ്ഘർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഫസീല അദ്ധ്യക്ഷത വഹിച്ചു. ടി.കെ. രാജേഷ് (സി.ഒ.ഒ.സർഗലയ,കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ്), ശ്രീകല ലക്ഷ്മി (കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റി ജില്ലാ കോർഡിനേറ്റർ) എന്നിവർ കോൺക്ലേവിൽ വിഷയമവതരിപ്പിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് വിനോദ് പടനിലം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ.കെ.ഷൗക്കത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബബിത വിനോദ്, കേരള കൗമുദി യൂണിറ്റ് ചീഫ് എൻ. രാജീവ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ കർഷകനായ ചന്ദ്രൻ വെള്ളനൂർ, ബ്രാൻഡ് അംബാസിഡർ. രൂപിത ദേവരാജ് എന്നിവരെ ആദരിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ധന്യബാബുരാജ് സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.ഗിരീഷ് നന്ദിയും പറഞ്ഞു. ബ്ലോക്ക് പരിധിയിലെ പഞ്ചായത്ത് പ്രസിഡന്റുമാർ വൈസ് പ്രസിഡന്റുമാർ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, സാസ്കാരികപ്രവർത്തകർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |