SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.38 PM IST

കപ്പ് തൂക്കി സ്പെയിൻ; നെഞ്ചുലഞ്ഞ് മെസ്സിപ്പട

football
പുതിയപാലത്തെ ആവേശം

കോഴിക്കോട്: ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലുണ്ടായ ലോകകപ്പ് ഫൈനലിന്റെ ആവേശത്തിര കോഴിക്കോടൻ മണ്ണിലും അലയടിച്ചു. നീലക്കടലായ നഗരം ചെങ്കടലാവാൻ വേണ്ടി വന്നത് സ്പെയിനിന്റെ ഒരൊറ്റ ഗോൾ. ലോകകപ്പിലുടനീളം അർജന്റീന തുടർന്ന് പോന്നിരുന്ന, തൊണ്ണൂറാം മിനിറ്റിന്റെ അവസാനം പുറത്തെടുക്കുന്ന കളി കാണാൻ കാത്തിരുന്ന ആരാധകർ മടങ്ങിയത് വൻ നിരാശയോടെ. കളിയുടെ പകുതിയോടെ പെയ്ത മഴയിൽ നനഞ്ഞാണ് നാടും നഗരവും കളി കണ്ടത്. കളിയുടെ എക്സ്ട്രാ ടൈമിൽ സ്പെയിൻ ഗോൾ നേടിയ നിമിഷത്തിലെ ആർത്തിരമ്പലും അവസാന വിസിലിന് പിന്നാലെ ഉയർന്ന ജയഘോഷങ്ങളും മെറ്റ്‌ലൈഫ് സ്റ്റേഡിയത്തെ ഓർമിപ്പിച്ചു. ഏറിയ പങ്കും അർജന്റീന ആരാധകർ നിറഞ്ഞിരുന്ന ബിഗ് സ്ക്രീൻ പ്രദർശന ഇടങ്ങളിൽ സ്പെയിൻ ആരാധകർ കുറവായിരുന്നു. എങ്കിലും സ്പെയിനിന്റെ വിജയത്തിൽ മറ്റു ടീമുകളും പങ്കുചേർന്നു. നഗരത്തിന് ആഘോഷവും നിരാശയും ഒരുമിച്ച് നൽകിയ പ‌‌‌ുലർച്ചെയായിരുന്നു തിങ്കളാഴ്ചത്തേത്.

എട്ടുമണിയോടെ നഗരത്തിലും ഗ്രാമങ്ങളിലുമായി ഒരുക്കിയ ബിഗ് സ്ക്രീനുകൾക്ക് മുന്നിൽ തടിച്ചുകൂടിയത് ആയിരക്കണക്കിന് ആരാധകരാണ്. അർജന്റീനയുടെയും സ്പെയിനിന്റെയും ജേഴ്സികളണിഞ്ഞ് കുട്ടികളും യുവാക്കളും സ്ത്രീകളും വയോധികരും വരെ ഒരേ ആവേശത്തോടെയായിരുന്നു ഫൈനലിനെ വരവേറ്റത്. കിക്കോഫിന് മണിക്കൂറുകൾ മുമ്പേ തന്നെ പുതിയപാലം, വേങ്ങേരി, ബേപ്പൂർ, കുറ്റിച്ചിറ, മാങ്കാവ്, മാവൂർ, കല്ലായി, കടലുണ്ടി, കോഴിക്കോട് ബീച്ച്, അരയിടത്തുപാലം തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ബിഗ് സ്ക്രീനുകൾക്ക് മുമ്പിൽ ആളുകൾ നിറഞ്ഞുകവിഞ്ഞിരുന്നു. ക്ലബുകളും സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളും വ്യാപാര സ്ഥാപനങ്ങളും പ്രത്യേക പ്രദർശനങ്ങളും ഒരുക്കിയിരുന്നു. കൈരളി, ശ്രീ തിയേറ്ററുകൾ, ഗോകുലം മാളിലെ സിനിമാസ്, ഹൈലൈറ്റ് മാളിലെ മൾട്ടിപ്ലെക്സ് എന്നിവിടങ്ങളിലും ഫൈനൽ പ്രദർശിപ്പിച്ചു.

ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചതോടെ ബിഗ് സ്ക്രീനുകൾക്ക് മുന്നിൽ ആരാധകർ അക്ഷമരായി കാത്തിരുന്നു. സ്പെയിനും അർജന്റീനയും മാറിമാറി ആക്രമണം നടത്തിയപ്പോൾ നെഞ്ചിടിപ്പ് കൂടി. അവസാന സമയം വരെ മിന്നും പ്രകടനം സ്പെയിൻ കാഴ്‌ച വച്ചപ്പോൾ, മെസ്സി മാജിക്കിൽ അർജന്റീനയുടെ തിരിച്ചുവരവിനായി ശ്വാസമടക്കി കാത്തിരുന്ന ആരാധകർ നിറകണ്ണുകളോടെയാണ് മടങ്ങിയത്. സ്പെയിൻ ആരാധകർ ബാൻഡ് വാദ്യങ്ങൾ മുഴക്കിയും പടക്കം പൊട്ടിച്ചും പതാകയേന്തി വാഹന റാലിയായും വിജയം ആഘോഷിച്ചപ്പോൾ, പടക്കങ്ങളുമായി എത്തിയ അർജന്റീന ആരാധകർക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL