കൽപ്പറ്റ: മുണ്ടക്കൈ - ചൂരൽമല ഉരുൾ ദുരന്തത്തിന് കാരണം അതിതീവ്ര മഴ മാത്രമല്ലെന്ന് വിവിധ ഭൗമ ശാസ്ത്രജ്ഞർ നടത്തിയ പഠന റിപ്പോർട്ട്. പ്രദേശത്തെ അപൂർവമായ ഭൂഗർഭ ബലഹീനതകളും ദുരന്തത്തിലേക്ക് വഴിവെച്ച് എന്നാണ് കണ്ടെത്തൽ. ഭാവിയിൽ ഉരുൾപൊട്ടൽ പഠനങ്ങൾക്ക് നിർണായകമായ കണ്ടെത്തലാണ് ശാസ്ത്രജ്ഞർ നടത്തിയത്. മഴ, പാറകളിലെ സ്വാഭാവിക വിള്ളലുകൾ, ഭൂഗർഭ ജല സമ്മർദ്ദം, പാറകളുടെ ഘടന ഇവയെല്ലാം പരിഗണിച്ചുള്ള അപകട സാദ്ധ്യത വിലയിരുത്തൽ അനിവാര്യമാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. കേരള സർവകലാശാല, സാവിത്രി ഭായ് പൂനെ സർവകലാശാല, മൈഹാലി ഇന്ത്യൻ സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്നിവിടങ്ങളിലെ ഭൗമ ശാസ്ത്രഗവേഷകരാണ് പഠനം നടത്തിയത്. കേരള സർവകലാശാലയിലെ ജിയോളജി വിഭാഗം അദ്ധ്യാപകരായ ഡോ. വൈ. അനിൽകുമാർ, ഡോ. സജിൻ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം.
ഉരുൾപൊട്ടലിന് തുടക്കമിട്ടത് മഴ
ഉരുൾദുരന്തം നടന്ന 2024 ജൂലായ് 30 ന് പുലർച്ചയാണ് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയത്. 48 മണിക്കൂറിൽ 573 മില്ലിമീറ്റർ മഴയാണ് മുണ്ടക്കൈ - ചൂരൽമല മേഖലകളിൽ അന്ന് രേഖപ്പെടുത്തിയത്. പുന്നപ്പുഴയുടെ ഭാഗത്തെ മലയുടെ ഒരു ഭാഗം തകർന്നുവീണു. തുടർന്ന് മണ്ണും പാറകളും വെള്ളവും ചേർന്ന പ്രവാഹം. അതിവേഗത്തിൽ താഴേക്ക് കുതിച്ചു. ഏകദേശം എട്ട് കിലോമീറ്റർ ദൂരം സഞ്ചരിച്ച പ്രവാഹം 768 മീറ്ററോളം ഉയര വ്യത്യാസം മറികടന്നതായി പഠനം പറയുന്നു. ഇത് ദുരന്തത്തിന്റെ തീവ്രത വ്യക്തമാക്കുന്നു. 2025 ഏപ്രിലിൽ ആണ് പഠനം നടത്തിയത്. അതിതീവ്ര മഴയാണ് ഉരുൾപൊട്ടലിന് തുടക്കമിട്ടത്. മല എവിടെയാണ് തകരുക, അവശിഷ്ടങ്ങൾ ഏതു വഴിയിലൂടെ സഞ്ചരിക്കും, ദുരന്തം എത്രത്തോളം രൂക്ഷമാകും തുടങ്ങിയ കാര്യങ്ങൾ നിർണയിച്ചത് പ്രദേശത്ത് നേരത്തെ നിലനിന്നിരുന്ന ഭൂഗർഭ ഘടനയാണെന്നും ഗവേഷകർ പറയുന്നു. അതിനാൽ തന്നെ ഭാവിയിൽ ഉരുൾപൊട്ടൽ സാദ്ധ്യത വിലയിരുത്തുമ്പോൾ കാലാവസ്ഥ ഘടകങ്ങൾക്കൊപ്പം ഭൂഗർഭ ശാസ്ത്രപരമായ പ്രത്യേകതകളും ഒരുപോലെ പരിഗണിക്കേണ്ടതുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |