SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.09 AM IST

പ്രഥമ ഉമ്മൻചാണ്ടി പുരസ്‌കാര ജേതാവ് ചെറുവയൽ രാമനെ സന്ദർശിച്ച് മന്ത്രി സിദ്ദീഖ്

ol
കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻചാണ്ടി കാർഷിക പുരസ്കാര ജേതാവ് ചെറുവയൽ രാമനെ മാനന്തവാടി കമ്മനയിലെ വീട്ടിലെത്തി മന്ത്രി ടി. സിദ്ദീഖ് അനുമോദിക്കുന്നു. ഉഷാ വിജയൻ എം.എൽ.എ. സമീപം.

മാനന്തവാടി: കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാറിന്റെ പ്രഥമ ഉമ്മൻചാണ്ടി പുരസ്‌കാര ജേതാവായ പത്മശ്രീ ചെറുവയൽ രാമനെ കൃഷിമന്ത്രി ടി. സിദ്ദീഖ് കമ്മനയിലെ വീട്ടിലെത്തി സന്ദർശിച്ചു. ചിങ്ങം ഒന്നിന് ഏറണാകുളത്ത് കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന കർഷക ദിനാചരണം സംസ്ഥാനതല ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ പുരസ്‌കാരം സമ്മാനിക്കും. അഭിനന്ദനം അറിയിക്കുകയും പുരസ്‌കാര വിതരണ ചടങ്ങിലേക്ക് കുടുംബസമേതം ക്ഷണിക്കുന്നതിനുമാണ് മന്ത്രി ചെറുവയൽ രാമന്റെ വസതിയിലെത്തിയത്. അതിജീവനത്തിനായി പോരാടുന്ന കർഷകന്റെ പ്രതീകമായ പത്മശ്രീ ചെറുവയൽ രാമന് പ്രഥമ ഉമ്മൻചാണ്ടി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു. അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയും കൃഷി ഡയറക്ടറും അംഗങ്ങളായിരുന്ന പുരസ്‌കാര നിർണയ കമ്മിറ്റി ഐക്യകണ്‌ഠേനയാണ് ചെറുവയൽ രാമനെ തിരഞ്ഞെടുത്തത്. രാജ്യം ആദരിച്ച ചെറുവയൽ രാമനെ സംസ്ഥാന കൃഷി വകുപ്പ് ഈ പുരസ്‌കാരത്തിലൂടെ ആദരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. അഞ്ച് ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. വ്യക്തിപരമായി ഏറെ ഇഷ്ടപ്പെടുന്ന ഉമ്മൻചാണ്ടിയുടെ പേരിലുള്ള പുരസ്‌കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പത്മശ്രീ ചെറുവയൽ രാമൻ പറഞ്ഞു. എം.എൽ.എ ഉഷ വിജയൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL