കോഴിക്കോട്: സ്റ്റേഷൻ ചുമതല ഇന്നുമുതൽ എസ്.ഐമാർക്ക് നൽകുന്നതിലൂടെ പൊലീസ് സേനയുടെ കരുത്തു കൂടും. ഓപ്പറേഷൻ തൂഫാനും ശക്തമാക്കുമെന്നാണ് സൂചന. പോക്സോ, സെെബർ കുറ്റകൃത്യങ്ങളിലും നടപടി ഊർജ്ജിതമാക്കും. ഒരു വർഷത്തിനിടെ സംസ്ഥാനത്ത് അഞ്ഞൂറോളം എസ്.ഐമാർ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗവും പുതുതായി സ്റ്റേഷൻ ചുമതലയിലെത്തും. ജില്ലയിലെ 32 സ്റ്റേഷനുകളിലാണ് എസ്.ഐമാർക്ക് ചുമതലയുണ്ടാവുക. കൂടുതൽ കുറ്റകൃത്യങ്ങളുള്ള സ്റ്റേഷൻ പരിധികളിൽ ഇൻസ്പെക്ടർക്ക് തന്നെയാണ് ചുമതല. എസ്.ഐമാർക്ക് ചുമതല നൽകുന്നതിലൂടെ അധികം വരുന്ന 210 ഇൻസ്പെക്ടർമാരെ നാർക്കോട്ടിക്സ്, പോക്സോ, സ്പെഷ്യൽ, ക്രിമിനൽ ബ്രാഞ്ചുകളിലായി പുനർവിന്യസിക്കും.
ഇതോടെ ഒരു ഡിവെെ.എസ്.പി മാത്രമുള്ള ഡിസ്ട്രിക്റ്റ് സ്പെഷ്യൽ, ക്രെെംബ്രാഞ്ചുകൾ സജീവമാകും. ഇപ്പോൾ ഈ വിഭാഗങ്ങളിലെ ആൾക്ഷാമം കേസന്വേഷണത്തെ ബാധിക്കുന്നുണ്ട്. പുനർവിന്യാസത്തിൽ കൂടുതൽ ഇൻസ്പെക്ടർമാരെ നിയോഗിച്ചിട്ടുള്ളത് നാർക്കോട്ടിക്, പോക്സോ വിഭാഗങ്ങളിലാണ്. ഇന്റർനെറ്റ് അടക്കമുള്ള സാങ്കേതിക വിദ്യയുടെ പ്രചാരത്തേടെ സെെബർ കുറ്റകൃത്യങ്ങളുടെ എണ്ണവും രീതിയും മാറി. ജില്ലാ ആന്റി നാർക്കോട്ടിക് വിഭാഗത്തിൽ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള രണ്ട് ഓപ്പറേഷണൽ ടീമുകളുടെ ആവശ്യമുണ്ട്. കാലാനൃസൃതമായ മാറ്റം സേനയിൽ കൊണ്ടുവരാനാണ് സർക്കാർ ശ്രമം.
കോഴിക്കോട്ട് അഞ്ചിടങ്ങളിൽ ഇൻസ്പെക്ടർമാർ
കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനത്തെ 63 സ്ഥലങ്ങളിൽ ഇൻസ്പെക്ടർമാർ തന്നെ സ്റ്റേഷൻ ചുമതല വഹിക്കും. കോഴിക്കോട് സിറ്റിയിലും റൂറലിലുമായി നാലിടത്താണ് ഇൻസ്പെക്ടറുണ്ടാവുക. സിറ്റിയിൽ നടക്കാവ്, കസബ, ചേവായൂർ, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലും റൂറലിൽ വടകരയിലുമാണിത്. ഇൻസ്പെക്ടർമാർക്ക് സ്റ്റേഷനുകളുടെ മേൽനോട്ട ചുമതലയാണ് ഇനി മുതൽ ഉണ്ടാവുക. കോഴിക്കോട് ടൗൺ സബ് ഡിവിഷനു കീഴിൽ കൺട്രോൾ റൂം ഇൻസ്പെക്ടറുമുണ്ട്. ഒരു സർക്കിളിന് കീഴിൽ രണ്ട് സ്റ്റേഷനുകളുണ്ടാകും.
സംസ്ഥാനത്ത് ഇൻസ്പെക്ടർ പുനർവിന്യാസം
(വിഭാഗം, എണ്ണം)
ഡി.സി.ആർ.ബി....20
ഡിസ്ട്രിക്റ്റ് ക്രെെംബ്രാഞ്ച്....20
ഡിസ്ട്രിക്റ്റ് സ്പെഷ്യൽ ബ്രാഞ്ച്....20
നാർക്കോട്ടിക്, പോക്സോ....40
എക്കണോമിക് ഒഫൻസസ്....25
വിജിലൻസ്, ആന്റി കറപ്ഷൻ...32
ഡിസ്ട്രിക്റ്റ് ഹെഡ്ക്വാർട്ടേഴ്സ്....20
സ്റ്റേറ്റ് ക്രെെംബ്രാഞ്ച്....15
ആന്റി ടെററിസ്റ്റ് സ്ക്വാഡ്....6
സെെബർ സ്റ്റേഷനുകൾ....6
കോഴിക്കോട് സിറ്റി ട്രാഫിക്....1
സോഷ്യൽ പൊലീസിംഗ് ഡയറക്ടറേറ്റ്....1
ഗുണ്ടകളും കുടുങ്ങും
കോഴിക്കോട്: സ്റ്റേഷൻ ചുമതലയിലെത്തുന്ന എസ്.ഐമാർ പുതുതായി പരിശീലനം ലഭിച്ച യുവാക്കളാണ്. ഇതോടെ കൂടുതൽ ഗുണ്ടകൾ കുടുങ്ങാനിടയുണ്ട്. തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളായ നിരവധി ഗുണ്ടകൾ കോഴിക്കോട്ടുണ്ട്. ക്രിമിനൽ കേസുകളിൽ പ്രതിയായ അർജ്ജുൻ ആയങ്കിയെ പിടികൂടാനായി നടത്തിയ പരിശോധനയിൽ 31 ഗുണ്ടകളാണ് കോഴിക്കോട്ട് പിടിയിലായത്. സിറ്റിയിൽ നിന്ന് 26 പേരും റൂറലിൽ നിന്ന് അഞ്ചും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |