@വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും റിസോർട്ടുകളിലേക്കും വൻതിരക്ക്
കോഴിക്കോട്: ഓണസദ്യയും പൂക്കളവും കഴിഞ്ഞതോടെ മൂന്നാം ഓണം കളറാക്കാൻ യാത്രകളുമായി മലയാളികൾ. കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും റിസോർട്ടുകളിലേക്കും ആളുകൾ കൂട്ടത്തോടെ പോയതോടെ കോഴിക്കോട് ജില്ലയുടെ വിവിധ ടൂറിസം കേന്ദ്രങ്ങൾ സജീവമായി. അവധിയുടെ അവസാന ദിനം അടിച്ചുപൊളിക്കാനുള്ള അവസരമായാണ് പലരും മൂന്നാം ഓണത്തെ കണ്ടത്. രാവിലെ വീട്ടിലെ ഓണാഘോഷങ്ങൾ പൂർത്തിയാക്കിയ ശേഷം ഉച്ചയോടെയാണ് പലരും യാത്ര തിരിച്ചത്. വെയിലിന്റെ കാഠിന്യം കുറഞ്ഞതോടെ വൈകിട്ടോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്കേറി. കാപ്പാട്, വടകര സാന്റ്ബാങ്ക്സ്, കക്കയം, കരിയാത്തുംപാറ തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് കുടുംബങ്ങളായും സുഹൃത്തുക്കളുടെ സംഘങ്ങളായും നിരവധി പേരെത്തി. ബീച്ച്, മിഠായിത്തെരുവ്, മാനാഞ്ചിറ, സരോവരം എന്നിവിടങ്ങളിലും സന്ദർശകരുടെ എണ്ണം വർദ്ധിച്ചു. വൈകിട്ടോടെ ബീച്ചും പരിസരവും ജനസാഗരമായി. കുട്ടികളെയും കൂട്ടിയെത്തിയ കുടുംബങ്ങളായിരുന്നു ഏറെയും.
ഇത്തവണ നേരത്തെ തന്നെ റിസോട്ടുകളും നിറഞ്ഞിരുന്നു. കുടുംബത്തോടൊപ്പം ഒന്നിച്ച് സമയം ചെലവഴിക്കാനും ഓണാഘോഷം വേറിട്ടതാക്കാനുമായി നിരവധി പേരാണ് റിസോർട്ടുകൾ തെരഞ്ഞെടുത്തത്. ഒരു ദിവസത്തെ യാത്ര മുതൽ രാത്രിയോടെ മടങ്ങുന്ന ട്രിപ്പുകളും റിസോർട്ട് സ്റ്റേയുമെല്ലാം ഓണാഘോഷത്തിന്റെ ഭാഗമായി. ആളുകൾ നഗരത്തിൽ നിന്ന് പുറത്തേക്ക് യാത്ര തിരിച്ചതോടെ റോഡുകളിൽ ഓണത്തിരക്ക് കുറഞ്ഞു. അതേസമയം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ രാത്രി വൈകുംവരെ ആഘോഷത്തിരക്ക് തുടർന്നു.
യാത്രകളുമായി കെ.എസ്.ആർ.ടി.സിയും
പുത്തൻ സ്ഥലങ്ങൾ കുറഞ്ഞ നിരക്കിൽ കുടുംബത്തോടൊപ്പം ആസ്വദിക്കാൻ നിരവധി ഓണാവധി യാത്രകളും കെ.എസ്.ആർ.ടി.സി സംഘടിപ്പിച്ചിരുന്നു. ജില്ലയിലെ അഞ്ച് കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽനിന്നാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്. നെല്ലിയാമ്പതി, മൈസൂർ, അഞ്ചുരുളി തുടങ്ങിയ കേന്ദ്രങ്ങളിലേക്കും യാത്രകളുണ്ട്. ഒന്ന്, രണ്ട് ദിവസങ്ങൾ നീളുന്ന രീതിയിലാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്. ദീർഘദൂര പാക്കേജുകളിൽ യാത്രയ്ക്കൊപ്പം ഭക്ഷണവും താമസവും ഉൾപ്പെടുത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |