കാളികാവ്: പുഴകളിൽ നിർമ്മിച്ച തടയണകളിൽ മണ്ണ് നിറഞ്ഞു. ജലസംഭരണം പേരിനുമാത്രം. വരൾച്ചയെ പ്രതിരോധിക്കാനായി ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച തടയണകൾ മിക്കതും ലക്ഷ്യം നേടാനാകാതെ പാഴായി.
വരൾച്ച നേരിടാൻ കാളികാവ് പഞ്ചായത്തിൽ അടുത്തിടെ നിർമ്മിച്ച പ്രധാനപ്പെട്ട തടയണകളായ ചാഴിയോട്, കാളികാവ്, പരിയങ്ങാട് തുടങ്ങിയവയിൽ പൂർണമായും മണ്ണടിഞ്ഞ് കഴിഞ്ഞു. ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് മധുമല കുടിവെള്ള പദ്ധതിക്കുവേണ്ടി നിർമ്മിച്ച ചെക്ക് ഡാമിൽ മുക്കാൽ ഭാഗവും മണ്ണ് നിറഞ്ഞു.
പരിയങ്ങാട് , ഉദിരം പൊയിൽ എന്നിവിടങ്ങളിലെ പഴയ ചിറകളും പാടെ മണ്ണടിഞ്ഞ് നികന്നിട്ടുണ്ട്. വർഷക്കാലത്ത് കുത്തൊഴുക്കുള്ള പുഴകളായത് കൊണ്ടാണ് നേരത്തെ മണ്ണടിഞ്ഞത്. പരിയങ്ങാട് തടയണയും കാളികാവ് പഴയ പാലത്തിനടുത്ത തടയണയും നിർമ്മിച്ചത് രണ്ടു വർഷം മുമ്പാണ്. രണ്ടിലും 80 ശതമാനവും മണ്ണടിഞ്ഞു. തടയണകളിൽ നേരത്തെ വെള്ളം വറ്റിപ്പോവാനും കിണറുകൾ ഉപയോഗ ശൂന്യമാകാനും ഇത് കാരണമാവുന്നുണ്ട്.
നീക്കേണ്ടത് അനിവാര്യം
തടയണകളിൽ കെട്ടിക്കിടക്കുന്ന മണ്ണ് നീക്കാൻ നിലവിൽ പഞ്ചായത്തിൽ ഫണ്ടില്ല.
നൂറ് കണക്കിന് ലോഡ് മണലും ചരലും തടയണയിൽ കൂടിക്കിടക്കുന്നുണ്ട് . ഇത് കോരിയെടുത്ത് ഉപയോഗിക്കാൻ അനുമതിയുണ്ടെങ്കിൽ ഒരു രൂപ പോലും മുടക്കാതെ തടയണ വൃത്തിയാക്കാനാകും.
നൂറ്റാണ്ട് മുമ്പ് പരിയങ്ങാട് നിർമ്മിച്ച തടയണയിൽ പൂർണ്ണമായും മണ്ണടിഞ്ഞതിനാൽ എല്ലാ വർഷവും പുഴ പരന്നൊഴുകി കൃഷി നശിക്കുന്നുണ്ട്. കൃഷിഭൂമിയിൽ മണ്ണടിയാനും കാരണ മാകുന്നു.
വേനൽക്കാലത്തെ കുടിവെള്ളം ലക്ഷ്യമാക്കിയാണ് തടയണകൾ നിർമ്മിക്കുന്നതെങ്കിലും മദ്ധ്യവേനലാകുമ്പോഴേക്കും മേഖലയിലെ 90 ശതമാനം കിണറുകളും വറ്റും.
കുടിവെള്ള ലഭ്യതയ്ക്ക് തടസ്സം വരാതിരിക്കാൻ പുഴയിലെ മണ്ണ് നീക്കം ചെയ്യാൻ പഞ്ചായത്ത് ഫണ്ട് വകയിരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.യഥാസമയം മണ്ണ് നീക്കിയില്ലെങ്കിൽ രണ്ടു വർഷത്തിനുള്ളിൽ എല്ലാ തടയണകളും പൂർണ്ണമായും ഉപയോഗ ശൂന്യമാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |