പൊന്നാനി: കടുത്ത മത്സരത്തിനാണ് ഇത്തവണ പൊന്നാനി നിയോജക മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. നിലവിൽ എൽ.ഡി.എഫും, യു.ഡി.എഫും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു യു.ഡി.എഫിൽ നിന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.നൗഷാദ് അലിയും എൽ.ഡി.എഫിൽ നിന്നും എം.കെ.സക്കീറുമാണ് മത്സരരംഗത്ത്. എൻ.ഡി.എ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. 20 വർഷമായി പൊന്നാനിയിൽ ഇടതുമുന്നണിയാണ് വിജയിക്കുന്നത്. തുടർച്ചയായ അഞ്ചാം വിജയമാണ് ൃസക്കീറിനെ രംഗത്തിറക്കുന്നത് വഴി എൽ.ഡി.എഫ് ലക്ഷ്യം വയ്ക്കുന്നത്. പി.എസ്.സി ചെയർമാൻ, വഖഫ് ബോർഡ് ചെയർമാൻ നിലകളിലെ മികച്ച പ്രവർത്തനമാണ് സക്കീറിന്റെ മുതൽക്കൂട്ട്. ചെറുപ്രായം മുതൽ പാർട്ടി പ്രവർത്തനത്തിലൂടെ വളർന്ന സക്കീർ സമുദായിക സംഘടനകളുമായും മികച്ച ബന്ധം പുലർത്തുന്നു. രണ്ടുവർഷമായി മണ്ഡലത്തിൽ സജീവമായി ഇടപെടുന്നുണ്ട് നൗഷാദ് അലി. കഴിഞ്ഞ തവണയും പരിഗണിക്കാതെ പോയ മുൻ ഏരിയ സെക്രട്ടറിയും ഇപ്പോഴത്തെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ ടി.എം.സിദ്ധിക്കിനെ സ്ഥാനാർഥിയാക്കാത്തതുമായി ബന്ധപ്പെട്ട് വലിയ തോതിൽ അണികളിൽ പ്രതിഷേധം നടക്കുന്നുണ്ട്. സക്കീറിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പൊന്നാനിയിൽ പോസ്റ്റർ പ്രതിഷേധങ്ങളും വലിയ തോതിൽ പ്രചരിച്ചിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ പാർട്ടി പ്രവർത്തകർ വീഡിയോ ചെയ്യുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു. എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞതോടെ ഒരുപരിധി വരെ പുറമെയുള്ള പ്രതിഷേധം കുറഞ്ഞെങ്കിലും തീരദേശ മേഖലയിലെ അടിയൊഴുക്ക് സക്കീറിന് എതിരായാൽ കഴിഞ്ഞ ആദ്യമായി പൊന്നാനി വലത്തോട്ട് ചായാം. മറുഭാഗത്ത് കെ.പി.നൗഷാദ് അലിയും ഒട്ടനവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. രണ്ട് വർഷം മുൻപേ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച രീതിയിൽ നൗഷാദ്അലി പ്രവർത്തനങ്ങൾ തുടങ്ങിയതിൽ പ്രദേശത്തെ ഒരുവിഭാഗം പ്രവർത്തകരിൽ എതിർപ്പ് ഉണ്ടായിരുന്നു. പ്രതിപക്ഷ നേതാവിന്റെ അടുത്ത ആൾ എന്ന നിലയിൽ ആദ്യമേ സീറ്റ് ഉറപ്പിച്ച പ്രവർത്തനത്തിൽ ഒരുപാട് പേർ താല്പര്യകുറവ് കാണിച്ചിരുന്നു. എന്നാൽ രണ്ട് വർഷമായി ശബരിമല ഇടത്താവളം ഒരുക്കിയും മുൻ പൊന്നാനി എം.എൽ.എയും കോൺഗ്രസ് നേതാവുമായിരുന്ന എം.പി. ഗംഗാദരൻ ഫൗണ്ടേഷൻ സ്ഥാപിച്ചു നടത്തിയ പ്രവർത്തനങ്ങളും നൗഷാദ് അലിയെ മണ്ഡലത്തിൽ ജനപ്രിയനാക്കി മാറ്റി. എന്നാൽ ഇതെല്ലാം വോട്ടായി മാറാൻ കൃത്യമായ പാർട്ടി പിന്തുണ കൂടി ഉണ്ടെങ്കിൽ മാത്രമേ സാധിക്കൂ. കഴിഞ്ഞ മൂന്നു തവണ കോൺഗ്രസ് മത്സരിപ്പിച്ചത് മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥി ആണെങ്കിൽ ഇത്തവണ മണ്ഡലത്തിന് പുറത്തുനിന്നുള്ള വ്യക്തിയെയാണ്. ഇത് ഏത് രീതിയിൽ ജനം തിരഞ്ഞെടുക്കും എന്ന് കണ്ടറിയണം. കൂടാതെ മണ്ഡലത്തിൽ കൃത്യമായ സ്വാധീനം ഉള്ള എൻ.ഡി.എ പിടിക്കുന്ന വോട്ടുകൾ ഇരുമുന്നണികളുടെയും ജയത്തെ ബാധിക്കും. അതിനാൽ കരുത്തരായ സ്ഥാനാർഥികളെ ഇറക്കി പരമാവധി വോട്ടുകൾ പിടിക്കാനാകും എൻ.ഡി.എ മുന്നണി ലക്ഷ്യം വെയ്ക്കുന്നത്.
പൊന്നാനി നഗരസഭ പരിധിയിൽ പ്രത്യേകിച്ചും തീരദേശ മേഖലയിൽ ഇത്തവണ വോട്ട് മറിയുമോ എന്നാണ് നൗഷാദലി കാര്യമായി കരുതുന്നത്. തീരദേശ മേഖലയിൽ നിന്നുള്ള നേതാവ് ടി.എം. സിദ്ധിക്കിനെ സ്ഥാനാർഥിയാക്കാത്തത് അടിയൊഴുക്കുകൾ നിർണ്ണയിക്കുമോ എന്ന് വരും ദിവസങ്ങളിൽ കണ്ടറിയണം. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ മുഴുവൻ നഗരസഭ ഭരണം നഷ്ട്ടപ്പെട്ടപ്പോഴും പൊന്നാനി നഗരസഭ ഇടതുമുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം നൽകി ഒപ്പം നിന്നു. ആ പ്രതീക്ഷ നിയമസഭ തിരഞ്ഞെടുപ്പിലും എൽ.ഡി.എഫ് പുലർത്തുന്നു. ഒപ്പം ചെറിയ തോതിൽ വോട്ട് പിടിക്കുന്ന എസ്.ഡി.പി.ഐ, വെൽഫയർ പാർട്ടി പോലെയുള്ള പാർട്ടികൾ നിലവിൽ സ്ഥാനർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇവർ പിടിക്കുന്ന വോട്ടുകളും പ്രധാന പാർട്ടികളുടെ വിജയത്തിൽ നിർണ്ണായകമാകും. പ്രത്യേകിച്ചു പൊന്നാനി നഗരസഭയിൽ ഇത്തവണ എസ്.ഡി.പി.ഐ തീരദേശ മേഖലയിൽ സീറ്റ് നേടിയിരുന്നു. അതിനാൽ ഇവർ പിടിക്കുന്ന വോട്ടും തീരദേശ മേഖലയിൽ നിർണ്ണായകമാണ്. കഴിഞ്ഞ രണ്ട് വർഷമായി നഗരസഭ കേന്ദ്രീകരിച്ചു പ്രവർത്തനം നടത്തുന്ന നൗഷാദ് അലിക്ക് നന്നംമുക്ക്, ആലംങ്കോട് മേഖലകളിൽ നിന്നും എത്ര വോട്ട് ലീഡ് കിട്ടുമെന്നതും നിർണ്ണായകമാണ്. പ്രത്യേകിച്ചും പി.ടി.അജയ്‌മോഹനന് നല്ല രീതിയിൽ വ്യക്തി ബന്ധങ്ങൾ ഉള്ള മേഖല എത്ര മാത്രം നൗഷാദ് അലിയെ തുണക്കും എന്നും കണ്ടറിയണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |