SignIn
Kerala Kaumudi Online
Saturday, 27 June 2026 7.34 AM IST

മുടക്കോഴി മലയിൽ അനധികൃത ചെങ്കൽ ഖനനം കൂടുന്നു ; ചോലകൾ വറ്റി, താഴ്വാരങ്ങളിൽ രൂക്ഷമായ കുടിവെള്ളക്ഷാമം

കൊണ്ടോട്ടി : മലപ്പുറം ജില്ലയിലെ വാഴക്കാട്, ചീക്കോട്, പുളിക്കൽ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മുടക്കോഴി മല അനിയന്ത്രിതമായ ചെങ്കൽഖനനം മൂലം ഗുരുതരമായ പാരിസ്ഥിതിക ഭീഷണിയിൽ. മലയുടെ സ്വാഭാവിക ഘടന തകർത്തുകൊണ്ടുള്ള ഖനനം കാരണം പ്രദേശത്തെ ജലസ്രോതസ്സുകൾ പൂർണ്ണമായി വറ്റിവരളുന്നതായും താഴ്വാരങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതായും ആക്ഷേപമുയരുന്നു.

ചാലിയാർ പുഴയുടെ പ്രധാന ജലസ്രോതസ്സുകളായ അയ്യംച്ചോല, മമ്മട്ടം ചോല, ഓട്ടുപാറച്ചോല എന്നിവയുൾപ്പെടെ അഞ്ചോളം ചോലകളാണ് മുടക്കോഴി മലയിലുള്ളത്. മുൻപ് ഈ ചോലകളിൽ നിന്നുള്ള ചെറു അരുവികൾ വഴി നിരന്തരം വലിയ തോടിലൂടെ ചാലിയാറിലേക്ക് വെള്ളമെത്തിയിരുന്നു. എന്നാൽ ഖനനം വ്യാപകമായതോടെ മഴ മാറി ദിവസങ്ങൾക്കകം തന്നെ ഈ അരുവികൾ വറ്റിവരളുന്ന അവസ്ഥയാണ്. ഇത് ചാലിയാറിലെ ജലലഭ്യത കുറയ്ക്കുന്നതിനൊപ്പം പ്രദേശത്തെ കർഷകർക്ക് കാർഷിക ആവശ്യങ്ങൾക്കുള്ള വെള്ളം മുട്ടിക്കുകയും ചെയ്യുന്നു. മലയുടെ ജലസംഭരണശേഷി തകർന്നതോടെ താഴ്വാരങ്ങളിലെ കിണറുകളെല്ലാം വറ്റി. ഈ വർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ മാത്രം മലയുടെ താഴ്ഭാഗത്തെ നാല് വാർഡുകളിലായി കുടിവെള്ളമെത്തിക്കാൻ ലക്ഷത്തോളം രൂപയാണ് ചെലവഴിക്കേണ്ടി വന്നത്. അപൂർവ്വ സസ്യജന്തുജാലങ്ങളുടെ കേന്ദ്രമായ ഇവിടത്തെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള 'എട്ടുകാവുകളും' ഖനനം മൂലം നാശത്തിന്റെ വക്കിലാണ്. ഖനനസ്ഥലത്തെ കനത്ത പൊടിയും ശബ്ദമലിനീകരണവും വന്യജീവികളുടെ സ്വാഭാവിക ജീവിതചക്രത്തെ ബാധിക്കുന്നു.

വലിയ ആശങ്ക

വരാനിരിക്കുന്ന കനത്ത മഴക്കാലത്ത് മലയുടെ സ്വാഭാവിക ഘടന നഷ്ടപ്പെടുന്നത് ചരിവുകളുടെ സ്ഥിരത കുറയ്ക്കുമെന്നും ഇത് താഴ്വാരങ്ങളിൽ വലിയ രീതിയിലുള്ള മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും കാരണമായേക്കാമെന്നും പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.


സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ്, ഫോറസ്റ്റ്, മൈനിങ് ആൻഡ് ജിയോളജി വകുപ്പുകൾ എന്നിവർ നടത്തിയ സംയുക്ത പരിശോധനയിൽ ഇവിടെ വൻ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു.

അനുവദനീയമായ പരിധി ലംഘിച്ച് വൻതോതിൽ അനധികൃതമായി ചെങ്കൽ തുരന്നെടുക്കുന്നതായാണ് ഔദ്യോഗിക റിപ്പോർട്ട്.

ശാസ്ത്രീയ മാനദണ്ഡങ്ങളോ പരിസ്ഥിതി ആഘാത പഠനങ്ങളോ നടത്താതെയുള്ള ഖനന പ്രവർത്തനങ്ങൾക്കെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL