SignIn
Kerala Kaumudi Online
Wednesday, 29 July 2026 4.00 AM IST

ഇരുട്ടിലാണ് കൊല്ലങ്കോട് റെയിൽവേ സ്റ്റേഷൻ

dark
രാമേശ്വരം-തിരുവനന്തപുരം അമൃത എക്സ്‌പ്രസ് കൊല്ലങ്കോട് സ്റ്റേഷനിൽ എത്തുമ്പോൾ അവസാന അഞ്ച് കംപാർട്ട്‌മെന്റിന്റെ ഭാഗം ഇരുട്ടിൽ.

കൊല്ലങ്കോട്: പാലക്കാട് ഡിവിഷനു കീഴിലുള്ള കൊല്ലങ്കോട് റെയിൽവേ സ്റ്റേഷനിൽ രാത്രി പ്ലാറ്റ്‌ഫോമിൽ വെളിച്ചമില്ലാത്തത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുന്നു. രാത്രി സമയങ്ങളിൽ സ്റ്റേഷനിലെത്തുന്ന പ്രധാന ട്രെയിനുകളിലെ യാത്രക്കാരാണ് വെളിച്ചമില്ലാത്തതിനെ തുടർന്ന് ഭീതിയിലാവുന്നത്. രാമേശ്വരത്തു നിന്ന് പാലക്കാട് വഴി തിരുവനന്തപുരത്തേക്ക് പോകുന്ന അമൃത എക്സ്പ്രസ് (രാത്രി 8:00), തിരുച്ചെന്തൂർ-പാലക്കാട് സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ്(രാത്രി 8:45) എന്നീ ട്രെയിനുകൾ കൊല്ലങ്കോട് സ്റ്റേഷനിലെത്തുമ്പോൾ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിന്റെ അവസാന ഭാഗം പൂർണമായും ഇരുട്ടിലാണ്. ട്രെയിനുകളുടെ അവസാനത്തെ അഞ്ചു കോച്ചുകൾ വന്നു നിൽക്കുന്നത് ഈ ഭാഗത്താണ്. ലേഡീസ് കംപാർട്ട്മെന്റ്, ഗാർഡ് വാൻ, രണ്ട് ജനറൽ കോച്ചുകൾ, രണ്ട് സ്ലീപ്പർ കോച്ചുകൾ എന്നിവയാണ് ഇരുട്ടിലാകുന്നത്. ഇത് രാത്രി സമയത്ത് ട്രെയിനിൽ കയറുന്നവർക്കും ഇറങ്ങുന്നവർക്കും വലിയ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ട്രെയിനിനകത്തു നിന്നുള്ള വെളിച്ചം മാത്രമാണുണ്ടാവുക. യാത്രക്കാർ മൊബൈൽ ഫോണിലെ വെളിച്ചം ഉപയോഗിച്ചാണ് ട്രെയിനിൽ കയറുകയും ഇറങ്ങുകയും പ്ലാറ്റ്‌ഫോമിലൂടെ സഞ്ചരിക്കുകയുമെല്ലാം ചെയ്യുന്നത്. സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ് വെളിച്ചമില്ലാതെ ഏറെ ബുദ്ധിമുട്ടുന്നത്. സ്റ്റേഷൻ പരിസരത്ത് വിഷപാമ്പുകളുടെയും തേളുകളുടെയും ശല്യം രൂക്ഷമാണ്. ഇതിനുപുറമെ ഇരുട്ടിന്റെ മറവിൽ മോഷണവും പിടിച്ചുപറിയും വർദ്ധിച്ചു വരുന്നതായും പരാതിയുണ്ട്. റെയിൽവേ അധികൃതർക്ക് വിഷയത്തിൽ നിരുത്തരവാദപരമായ സമീപനമാണെന്ന ആക്ഷേപവും ശക്തമാണ്. ഒന്നാം പ്ലാറ്റ്‌ഫോമിൽ തകരാറിലായ ലൈറ്റുകൾ ഉടൻ പുനഃസ്ഥാപിച്ച് യാത്രക്കാരുടെ ആശങ്ക പരിഹരിക്കണമെന്ന് കൊല്ലങ്കോട് റെയിൽവേ പാസഞ്ചർ അസോസിയേഷൻ പ്രസിഡന്റ് മുരുകൻ ഏറാട്ട്, സെക്രട്ടറി പി.വി.ഷൺമുഖൻ എന്നിവർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL