SignIn
Kerala Kaumudi Online
Thursday, 23 July 2026 1.50 AM IST

റെയിൽവേ വികസനം, കേരളത്തിൽ സ്ഥലമേറ്റെടുപ്പ് ഇഴയുന്നു: കേന്ദ്രമന്ത്രി

aa

ന്യൂഡൽഹി: കേരളത്തിലെ റെയിൽവേ ശൃംഖല വികസനവും മൂന്നാം പാതയുടെ സർവേ നടപടികളും പുരോഗമിക്കുന്നുണ്ടെങ്കിലും സ്ഥലമേറ്റെടുക്കൽ ഇഴഞ്ഞു നീങ്ങുന്നുവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. ലോക്സഭയിൽ കോഴിക്കോട് എം.പി എം.കെ. രാഘവനെ അറിയിച്ചതാണിത്.

കേന്ദ്രം അനുമതി നൽകിയ 11,650 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന 9 പ്രധാന പദ്ധതികൾക്ക് (3 പുതിയ പാതകളും 6 പാത ഇരട്ടിപ്പിക്കലുകളും) ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നത് ഇഴയുകയാണ്. ആവശ്യമായ 618 ഹെക്ടർ ഭൂമിയിൽ 78 ഹെക്ടർ (13%) മാത്രമാണ് നിലവിൽ ഏറ്റെടുത്തത്. സംസ്ഥാനത്തെ റെയിൽവേ ഗതാഗതം കൂടുതൽ ശക്തമാക്കാൻ ആറോളം പ്രധാന പാതകളിലാണ് സർവേ നടപടി പുരോഗമിക്കുന്നത്.

ഇതിൽ മംഗലാപുരം-ഷൊർണൂർ (307കി.മീ), ഷൊർണൂർ-കോയമ്പത്തൂർ (99കി.മീ), ഷൊർണൂർ-എറണാകുളം (107കി.മീ), കായംകുളം-തിരുവനന്തപുരം (105 കി.മീ) എന്നീ മൂന്നാം പാതകൾക്കായി ഫീൽഡ് സർവേകൾ പൂർത്തിയാക്കി ഡി.പി.ആർ തയ്യാറാക്കൽ ഘട്ടത്തിലെത്തി.

കോട്ടയം വഴിയുള്ള എറണാകുളം-കായംകുളം (115 കി.മീ) റൂട്ടിൽ ട്രാഫിക് സർവേ പൂർത്തിയാക്കി ഫീൽഡ് സർവേ ആരംഭിച്ചു. തിരുവനന്തപുരം- നാഗർകോവിൽ (71 കി.മീ) മൂന്നാം പാതയ്ക്കായുള്ള സർവേയ്ക്ക് അനുമതി നൽകി.

ഷൊർണൂർ- മംഗലാപുരം റൂട്ടിൽ 3, 4 പാതകൾക്കായുള്ള ഫൈനൽ ലൊക്കേഷൻ സർവേയും ഫീൽഡ് സർവേ നടപടികളും പുരോഗമിക്കുന്നു. ഡി.പി.ആർ അന്തിമഘട്ടത്തിലായശേഷം സംസ്ഥാന സർക്കാരുമായുള്ള കൂടിയാലോചനകൾക്കും നിതി ആയോഗ്, ധനകാര്യ മന്ത്രാലയം എന്നിവയുടെ അംഗീകാരങ്ങൾക്കും ശേഷമേ പദ്ധതികൾക്ക് അന്തിമാനുമതി ലഭ്യമാകൂ എന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA