SignIn
Kerala Kaumudi Online
Saturday, 22 August 2026 3.30 AM IST

ഏത് മൂഡ്.... ഡ്രെസ് മൂഡ്....

onam
ഓണവിപണിക്കായി ഒരുങ്ങിയ വസ്ത്ര വ്യാപാര സ്ഥാപനം

പാലക്കാട്: ഓണത്തെ വരവേൽക്കാൻ നാടും നഗരവുമൊരുങ്ങി കൂടെ വസ്ത്ര വിപണിയും. ഓണക്കോടിയെടുക്കാൻ വൻതിരക്കാണ് കടകളിൽ. കടകളിലും തെരുവോരക്കടകളിലും തിരക്ക് സമാനം. ക്യാമ്പസുകളിലും ഓഫീസുകളിലും ഓണാഘോഷങ്ങൾ ആരംഭിച്ചതോടെ സംഘമായാണ് വസ്ത്രങ്ങൾ എടുക്കാനെത്തുന്നത്. പരമ്പരാഗത ശൈലിയും മോഡേൺ ലുക്കും സമന്വയിപ്പിച്ചുള്ള പരീക്ഷണങ്ങൾക്കാണ് ഇത്ത വണയും ആവശ്യക്കാർ. കൂട്ടത്തിൽ സാരിതന്നെ താരം. ഗോൾഡൻ, സിൽവർ, മെറ്റാലിക് ടിഷ്യു തുണിയിൽ തീർത്ത സാരികൾക്ക് ആവശ്യക്കാരേറെ. ചിത്രങ്ങൾ പ്രിന്റ് ചെയ്ത സാരികൾ, തുന്നൽ ചിത്രങ്ങൾ അടങ്ങിയ സാരികളുമുണ്ട്. പ്രകൃതിരംഗങ്ങൾ, പൂക്കൾ തുടങ്ങിയവ പതിപ്പിച്ച കലംകാരി സാരികളും പ്രിയപ്പെട്ടവയാണ്.

250 മുതലാണ് സെറ്റ് സാരിയുടെ വില തുടങ്ങുന്നത്.

തമിഴ്നാട്ടിൽ നിന്നാണ് തുണിതരങ്ങൾ ഏറെയും എത്തുന്നത്. പൂക്കളവും ചിത്രങ്ങളും പതിപ്പിച്ച ഷർട്ട്, കുർത്ത, മുണ്ട് എന്നിവയാണ് യുവാക്കൾ തേടിയെത്തുന്നത്. ദോത്തികളിൽ കുപ്പടംകര, പേട്ടുക്കുപ്പടം, ഡബാകുപ്പടം എന്നിവയ്ക്കാണ് ആവശ്യക്കാർ. കോട്ട മൈതാനത്തിനു മുൻപിലും പൂക്കളും തുണിത്തരങ്ങളുമായി കച്ചവടക്കാർ ഇടം പിടിച്ചിട്ടുണ്ട്. സിംഗിൾ മുണ്ടിന് 160 രൂപയും ഡബിൾ മുണ്ടിന് 350 രൂപയുമാണ്. കുട്ടികൾക്കുള്ള പട്ടുപാവാടയും ധാവണികളും 350 രൂപമുതൽ ലഭിക്കും. തിരുവോണമടുക്കെ കച്ചവടം ഇനിയും വർദ്ധിക്കുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ.

പ്രിന്റ് സെറ്റ് സാരി 600 രൂപ

ടിഷ്യൂ സാരി 900 രൂപ

പട്ടുപാവാട 700 രൂപ

ധാവണി 2000 രൂപ

ആളുകൾക്ക് നല്ല വസ്ത്രങ്ങൾ വിലക്കുറവിൽ ലഭിക്കണം. അതുകൊണ്ടുതന്നെ കൈക്കറികൾക്ക് ആവശ്യക്കാർ കുറവാണ്. ഗോൾഡൻ കരമാത്രം വരുന്ന കൈത്തറി സാരി 900 രൂപ മുതലാണ് തുടങ്ങുക. അതേ സമയം തമിഴ്നാട്ടിൽ നിന്നും കൊണ്ടു വരുന്ന പ്രിന്റഡ് സാരികൾ കുറഞ്ഞ വിലക്ക് ലഭ്യമാകും. സീസണിലും കൈത്തറി മേഖലക്ക് വലിയ നേട്ടമുണ്ടാക്കാൻ സാധിക്കുന്നില്ല. ആ മേഖല തകർച്ചയിലേക്ക് പോവുകയാണ്.

ശിവരാജ്, കോട്ട മൈതാനത്തെ തുണിക്കച്ചവടക്കാരൻ

ഓൺലൈനിലും ഓണത്തരംഗം
ഓഫ്‌ലൈനിൽ ഓണം പൊടിപൊടിക്കുമ്പോൾ ഓൺലൈനിലും ഓണത്തരംഗം. ഇത്തവണ ഗിഫ്റ്റ് ഹാമ്പറുകളാണ് താരം. സെറ്റ് സാരിയും ആശംസാകാർഡുകളും ശർക്കര വരട്ടിയും വറുത്തുപ്പേരിയും അടങ്ങുന്ന വിവിധ തരത്തിലുള്ള ഹാമ്പറുകൾ പ്രിയപ്പെട്ടവർക്ക് നൽകാൻ ഓൺലൈനിലും തിരക്കുതന്നെ. 500 രൂപമുതലുള്ള ഹാമ്പറുകൾ ലഭ്യമാണ്. ഗിഫ്റ്റുകൾ കസ്റ്റമൈസ് ചെയ്യുന്നതിനനുസരിച്ച് വിലക്കും മാറ്റം വരും. ഓണത്തോടനുബന്ധിച്ചുള്ള ചിത്രങ്ങളടങ്ങുന്ന ആശംസാകാർഡുകളും ഇത്തവണത്തെ ഓണത്തെ കളറാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ONAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL