SignIn
Kerala Kaumudi Online
Thursday, 03 September 2026 3.30 AM IST

കുത്തിപ്പൊളിച്ച്, കുത്തിപ്പൊളിച്ച്... വടക്കഞ്ചേരി മേൽപ്പാലം അറ്റകുറ്റപ്പണി സെഞ്ച്വറി കടന്നു

road
ദേശീയ പാതയിൽ വടക്കഞ്ചേരി മേൽപ്പാലത്തിൽ കുത്തിപ്പൊളിച്ചുള്ള പണികൾ നടക്കുന്നു.

വടക്കഞ്ചേരി: ദേശീയപാതയിൽ വടക്കഞ്ചേരി മേൽപ്പാലത്തിലെ അറ്റകുറ്റപ്പണികൾക്ക് അവസാനമില്ല. 2021ൽ ഗതാഗതത്തിന് തുറന്നുകൊടുത്ത പാലം വീണ്ടും വീണ്ടും ജോയിന്റുകൾ കുത്തിപ്പൊളിച്ച് അറ്റകുറ്റപ്പണി നടത്തേണ്ടിവരുന്നത് പാലത്തിന്റെ നിർമ്മാണ നിലവാരത്തെക്കുറിച്ച് ഗുരുതര ആശങ്ക ഉയർത്തുന്നു. അറ്റകുറ്റപ്പണികളുടെ എണ്ണം സെഞ്ച്വറി പിന്നിട്ടിട്ടും പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായില്ല. നിലവിൽ തൃശൂർ ഭാഗത്തേക്കുള്ള മൂന്ന് വരി പാത പൂർണമായും അടച്ചാണ് അറ്റകുറ്റപ്പണി. ബാരിക്കേഡുകൾ സ്ഥാപിച്ച് ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ മറുവശത്തെ പാലത്തിലൂടെയാണ് കടത്തിവിടുന്നത്. ഇതോടെ പാലത്തിലെയും സമീപ ജംഗ്ഷനുകളിലെയും ഗതാഗതക്കുരുക്ക് രൂക്ഷമായി. പാലക്കാട് ഭാഗത്തേക്കുള്ള ലൈനിലെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ഗതാഗതം പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് തൃശൂർ ഭാഗത്തെ പാതയിലും പണി ആരംഭിച്ചത്. പാലത്തിലെ ജോയിന്റുകളിൽ ഇരുമ്പുപാളികൾ ഘടിപ്പിച്ച് കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. പണികൾ പൂർത്തിയാക്കി ഗതാഗതം പൂർണമായും സാധാരണ നിലയിലാക്കാൻ ഒന്നരമാസത്തോളം വേണ്ടിവരുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. എന്നാൽ, ഇതിനു മുമ്പും നിരവധി തവണ സമാനമായ അറ്റകുറ്റപ്പണികൾ നടത്തിയിട്ടും തകരാറുകൾ ആവർത്തിച്ചതാണ് യാത്രക്കാരുടെ ആശങ്ക വർധിപ്പിക്കുന്നത്. വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലത്തിൽ കുലുക്കവും വലിയ ശബ്ദവും അനുഭവപ്പെടുന്നതായും നാട്ടുകാർ പറയുന്നു. നേരത്തെ അറ്റകുറ്റപ്പണി നടത്തിയ ജോയിന്റുകളിൽ വീണ്ടും വിള്ളലുകൾ രൂപപ്പെട്ടതായും ആരോപണമുണ്ട്. ശക്തമായ കാറ്റിൽ ബാരിക്കേഡുകൾ റോഡിലേക്ക് മറിഞ്ഞുവീഴുന്നതും അപകടഭീഷണി ഉയർത്തുന്നുണ്ട്. മേൽപാലത്തിന്റെ നിർമാണകാലത്തും പാളിച്ചകളെക്കുറിച്ച് പരാതികൾ ഉയർന്നിരുന്നു. നിർമ്മാണം പുരോഗമിക്കുന്നതിനിടെ തങ്കം ജംഗ്ഷനു സമീപത്തെ ഒരു പില്ലർ തകർന്നുവീഴുകയും ചെയ്തു. പാലം തുറന്ന് അധികം വൈകാതെ തന്നെ വിവിധ ഭാഗങ്ങളിൽ തകരാറുകൾ പ്രത്യക്ഷപ്പെട്ടതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇവ നിർമ്മാണപ്പിഴവുകളല്ലെന്നും വാഹന ഗതാഗതം മൂലമുണ്ടാകുന്ന സ്വാഭാവിക പ്രശ്നങ്ങളാണെന്നുമായിരുന്നു നിർമ്മാണക്കമ്പനിയുടെ വിശദീകരണം. ദേശീയപാതയിലൂടെ ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്നതിനാൽ ആവർത്തിച്ചുള്ള അറ്റകുറ്റപ്പണികൾ യാത്രാദുരിതവും ഗതാഗതക്കുരുക്കും മാത്രമല്ല, പാലത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ഭീതിയും സൃഷ്ടിക്കുകയാണ്. ആവർത്തിച്ചുള്ള അറ്റകുറ്റപ്പണികൾക്ക് ശാശ്വതപരിഹാരം കാണുന്നതിന് സ്വതന്ത്ര വിദഗ്ധ സമിതിയെ നിയോഗിച്ച് പരിശോധിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, NHAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL