SignIn
Kerala Kaumudi Online
Sunday, 12 July 2026 10.50 AM IST

നിറംമങ്ങി വള്ളിക്കോടിന്റെ പ്രാദേശിക ടൂറിസം, നഷ്ടസ്വപ്നങ്ങളുമായി ആമ്പൽപൂഞ്ചിറ

photo
ആമ്പൽ ഇല്ലാത്ത വള്ളിക്കോട് ആമ്പൽപൂഞ്ചിറ

പത്തനംതിട്ട : കാർഷിക ഗ്രാമമായ വള്ളിക്കോടിന്റെ ടൂറിസം സ്വപ്നങ്ങൾക്ക് ചിറക് നൽകേണ്ട ആമ്പൽപൂഞ്ചിറ മിനി പാർക്ക് അവഗണനയിൽ. പ്രകൃതിയുടെ മനോഹാരിതയിൽ വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിലേക്ക് വിനോദസഞ്ചാരികളെ മാടിവിളിച്ചിരുന്ന ആമ്പൽ പൂഞ്ചിറയിൽ ഇന്ന് ആളും അനക്കവുമില്ല. കോന്നി - ചന്ദനപ്പള്ളി റോഡിൽ വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസ് ജംഗ്ഷൻ കഴിഞ്ഞ് ഒരുകിലോമീറ്റർ പിന്നിട്ടാൽ ആമ്പൽപൂഞ്ചിറയുടെ പ്രവേശന കവാടം കാണാം. ഇവിടെ നിന്ന് നൂറ് മീറ്റർ ഉള്ളിലേക്ക് ചെന്നാൽ 25 സെന്റിലായി വ്യാപിച്ചു കിടക്കുന്ന ആമ്പൽപൂഞ്ചിറയായി. പ്രകൃതിരമണീയവും ശാന്തസാന്ദരുമായ സ്ഥലം. ചിറയ്ക്ക് ചുറ്റുമായി വിശാലമായ ഇരിപ്പിടങ്ങളും കുട്ടികൾക്കായി മിനി പാർക്കുമുണ്ട്. സമീപത്തെ പാടങ്ങളും കൈത്തോടുകളും ചിറയുടെ മാറ്റുകൂട്ടുന്നു. നിരവധി ആളുകൾ സായാഹ്നങ്ങൾ ചെലവഴിക്കാൻ ഇവിടെ എത്തിയിരുന്നു. പ്രാദേശിക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി പെഡൽബോട്ട് ഉൾപ്പടെ ഇവിടെ വിഭാവനം ചെയ്തിരുന്നെങ്കിലും ഒന്നും നടപ്പായില്ല.

ആമ്പലില്ലാച്ചിറ

ആമ്പൽപൂക്കൾ നിറഞ്ഞിരുന്ന ചിറയിൽ ഇപ്പോൾ പൂക്കളൊന്നുമില്ല. അടുത്തിടവരെ പായലും പോളയും നിറഞ്ഞ് കിടക്കുകയായിരുന്നു. ഇപ്പോൾ വൃത്തിയാക്കിയെങ്കിലും ഒരു ആമ്പൽപോലുമില്ല. സഞ്ചാരികൾ എത്താതായതോടെ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയ പൂഞ്ചിറയിൽ ഇപ്പോൾ തല ഉയർത്തി നിൽക്കുന്നത് ബീയറിന്റെയും മദ്യത്തിന്റെയുമൊക്ക ഒഴിഞ്ഞ കുപ്പികളാണ്. രണ്ടുവർഷം മുമ്പ് ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി പൂഞ്ചിറയ്ക്ക് സമീപം നിർമ്മിച്ച വിശ്രമ കേന്ദ്രവും മിനി ഹൈമാസ്റ്റ് ലൈറ്റുകളും നാടിന് സമർപ്പിച്ചെങ്കിലും ചിറ നശിച്ചു.

നീന്തൽ പഠിക്കാൻ ആമ്പൽ നീക്കി

കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ആമ്പൽ ചെടികൾ നേരത്തെ നീക്കം ചെയ്തത്. എന്നാൽ ചിറയുടെ അടിഭാഗത്ത് ചെളി ചിറഞ്ഞ് കിടക്കുന്നതിനാൽ പരിശീലനത്തിന് അനുയോജ്യമല്ലെന്നും അപകടസാദ്ധ്യത കൂടുതലാണെന്നും കണ്ടെത്തി. ഇതോടെ പരിശീലനം ഉപേക്ഷിച്ചെങ്കിലും ആമ്പൽ വീണ്ടുംനടാൻ നടപടിയായില്ല.

ആൽബം ഷൂട്ടിംഗിന്റെയും ഷോർട്ട് ഫിലിമുകളുടെയും വിവാഹ ആൽബങ്ങളുടെയുമൊക്കെ ഇഷ്ടലൊക്കേഷനായിരുന്നു ഇവിടം. ചിറയുടെ ശോച്യാവസ്ഥ അറിയാതെ ഇപ്പോഴും നിവരധി ആളുകൾ ഇവിടെ എത്തി നിരാശരായി മടങ്ങാറുണ്ട്.

പ്രദേശവാസി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL