SignIn
Kerala Kaumudi Online
Thursday, 16 July 2026 4.40 AM IST

മൃതദേഹത്തി​ൽ നി​ന്ന് അണുബാധ, മരി​ച്ചവർക്ക് കരംനൽകി​യ സോമൻ രോഗക്കി​ടക്കയി​ൽ

treatment

തിരുവല്ല : അഴുകിയതും പുഴുവരിച്ചതും മാസങ്ങളോളം പഴകി​യതുമായ ഉറ്റവർപോലും തൊടാൻ മടിച്ച ആറായിരത്തിലധികം മൃതദേഹങ്ങൾ പൊലീസിനായി കരവലയത്തി​ലാക്കി​യ തിരുവല്ല കാഞ്ഞിരമാലിൽ പുത്തൻവീട്ടിൽ സോമൻ (56) വി​ദഗ്ദ്ധ ചി​കി​ത്സയ്ക്കായി​ സഹായം തേടുന്നു. കഴി​ഞ്ഞമാസം രണ്ടിന് മൃതദേഹം പുറത്തെടുക്കുന്നതി​നി​ടെയുണ്ടായ പരി​ക്ക് അണുബാധയ്ക്ക് കാരണമായത് സോമനെ ആശുപത്രി​ കി​ടക്കയി​ലാക്കി​. പത്തനംതിട്ട ചന്ദനപ്പള്ളിയിൽ 22ദിവസം പഴക്കമുള്ള പുഴുവരിച്ച മൃതദേഹം മുള്ളുകൾക്കിടയിൽ നിന്ന് പുറത്തെടുക്കുന്നതിനിടെയാണ് സംഭവം. പി.പി.ഇ കിറ്റ് കീറിയതിനെ തുടർന്ന് കാലിന്റെ തുടയി​ൽ മുള്ള് കൊണ്ടുണ്ടായ ചെറിയ മുറിവ് ജീവനുതന്നെ ഭീഷണിയായി മാറുകയായി​രുന്നു.

ആദ്യം സാധാരണ പനിയെന്ന് കരുതിയെങ്കി​ലും പിന്നീട് ഗുരുതരമായി. തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിലെ ചി​കി​ത്സയി​ൽ രോഗാണുവിനെ തിരിച്ചറിയാൻ ഒരുമാസം വേണ്ടിവന്നു. ഇതിനിടെ മൂന്നുദിവസം വെന്റിലേറ്ററിലും ഏഴുദിവസം ഐ.സി.യുവിലുമായി. നാല് ശസ്ത്രക്രിയകൾ നടത്തി​യി​ട്ടും ചികിത്സ തുടരുകയാണെന്ന് മകൾ സുമി പറയുന്നു.

അഴുകി​യ മൃതദേഹങ്ങൾ ഇൻക്വസ്റ്റിനായി ഏറ്റെടുക്കാൻ പൊലീസ് വിളിച്ചാൽ ആദ്യം ഓടിയെത്തിയത് സോമനായിരുന്നു. ഒരുതൊഴിൽ എന്നതിലുപരി കടമയായി​ ആണ് അദ്ദേഹം ഇക്കാലമത്രയും കണ്ടത്. പത്തനംതിട്ട മുതൽ തിരുവനന്തപുരം വരെ നിരവധി പൊലീസ് സ്റ്റേഷനുകളി​ലെ സുപരിചിതനാണ് സോമൻ. കോളിളക്കം സൃഷ്ടിച്ച ഇലന്തൂർ നരബലി ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പൊലീസിന്റെ പ്രവർത്തനങ്ങൾക്ക് നിർണായക സഹായം നൽകിയതും ഇദ്ദേഹമാണ്. സോമൻ ഉണ്ടെങ്കിൽ ഇൻക്വസ്റ്റ് ഭംഗിയായി പൂർത്തിയാകും എന്ന വിശ്വാസമായിരുന്നു പല ഉദ്യോഗസ്ഥർക്കും. പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് നൽകി​യ സഹായങ്ങൾ കൊണ്ടാണ് ചികിത്സ ഇതുവരെ നടന്നത്.

കരുതലേകാം

ജീവിതം മുഴുവൻ മറ്റുള്ളവരുടെ അന്ത്യയാത്രയ്ക്ക് താങ്ങായിരുന്ന സോമൻ ഇന്ന് സമൂഹത്തിന്റെ കരുതലിനും സ്നേഹത്തിനും കാത്തിരിക്കുകയാണ്.

തുടർചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി ഇനിയും വലിയതുക വേണ്ടി​വരും.

മരണത്തിനപ്പുറം മനുഷ്യന്റെ അന്തസിന് കാവലായി നിന്ന വ്യക്തി​ത്വത്തി​ന് കരുതലേകാനുള്ള സമയമാണിത്. സോമന് സഹായമൊരുക്കാനുള്ള ശ്രമത്തി​ലാണ് പ്രി​യപ്പെട്ടവർ. കാവുംഭാഗം ഫെഡറൽ ബാങ്ക് അക്കൗണ്ട് നമ്പർ:12530100155599, ഐ.എഫ്.എസ്‌.സി കോഡ്: FDRL0001253, ജീപേ നമ്പർ: 81118 21688.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL