പത്തനംതിട്ട : ആറൻമുള വിമാനത്താവള പദ്ധതിക്കെതിരായ സമരം തീക്ഷ്ണമായ കാലത്താണ് പ്രദേശത്ത് 420 കുടുംബങ്ങളെ സമരസമിതിക്കാർ 2011ൽ കുടിൽ കെട്ടി താമസിപ്പിച്ചത്. സമരം അവസാനിച്ചു. സമരസമിതി പലവഴിക്ക് പിരിഞ്ഞു. നിസഹായരായ കുടുംബങ്ങളെ നേതാക്കൾ തിരിഞ്ഞു നോക്കിയില്ല. നീണ്ട പതിനഞ്ച് വർഷം കുടിലുകളിൽ അവർ ദുരിത ജീവിതം നയിച്ചു. പിന്നീട് ഒറ്റയ്ക്കും കൂട്ടായും കുടിലുകൾ പൊളിച്ച് അവർ സമരഭൂമിവിട്ടു. ഇപ്പോൾ അവശേഷിക്കുന്നത് 23 കുടിലുകൾ മാത്രം. കഴിഞ്ഞ ദിവസം സെൻസസ് ഉദ്യോഗസ്ഥരെത്തി കുടിലുകൾക്ക് നമ്പരിട്ടു. രണ്ടാംഘട്ട വിവരശേഖരണത്തിന് എത്തുമ്പോൾ കുടിലുകൾ അവിടെ കാണണമെന്നില്ല. വിമാനത്താവളം പദ്ധതി വീണ്ടും ഉയർന്നതൊന്നും കുടിലുകളിലുള്ളവർക്ക് അറിയേണ്ട. എങ്ങോട്ടെങ്കിലും രക്ഷപെടണമെന്നാണ് എഴുപത്തിമൂന്നുകാരനായ കുഞ്ഞുമോന്റെ ചിന്ത.
കണ്ടറിയണം ദുരിതജീവിതം
സമരഭൂമിയിലുള്ളവർ കൂലിപ്പണിക്കാരാണ്. എന്നും ജോലിയില്ല. ജോലിക്ക് പോകാനാകാത്ത രോഗികളുമുണ്ട്. കുടിലുകൾക്കിടയിലൂടെ വൈദ്യുതി ലൈനുണ്ട്. അടുത്ത് കരുമാരം തോട്ടിൽ നിന്ന് വയിലിലേക്ക് മറിയുന്ന വെള്ളം മോട്ടോർ ഉപയോഗിച്ച് പുറത്തേക്ക് ഒഴുക്കാൻ മാത്രമാണ് വൈദ്യുതി കണക്ഷൻ. കുടിലുകളിൽ ഡീസലും മണ്ണെണ്ണയും ഉപയോഗിച്ചുള്ള കുഞ്ഞുവിളക്കുകളാണ് രാത്രിയിലെ പ്രകാശം. കാട്ടുപന്നികളുടെയും മരപ്പട്ടികളുടെയും വിഹാര കേന്ദ്രമാണിവിടം. കുടിലുകളിലെ താമസക്കാർ പരിസരത്തു നട്ട കപ്പയും വാഴയും രാത്രിയിൽ പന്നി മറിക്കും. നായകളുടെ കുരയാണ് പന്നി എത്തുന്നതിന്റെ സിഗ്നൽ. പാട്ടകൊട്ടിയും ഒച്ചയുണ്ടാക്കിയും പന്നികളെ ഓടിക്കാൻ ഉറക്കമിളക്കുമെന്ന് ഹൃദ് രോഗിയായ ലീലാമണി. ആർക്കും ശുചിമുറികളില്ല. സമീപത്തെ കുറ്റിക്കാടുകളുകളാണ് ആശ്രയം. എല്ലാവർക്കും കിണറില്ല.
കുടിലുകളിൽ വിറക് അടുപ്പ് പുകയണമെങ്കിൽ മൂന്നര കിലോമീറ്റർ അകലെ വരെ നടന്നുപോയി സാധനങ്ങൾ വാങ്ങണം. ആശുപത്രിയിൽ പോകാൻ രാത്രിയിൽ ഓട്ടോറിക്ഷ വിളിച്ചാൽ ആരുംവരില്ല. രോഗിയെ ചുമന്ന് അത്രയും ദൂരം നടക്കണം.
മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാൻ ഒരു കിലോമീറ്ററിലേറെ അകലെയുള്ള വീട്ടുകാർ കനിയണം. എന്നും ചെല്ലുമ്പോൾ ചിലരുടെ മുഖം കറുക്കും. അപ്പുറത്തെ വീട്ടുകാർ സമ്മതിക്കും. എപ്പോഴും ഇങ്ങനെ പറ്റില്ലെന്ന് കടുപ്പിച്ചു പറയും. കൂലിപ്പണിക്കു പുറത്തു പോകുന്നവർ പണിസ്ഥലത്ത് മൊബൈൽ ചാർജ് ചെയ്യും.
സമരഭൂമിയിലെ ദുരിത ജീവിതം 15ാം വർഷം
2011ൽ താമസമാക്കിയ കുടുംബങ്ങൾ : 420
ഇപ്പോൾ ഉള്ളത് : 23
ഞങ്ങളെ ഇപ്പോൾ ആർക്കും വേണ്ട. എങ്ങനെ ജീവിക്കുന്നു എന്ന് ആരും തിരക്കാറില്ല. ഇതിലും ഭേദം ജയിലായിരുന്നു.
സമരഭൂമിയിലെ കുടുംബങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |