പുളിക്കീഴ് : പ്രായമായ സ്ത്രീയെയും മകളെയും വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും അപമാനിക്കുകയും ചെയ്ത കേസിൽ പ്രതിയെ പുളിക്കീഴ് പൊലീസ് അറസ്റ്റുചെയ്തു.
കടപ്ര പരുമല വാലുപറമ്പിൽ താഴ്ചയിൽ വീട്ടിൽ ജിജോ ജോസഫ് (39) ആണ് പൊലീസിന്റെ പിടിയിലായത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് കേസിന് ആസ്പദമായ സംഭവം. ജിജോയുടെ ബന്ധുവാണ് ആക്രമിക്കപ്പെട്ട സ്ത്രീയും മകളും. ജിജോ 2011ൽ തിരുവല്ല പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമകേസിലും പ്രതിയാണ്. അന്ന് ഇയാൾ തന്റെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ വച്ച് മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും എതിർത്ത് ബഹളം വച്ച പെൺകുട്ടി ഓട്ടോറിക്ഷയിൽ നിന്ന് വീണ് ബോധരഹിത ആവുകയും ചെയ്തിരുന്നു. അന്ന് ഇയാൾക്കെതിരെ മാനഭംഗശ്രമത്തിനും കൊലപാതകശ്രമത്തിനും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ ജാമ്യത്തിൽ ഇറങ്ങിയാണ് ഇപ്പോൾ ബന്ധുവായ സ്ത്രീയെയും മകളെയും ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തത്.
ഇയാൾ തിരുവല്ല, പുളിക്കീഴ്, മാവേലിക്കര പൊലീസ് സ്റ്റേഷനുകളിൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പുളിക്കീഴ് സബ് ഇൻസ്‌പെക്ടർ പ്രബോധ് ചന്ദ്രൻ, പൊലീസ് ഉദ്യോഗസ്ഥരായ സജിൽ, രഞ്ജു, അരുൺ ദാസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |