
പത്തനംതിട്ട : അടൂരിൽ സഹോദരനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരനെ തെരുവുനായ ആക്രമിച്ചത് കഴിഞ്ഞദിവസമാണ്. ഓമല്ലൂരിൽ മൂന്ന് വയസുള്ള പെൺകുഞ്ഞിനെ അടുക്കളയിലൂടെ വീട്ടിൽ കയറി തെരുവുനായ കടിച്ച് കുടഞ്ഞത് കഴിഞ്ഞ മാസവും. 2022ൽ തെരുവുനായയുടെ ആക്രമണത്തിൽ മരിച്ച അഭിരാമിയടക്കം തീരാനോവായി ഒരുപിടി സംഭവങ്ങളുണ്ടായിട്ടും ഇന്നും ജീവന് ഭീഷണിയായി തെരുവുനായകൾ നമുക്ക് ചുറ്റുമുണ്ട്. വഴിയോരത്തും കാത്തിരുപ്പ് കേന്ദ്രങ്ങളും നായകൾ കൈയടക്കിയിരിക്കുന്നു. സെന്റ് പീറ്റേഴ്‌സ് ജംഗ്ഷൻ, സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകൾ, സ്റ്റേഡിയം ജംഗ്ഷൻ, അബാൻ ജംഗ്ഷൻ, റിംഗ് റോഡ് തുടങ്ങി പത്തനംതിട്ട നഗരത്തിലെ എല്ലാസ്ഥലവും തെരുവുനായ്കളുടെ പിടിയിലാണ്. കോഴഞ്ചേരി സ്റ്റാൻഡിലും സമീപത്തെ കെട്ടിടത്തിലും നായ്കളുടെ ശല്യം രൂക്ഷമാണ്. അടൂർ, പന്തളം, കോന്നി, തിരുവല്ല നഗരങ്ങളിലും സമാനസ്ഥിതി തന്നെ.
പ്രവർത്തനം തുടങ്ങാതെ എ.ബി.സി പ്രോജക്ട്
ജില്ലയിൽ എ.ബി.സി പദ്ധതിക്കായി പുളിക്കീഴിൽ കെട്ടിടം നിർമ്മാണം തുടങ്ങിയിട്ട് നാളുകളേറെയായി. പമ്പ ഷുഗർ ഫാക്ടറിയുടെ സ്ഥലത്ത് മൃഗാശുപത്രിയോട് ചേർന്നാണ് കെട്ടിടം നിർമ്മിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ഒരു കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം. എ.ബി.സി കേന്ദ്രം വന്നാൽ ജില്ലയിലെ തെരുവുനായ്കളെ വന്ധ്യകരിച്ച് എണ്ണം നിയന്ത്രിക്കാനാകും. പദ്ധതി വൈകുന്നതോടൊപ്പം തെരുവുനായ്കളുടെ എണ്ണവും വർദ്ധിക്കുകയാണ്. 40 സെന്റ് സ്ഥലത്താണു കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നിർമ്മിയ്ക്കുന്നത്. രണ്ടുനിലകളിലായി 2800 ചതുരശ്ര അടിയിൽ പണിയുന്ന കെട്ടിടത്തിൽ മൂന്ന് ആധുനിക ഓപ്പറേഷൻ തീയറ്ററുകളുണ്ടാകും. ശസ്ത്രക്രിയയ്ക്കു മുൻപും ശേഷവും മൃഗങ്ങളെ പരിചരിക്കാനുള്ള പ്രത്യേകം മുറികളും ഒരുക്കും.
ജില്ലയിലെ തെരുവു നായ്ക്കൾ - 75,000
(2019ലെ കണക്കുപ്രകാരം)
നിലവിൽ എണ്ണത്തിൽ 30 മുതൽ 60 ശതമാനം വരെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
കുട്ടികളെ സ്കൂളിൽ വിടാൻ പോലും ഭയമാണ്. സ്കൂളിനകത്തുവരെ നായ്ക്കൾ ആണ്. വീട്ടിനകത്തും രക്ഷയില്ലാത്ത അവസ്ഥ. വന്ധ്യകരണവും നടക്കുന്നില്ല.
സൈമൺസ്കൂൾ ഓട്ടോ ഡ്രൈവർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |