SignIn
Kerala Kaumudi Online
Saturday, 22 August 2026 3.29 AM IST

ഒാണമെത്തിയപ്പോൾ വാഴയിലയ്ക്ക് വിലകൂടി

v

പത്തനംതിട്ട : വാഴയിലയിൽ സദ്യ ഉണ്ണുന്നത് മലയാളിയുടെ പാരമ്പര്യത്തിന്റെയും അന്തസിന്റെയും കാര്യമാണ്. നൂറുകൂട്ടം വിഭവങ്ങളുണ്ടെങ്കിലും സദ്യ കെങ്കേമമാകണമെങ്കിൽ മലയാളിക്ക് വാഴയില തന്നെ വേണം. ഇലയിൽ സദ്യ കഴിക്കുമ്പോൾ വയറും മനസും നിറയുമെന്ന് മലയാളികൾ പറയും. എന്നാൽ ഇത്തവണ ഓണസദ്യ വാഴയിലയിൽ കഴിക്കണമെങ്കിൽ ചെലവേറും. ചിങ്ങം പിറന്നതോടെ വാഴയില വില കുതിച്ചുയരുകയാണ്. കഴിഞ്ഞമാസം വരെ അഞ്ച് രൂപയിൽ താഴെയായിരുന്ന ഒരു വാഴയിലയുടെ വില ഇപ്പോൾ പത്ത് രൂപയിലെത്തി. ഇരുപത് തൂശനിലയുള്ള ഒരു കെട്ടിന് 180 - 200 രൂപ നൽകണം. കഴിഞ്ഞ വർഷം ഒരു കെട്ടിന് നൂറ് രൂപയായിരുന്നു. വരും ദിവസങ്ങളിൽ വീണ്ടും വില ഉയരുമെന്ന് വ്യാപാരികൾ പറയുന്നു.

മഴക്കെടുതിയിൽ വാഴകൾ കൂട്ടത്തോടെ നശിച്ചതും ചിങ്ങം പിറന്നതോടെ വിവാഹം, ഓണ സത്കാരങ്ങൾ, ഗൃഹപ്രവേശം തുടങ്ങിയവ കൂടുകയും ചെയ്തതോടെ വാഴയിലയുടെ ഡിമാന്റും കൂടി. കഴിഞ്ഞ മിന്നൽ പ്രളയത്തിൽ 76.43 ഹെക്ടർ സ്ഥലത്തെ വാഴകൃഷിയാണ് ജില്ലയിൽ നശിച്ചത്. പേപ്പർ വാഴയിലകൾ വിപണിയിലുണ്ടെങ്കിലും ചിങ്ങത്തിലെ സദ്യവട്ടങ്ങൾക്ക് നാടൻ വാഴയില തന്നെ വേണം. തമിഴ്നാട്, കർണാടക തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് ഇപ്പോൾ ഇല എത്തുന്നത്.

വരുന്നത് കർണാടകയിൽ നിന്ന്

കഴിഞ്ഞ ദിവസങ്ങളിൽ വരെ പെരുമ്പാവൂർ, പിറവം, തിരുവാണിയൂർ മേഖലയിൽ നിന്ന് പത്തനംതിട്ടയിൽ വാഴയില എത്തിയിരുന്നു. ഒാണക്കാലമായതോടെ ഇവിടെനിന്നുള്ള വരവ് കുറഞ്ഞു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്ക് കൂടുതൽ വാഴയിലകൾ വന്നിരുന്നു. . തമിഴ്നാട്ടിലെ മേട്ടുപ്പാളയം, കോയമ്പത്തൂർ, കമ്പം എന്നിവിടങ്ങളാണ് വാഴയില വ്യാപാരത്തിന്റെ പ്രധാന കേന്ദ്രങ്ങൾ. പക്ഷേ ഇവിടെയും ക്ഷാമമാണ്. ഇപ്പോൾ മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് ഇലകൾ വരുന്നത്. . ഇതാണ് വില വർദ്ധനവിന് കാരണം. തമിഴ്നാട്ടിൽ നിന്നു വരുന്ന നല്ല നിറവും വീതിയുമുള്ള തേൻ വാഴയിലയ്ക്കും ഞാലിപ്പൂവൻ ഇലയ്ക്കുമാണ് വില കൂടുതൽ. കണ്ണൻ, പാളയംകോടൻ ഇലകൾക്കും വിപണിയിൽ നല്ല ഡിമാൻഡാണ്. ഇവയുടെ വരവ് വലിയതോതിൽ കുറഞ്ഞിട്ടുണ്ട്.

വാഴയില വില ഇങ്ങനെ.

ഞാലിപ്പൂവൻ ഒരു കെട്ട് (20 എണ്ണം) : 200 രൂപ

തമിഴ്നാട് തേൻ വാഴയില (20 എണ്ണം) : 200 രൂപ

പാളയംകോടൻ (20 എണ്ണം) : 190

കണ്ണൻ (20 എണ്ണം) : 190

(20 എണ്ണം) റോബസ്റ്റ : 180

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL