തിരുവനന്തപുരം: നഗരത്തിൽ ആട്,മാട് മാംസ വില്പനയ്ക്ക് ലൈസൻസ് ഏർപ്പെടുത്തുന്നു. കോർപ്പറേഷന്റെ കുന്നുകുഴിയിലെ അറവുശാല സജ്ജമായ സാഹചര്യത്തിലാണിത്.ആടുകളുടെയും മാടുകളുടെയും മാംസം ഭക്ഷ്യയോഗ്യമാണെന്ന് പരിശോധിച്ച് ഉറപ്പാക്കി വിപണിയിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.ഇതിനായി മാംസവ്യാപാരികളുടെ യോഗം ഉടൻ ചേരും.
മാടുകളെ കശാപ്പ് ചെയ്യാൻ 1500 രൂപയും,ആടുകൾക്ക് 300 രൂപയും മാംസ വ്യാപാരികളിൽ നിന്ന് ഈടാക്കും.ആടുകളെയും മാടുകളെയും കോർപ്പറേഷന്റെ അറവുശാലയിലെത്തിച്ച് പരിശോധന പൂർത്തിയാക്കി,കശാപ്പ് ചെയ്ത് തുടർപരിശോധന നടത്തി കച്ചവടക്കാർക്ക് കൈമാറും.
അറവുശാലയുടെ പ്രവർത്തനവും പരിപാലനത്തിന്റെയും ചുമതലയും 10 വർഷത്തേയ്ക്ക് എം.ആർ ഫാംസ് എന്ന സ്ഥാപനത്തിനാണ്.കശാപ്പിന് മുമ്പ് മൃഗങ്ങളെ പാർപ്പിക്കുന്നതിനായി പ്രത്യേക ലെയറേജ് സൗകര്യവുമുണ്ട്.
മൃഗങ്ങളെ വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ആന്റെമോർട്ടത്തിന് ശേഷം കശാപ്പ് ചെയ്യും.തുടർന്ന് പോസ്റ്റുമോർട്ടത്തിന് വിധേയമാക്കും. മാംസം ശുചിയായി വേർതിരിക്കാനും സൂക്ഷിക്കാനും പ്രത്യേക സംവിധാനങ്ങളും ശീതീകരണ സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.മാലിന്യ സംസ്‌കരണത്തിനായി ബയോഗ്യാസ് പ്ലാന്റും ആധുനിക എഫ്ലുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റും സജ്ജീകരിച്ചിട്ടുണ്ട്.അവശിഷ്ട മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിച്ച് മത്സ്യങ്ങൾക്കുള്ള തീറ്റ,വളം തുടങ്ങിയ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള സംവിധാനവും ഇവിടെയുണ്ട്.
ഒരു ദിവസം 75 ആടുകളെയും 50 മാടുകളെയും കശാപ്പ് ചെയ്യാൻ ശേഷിയുള്ള സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്
ട്രയൽ റൺ വിജയം,
പ്രവർത്തനോദ്ഘാടനം ഉടൻ
ബയോഗ്യാസ് പ്ലാന്റിലെ തകരാറുകളും എഫ്ലുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സൗകര്യങ്ങളുടെ അഭാവവും കാരണമാണ്,കുന്നുകുഴിയിലെ പഴയ അറവുശാല 2018ൽ മലിനീകരണ നിയന്ത്രണ ബോർഡ് അടച്ചുപൂട്ടിയത്.ഇഴഞ്ഞുനീങ്ങിയ നിർമ്മാണത്തിനൊടുവിൽ കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് തദ്ദേശമന്ത്രി നിർമ്മാണോദ്ഘാടനം നടത്തി. എന്നാൽ വൈദ്യുതിയുൾപ്പെടെ ലഭ്യമായിരുന്നില്ല.ഇപ്പോഴത്തെ കോർപ്പറേഷൻ ഭരണസമിതിയുടെ നേതൃത്വത്തിലാണ് വൈദ്യുതിയുൾപ്പെടെ ലഭ്യമാക്കി പ്രവർത്തന സജ്ജമാക്കിയത്. കഴിഞ്ഞ ആഴ്ചയാരംഭിച്ച ട്രയൽ റൺ വിജയകരമായതോടെ പ്രവർത്തനോദ്ഘാടനം ഉടൻ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |