
ശംഖുംമുഖം: ചരിത്രസ്മാരകമായ വലിയതുറ കടൽപ്പാലത്തിന് അടിയന്തരമായി സംരക്ഷണം നൽകിയില്ലെങ്കിൽ ഈ കാലവർഷത്തോടെ പാലം പൂർണമായും തകരും. പാലം രണ്ടായി വേർപെട്ട അവസ്ഥയിലാണ്. പാലത്തിന് ബലം നൽകുന്ന പില്ലറുകളും താഴ്ന്നുകൊണ്ടിരിക്കുന്നു. കടലാക്രമണം ശക്തമാകുന്നതോടെ പാലം പൂർണമായും തകരും. മുമ്പുണ്ടായ കടലാക്രമണത്തിൽ പാലവും കരയുമായുള്ള ബന്ധം പുനഃസ്ഥാപിച്ചിരുന്നെങ്കിലും അന്ന് പാലത്തിന്റെ പില്ലറുകൾ ബലപ്പെടുത്തിയില്ല. ഇതാണ് പാലം രണ്ടായി വേർപെടാൻ കാരണം.
2007ൽ ഹാർബർ എൻജിനിയറിംഗ് ഡിപ്പാർട്ട്മെന്റ് പാലത്തിൽ പുനർനിർമ്മാണത്തിനായി 19.5 കോടിയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. പാലത്തിലൂടെ പാസഞ്ചർ ടെർമിനലിന്റെ നിർമ്മാണത്തിനായുള്ള പാരിസ്ഥിതിക ആഘാതപഠനത്തിനായി സർക്കാരിൽ നിന്ന് അംഗീകാരം നേടി. ഇതിനായി 15 ലക്ഷം രൂപയുടെ ഫണ്ടും അനുവദിച്ചു.
മാതൃക ബ്രൈട്ടൺ വെസ്റ്റ് പാലം
ഇംഗ്ളണ്ടിലെ ബ്രൈട്ടൺ വെസ്റ്റ് പാലത്തിനെ മാതൃകയാക്കിയാണ് പദ്ധതികൾ പ്രഖ്യാപിച്ചത്. 1975ൽ നടന്ന രണ്ട് തീപിടിത്തങ്ങളും തുടർച്ചയായ മഞ്ഞുവീഴ്ചയും മൂലം ബ്രൈട്ടൺ പാലത്തിന് കേടുപാടുകൾ പറ്റിയതോടെ പാലം അടച്ചുപൂട്ടി. പിന്നീട് 1986ൽ പഴയ പാലത്തിന്റെ സൗന്ദര്യം ചോരാതെ അതിനെ ബലപ്പെടുത്തി ടൂറിസ്റ്റ് സെന്ററാക്കി. ഇൗ മാതൃക മുൻ നിറുത്തിയാണ് പാലത്തിന്റെ നവീകരണ പദ്ധതികൾ തുറമുഖ വകുപ്പ് പ്രഖ്യാപിച്ചത്.
കാറ്റിൽ പറന്ന പ്രഖ്യാപനങ്ങൾ
മുൻമന്ത്രിമാരായിരുന്ന ആന്റണിരാജു,അഹമ്മദ് ദേവർകോവിൽ എന്നിവർ പാലത്തിന്റെ ശോചനീയാവസ്ഥ നേരിൽക്കണ്ട് പാലത്തിന്റെ അവസ്ഥ വിലയിരുത്തിയിരുന്നു. അന്ന് കേടുപാടുകൾ സംഭവിച്ച പില്ലറുകളുടെ പുനർനിർമ്മാണം ആറുമാസത്തിനുള്ളിൽ അടിയന്തരമായി പൂർത്തിയാക്കി പാലം സഞ്ചാരയോഗ്യമാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശവും നൽകി. ഇതിന് പിന്നാലെയാണ് പാലം രണ്ടായി വേർപെട്ടത്.
കപ്പൽ ദുരന്തത്തിന്റെ സ്മാരകം
വലിയതുറയിൽ ആദ്യമുണ്ടായിരുന്ന ഇരുമ്പ് പാലം 1947 നവംബർ 23ന് കപ്പൽ ഇടിച്ച് തകർന്നിരുന്നു. പിന്നീട് 1956 ഒക്ടോബറിൽ ഒരു കോടി 10 ലക്ഷം രൂപ ചെലവിൽ 703 അടി നീളത്തിലും 24 അടി വീതിയിലും നിർമ്മിച്ച ചരിത്രസ്മാരമായ കടൽപ്പാലമാണ് നിലവിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |