
തിരുവനന്തപുരം: മഴക്കാല രോഗങ്ങൾക്കെതിരെ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ജില്ലാകളക്ടർ അനുകുമാരി കർശന നിർദ്ദേശം നൽകി
കൊതുകിന്റെ ഉറവിട നശീകരണത്തിനായി എല്ലാ വെള്ളിയാഴ്ചയും സ്‌കൂളുകളിലും, ശനിയാഴ്ചകളിൽ പൊതുസ്വകാര്യ മേഖലകളിലെ തൊഴിലിടങ്ങളിലും ഡ്രൈ ഡേ ആചരിക്കണം. സ്ഥാപനങ്ങളുടെ അകവും പുറവും പരിശോധിച്ച് വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. വകുപ്പ് മേധാവികൾ ആഴ്ചതോറുമുള്ള അവലോകന യോഗത്തിൽ ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
സ്‌കൂൾ ഗ്രൗണ്ടിലും പരിസരത്തും മലിനജലം കെട്ടിക്കിടക്കാൻ അനുവദിക്കരുത്.കുട്ടികൾ ഇത്തരം വെള്ളത്തിൽ കളിക്കുന്നില്ലെന്ന് അദ്ധ്യാപകർ ഉറപ്പാക്കണം.സ്‌കൂൾ പരിസരങ്ങളിലെ തട്ടുകടകളിൽ പരിശോധന ശക്തമാക്കാൻ ആരോഗ്യ തദ്ദേശസ്ഥാപനങ്ങൾക്കും കളക്ടർ നിർദ്ദേശം നൽകി.
വൈദ്യസഹായം തേടണം
ഡെങ്കിപ്പനി,എലിപ്പനി തുടങ്ങിയ രോഗങ്ങളുടെ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയരുത്.പനി,തലവേദന,പേശി വേദന,കണ്ണിന് പുറകിൽ വേദന,ശരീരത്തിൽ ചുവന്ന പാടുകൾ തുടങ്ങിയ ഡെങ്കിപ്പനി ലക്ഷണങ്ങളോ,പനിക്ക് പുറമെ കാലുകളിലെ പേശികളിൽ കടുത്ത വേദന,കണ്ണിന് ചുവപ്പ് അല്ലെങ്കിൽ മഞ്ഞനിറം,മൂത്രത്തിന്റെ അളവ് കുറയൽ തുടങ്ങിയ എലിപ്പനി ലക്ഷണങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണം.
സ്‌കൂളുകൾക്കുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ
സ്‌കൂളുകളിലെ കിണറുകൾ,വാട്ടർ ടാങ്കുകൾ എന്നിവ അടിയന്തരമായി ക്ലോറിനേഷൻ ചെയ്യണം.
ബാക്ടീരിയകളുടെ സാന്നിദ്ധ്യമില്ലെന്ന് ഉറപ്പാക്കാൻ ജലസാമ്പിളുകൾ പരിശോധിക്കണം.
കുട്ടികൾക്ക് തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ സ്‌കൂളിൽ നിന്ന് നൽകാവൂ
കുട്ടിളോട് വീട്ടിൽ നിന്ന് തിളപ്പിച്ച വെള്ളം കുപ്പികളിൽ കൊണ്ടുവരാൻ നിർദ്ദേശിക്കണം
ഭക്ഷണം പാകം ചെയ്യുന്ന ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധം
പാചകത്തിനും പാത്രങ്ങൾ കഴുകാനും ക്ലോറിനേറ്റ് ചെയ്ത വെള്ളം മാത്രം ഉപയോഗിക്കണം
പഴകിയതോ തുറന്നുവച്ചതോ ആയ ഭക്ഷണങ്ങൾ കുട്ടികൾക്ക് നൽകരുത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |