
പുനലൂർ: വീട്ടുവഴക്കിനിടെ, മർദ്ദനത്തെത്തുടർന്ന് വൃദ്ധ മരിച്ച സംഭവത്തിൽ മരുമകനായ 60കാരൻ പിടിയിൽ. പുനലൂരിൽ ഹൈസ്കൂൾ ജംഗ്ഷൻ ദർഭവിള വീട്ടിൽ സെയ്‌തും ബീവിയാണ് (70) മരിച്ചത്. ഇതേ വീട്ടിൽ താമസിച്ചിരുന്ന ഉസ്മാനെ ഒരു മണിക്കൂറിനുള്ളിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകിട്ട് മൂന്നിനായിരുന്നു സംഭവം. ഉസ്മാനും ഭാര്യ ഹസീനയും തമ്മിൽ ഇന്നലെയും വഴക്കുണ്ടായി. ഇതിൽ ഇടപെട്ട സെയ്തുംബീവിയെ ഉസ്മാൻ കൈ കൊണ്ട് തലയ്ക്ക് ഇടിക്കുകയും നിലത്തിട്ട് നെഞ്ചിൽ ചവിട്ടുകയുമായിരുന്നുവത്രെ. അവശയായ സെയ്തുംബീവിയെ അയൽവാസികളുടെ സഹായത്തോടെ ഹസീന പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സെയ്തുംബീവിയുടെ ശരീരത്തിൽ മർദ്ദനത്തിന്റെ പാടുകൾ കണ്ടതോടെ ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു. അയൽവാസികളുമായി പൊലീസ് ബന്ധപ്പെട്ടപ്പോൾ സെയ്തുംബീവിയുടെ വീട്ടിൽ ബഹളം കേട്ടതായി വിവരം ലഭിച്ചു. ഇതോടെ പുനലൂർ എസ്.എച്ച്.ഒ ജെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുനലൂർ ഹൈസ്കൂൾ ജംഗ്ഷനിലെ വീട്ടിലെത്തി ഉസ്മാനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പൊലീസ് എത്തുമ്പോൾ സെയ്തുംബീവി മരിച്ച വിവരം ഉസ്മാൻ അറിഞ്ഞിരുന്നില്ല. പിന്നാലെ, സെയ്തുംബീവിയെ ഉസ്മാൻ മർദ്ദിച്ചതായി ഹസീന പൊലീസിന് മൊഴി നൽകി. നേരത്തെ തടിമില്ലുകളിൽ ജോലി ചെയ്തിട്ടുള്ള ഉസ്മാൻ ഏറെക്കാലമായി ജോലിക്കൊന്നും പോകുന്നില്ല. പുനലൂർ താലൂക്ക് ആശുപത്രിയിലെ ക്ലീനിംഗ് സ്റ്റാഫായ ഹസീനയുടെ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. നേരത്തെ അയൽസംസ്ഥാനങ്ങളിൽ ജോലി ചെയ്തിട്ടുള്ള ഉസ്മാൻ സ്ഥലം വിടാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് ഉടൻ തന്നെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |