തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിർമ്മാണത്തിനായി കൊണ്ടുവന്ന പൈലിംഗ് യന്ത്രം ഒന്നാമത്തെ പ്ലാറ്റ്ഫോമിലെ ട്രാക്കിലേക്ക് ചരിഞ്ഞതുമൂലം ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം ഏറെ നേരം തടസപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12.30ന് നിരവധി യാത്രക്കാർ പ്ലാറ്റ്ഫോമിലുണ്ടായിരുന്നപ്പോഴായിരുന്നു അപകടം. യന്ത്രം ട്രാക്കിലെ വൈദ്യുത ലൈനിൽ തട്ടിനിന്നു. തുടർന്നാണ് സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിലെ ട്രാക്കുകളിലൂടെയുള്ള ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടത്. എന്നാൽ മറ്റ് ട്രാക്കുകളിലൂടെ ട്രെയിനുകൾ കടത്തിവിട്ടു.
റെയിൽവേയുടെ പുതിയ കെട്ടിടം പണിയുന്നിടത്ത് കൊണ്ടുവന്ന പൈലിംഗ് യന്ത്രമാണ് ചതുപ്പിൽ പുതഞ്ഞ് ചരിഞ്ഞത്. യന്ത്രത്തിലെ കൈ പോലെയുള്ള ഭാഗം പ്ലാറ്റ്ഫോമിലേക്ക് പതിക്കാത്തതും ജോലിക്കാർ പെട്ടെന്ന് അതിൽ നിന്ന് ചാടിയിറങ്ങിയതിനാലും വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കില്ല.
ട്രാക്കിന് മുകളിലെ ലൈനുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചശേഷം പ്ലാറ്റ്ഫോമിലുണ്ടായിരുന്ന യാത്രക്കാരെ ഉൾപ്പെടെ ഒഴിപ്പിച്ചു. അരമണിക്കൂറിനകം മറ്റൊരു ഹൈഡ്രോളിക് ക്രെയിനെത്തിച്ച് പൈലിംഗ് യന്ത്രം ട്രാക്കിൽ നിന്ന് ഉയർത്തിയെങ്കിലും ചതുപ്പിൽ പുതഞ്ഞതിനാൽ സാധാരണഗതിയിലാക്കാൻ മണിക്കൂറുകളോളം നീണ്ട പരിശ്രമം വേണ്ടിവന്നു. അറ്റകുറ്റപ്പണി നടത്തിയശേഷം രാത്രിയോടെയാണ് ഒന്ന്,രണ്ട് ട്രാക്കുകളിലൂടെയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്.
ഗതാഗതം തടസപ്പെട്ടില്ല: റെയിൽവേ
പൈലിംഗ് റിഗ്ഗിന്റെ ജിബാണ് (യന്ത്രക്കൈ പോലെയുള്ള ഭാഗം) ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ വശത്ത് സുരക്ഷയ്ക്കായി നൽകിയിട്ടുള്ള ബാരിക്കേഡുകളിലേക്ക് ചരിഞ്ഞത്. തുടർന്ന് ഒന്നാമത്തെ പ്ലാറ്റ്ഫോമിന്റെ ട്രാക്കിന് മുകളിലുള്ള ലൈനിലെ വൈദ്യുതി വിച്ഛേദിച്ച് മുൻകരുതൽ സ്വീകരിക്കുകയായിരുന്നു. ഈ സമയം 2 മുതൽ 5 വരെയുള്ള പ്ലാറ്റ്ഫോമുകളിലെ ട്രാക്കുകളിലൂടെ ട്രെയിൻ സർവീസുകൾ നിയന്ത്രിച്ചു. ഒരു ഘട്ടത്തിലും യാത്രക്കാർക്കോ ട്രെയിൻ സർവീസുകൾക്കോ ഒരു തടസവുമുണ്ടായില്ല, ഒന്ന്,രണ്ട് ട്രാക്കുകളിൽ സർവീസുകൾ വളരെ കുറവായിരുന്ന ഉച്ചസമയത്താണ് അപകടമെന്നതിനാൽ ട്രെയിൻ ഗതാഗതം തടസമുണ്ടായില്ലെന്നും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |