SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.51 AM IST

കൊച്ചുകരിക്കകം പാലം തകർച്ചാഭീഷണിയിൽ

photo-2

പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ കൊച്ചുകരിക്കകം പാലത്തിന്റെ പുനർനിർമ്മാണത്തിനും ഭൂമി ഏറ്റെടുക്കലിനുമായി 5.22 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ ആരംഭിച്ചത് 2026 ഫെബ്രുവരി 26നാണ്. 2024 ഒക്ടോബർ 17നാണ് 5.22 കോടി രൂപക്കുള്ള ഭരണാനുമതി ലഭിച്ചത്.

എന്നാൽ നാളിതുവരെ പ്രവ‌ർത്തനങ്ങളൊന്നും നടന്നില്ലെന്നു മാത്രമല്ല, പാലം കൂടുതൽ അപകടാവസ്ഥയിലുമായി.

ആകെ വീതി കുറഞ്ഞതാണ് പാലോട് വിതുര പെരിങ്ങമ്മല റോഡിലെ കൊച്ചുകരിക്കകം പാലം. ലക്ഷങ്ങൾ ചെലവിട്ട് പാലം നവീകരിച്ചിട്ട് നാല് മാസമേ ആയിട്ടുള്ളൂ. ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ പാലം ഏതു നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്.

പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിൽ

മലയോര ഹൈവേ പദ്ധതിയിലുൾപ്പെടുത്തി കൊച്ചുകരിക്കകം പാലം പുനർനിർമ്മിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ പാലത്തിന്റെ കൈവരികൾ മാത്രം മാറ്റി തട്ടിക്കൂട്ട് നവീകരണമാണ് ചെയ്തത്. തുടർന്ന് മാദ്ധ്യമങ്ങളുടെ ഇടപെടലിലൂടെയാണ് തുക അനുവദിച്ചത്. മലയോര ഹൈവേയുടെ നാലാം റീച്ചിൽ ഉൾപ്പെടുന്നതാണ് കൊച്ചുകരിക്കകം പാലം. വിതുര,പെരിങ്ങമ്മല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മലയോരഹൈവേയിലെ ഏറ്റവും പ്രധാനപ്പെട്ട പാലമാണിത്. ഒരുവാഹനത്തിന് കഷ്ടിച്ച് പോകാൻ ഇടമുള്ള ഈ പാലം മലയോരഹൈവേയിലെ ദുരന്തമാകുമെന്ന് തുടക്കത്തിൽ ആക്ഷേപമുയർന്നിരുന്നു.

പാലം അപകടാവസ്ഥയിൽ

പഴയപാലം പൊളിച്ചുമാറ്റി പുതിയപാലം നിർമ്മിക്കുമെന്നാണ് പൊതുമരാമത്ത് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ മലയോര ഹൈവേ നിർമ്മാണം തുടങ്ങി 9 വർഷം പിന്നിടുമ്പോൾ പുതിയ പാലത്തെക്കുറിച്ച് അധികൃതർക്ക് മിണ്ടാട്ടമില്ല. അടിത്തറ പൊളിഞ്ഞ പാലം ഏതുനിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്.

മലയോര ഹൈവേ നിർമ്മാണമാണ് പാലത്തിന്റെ തകർച്ച പൂർണമാക്കിയത്. പാലത്തിന്റെ അസ്ഥിവാരം തകർന്നു. ഇരുചക്രവാഹനയാത്രികർ അപകടത്തിൽപ്പെടുന്നത് ഇവിടെ പതിവാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL