
വെഞ്ഞാറമൂട്: വെമ്പായം ജംഗ്ഷനിലെ ബാറിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിനിടെ പെട്രോളൊഴിച്ച് തീകത്തിച്ചതിനെ തുടർന്ന് പൊള്ളലേറ്റവരിൽ ഒരാൾ മരിച്ചു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്ന വെമ്പായം കാരംകോട് കുട്ടതട്ടി നവാസ് മൻസിലിൽ നവാസാണ്(34) ഇന്നലെ ഉച്ചയോടെ മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. തീ കൊളുത്തിയ അനീഷ്,നന്നാട്ട്കാവ്,കന്യാകുളങ്ങര സ്വദേശികളായ ശ്യാം,നൗഥൽ,റിയാസ്,അരുൺ എന്നിവരും പൊള്ളലേറ്റ്
ചികിത്സയിലാണ്. അനീഷിനും നവാസിനും 80 ശതമാനത്തിലേറെ പൊള്ളലേറ്റു.
മദ്യപിക്കുന്നതിനിടെ നവാസിന്റെ കൂടെയുള്ളവരും അനീഷും തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തർക്കത്തിന് പിന്നാലെ പുറത്തുപോയ അനീഷ് അല്പസമയം കഴിഞ്ഞ് കന്നാസിൽ പെട്രോളുമായെത്തി എതിർസംഘത്തിന് നേരെ പെട്രോളൊഴിച്ച ശേഷം ലൈറ്റർ തെളിക്കുകയായിരുന്നു. ഇതോടെ അനീഷിന്റെ ദേഹത്തും അടുത്തുണ്ടായിരുന്ന റിയാസിന്റെ ദേഹത്തും തീപടർന്നു. പിന്നാലെയാണ് മറ്റുള്ളവരുടെ ദേഹത്ത് തീപിടിച്ചത്.
തീ പടർന്നതോടെ ബാറിലുണ്ടായിരുന്ന മറ്റുള്ളവർ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. സംഭവസമയം 20ലധികം പേർ എ.സി ബാറിലുണ്ടായിരുന്നു. പെട്രോൾ ആക്രമണത്തെത്തുടർന്ന് ബാറിൽ തീ ആളിപ്പടരുകയും ഹാളിലെ മേശകൾ,കസേരകൾ, എ.സി,ഫാൻ തുടങ്ങിയ മുഴുവൻ ഉപകരണങ്ങളും കത്തിനശിക്കുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ വെഞ്ഞാറമൂട് പൊലീസും നെടുമങ്ങാട് അഗ്നിരക്ഷാ സേനയും ചേർന്നാണ് തീനിയന്ത്രണ വിധേയമാക്കുകയും പൊള്ളലേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തത്.
നവാസിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അനീഷും എതിർസംഘത്തിലുള്ളവരും തമ്മിൽ മുൻ വൈരാഗ്യമുണ്ടോ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഫോട്ടോ: മരിച്ച നവാസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |