വിതുര: നെടുമങ്ങാട് - തിരുവനന്തപുരം റൂട്ടിൽ രാവിലെയും വൈകിട്ടും യാത്രാക്ലേശം വർദ്ധിക്കുന്നതായി പരാതി. വിതുര ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്ക് അനവധി സർവീസുകളുണ്ടെങ്കിലും യാത്രാദുരിതത്തിന് പരിഹാരമാകുന്നില്ലെന്ന് സ്ഥിരം യാത്രക്കാർ പറയുന്നു. മുമ്പ് നിരവധി സർവീസുകൾ നടത്തിയിരുന്ന ഇവിടെ കൊവിഡ് ലോക്ഡൗണോടുകൂടിയാണ് നിറുത്തലാക്കിയത്. ഇതിൽ മിക്ക സർവീസും പിന്നീട് ആരംഭിച്ചിട്ടില്ല.
തമ്പാനൂർ ഡിപ്പോയിൽ നിന്ന് രാവിലെ 6.50നുള്ള വിതുര ചാത്തൻകോട് ഓർഡിനറി ബസ് കഴിഞ്ഞാൽ പിന്നെ ബസ്സുള്ളത് 8മണിക്കത്തെ പൊൻമുടി സർവീസാണ്. യാത്രക്കാരുടെ തിക്കും തിരക്കും കാരണം പൊൻമുടി ബസിൽ കയറാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ. വൈകിട്ടത്തെ അവസ്ഥയും വിഭിന്നമല്ല. വിതുരയിലേക്ക് പോകുന്ന ബസുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
സൂചികുത്താൻ ഇടമില്ല
പ്രിയദർശിനി സർവീസ് ആരംഭിച്ചതോടെയാണ് പൊൻമുടിയിലേക്കുള്ള ബസുകളിൽ തിരക്ക് വർദ്ധിച്ചത്. വിതുര ഡിപ്പോയിൽ നിന്ന് തന്നെ ആളുകളുമായി നിറഞ്ഞ് പോകുന്ന വണ്ടിയിൽ പിന്നെ വഴിയിൽനിന്ന് ആർക്കും കയറാൻ കഴിയില്ല. അത്രയും തിരക്കാണ് ആനുഭവപ്പെടുന്നത്.
നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് വൈകുന്നേരങ്ങളിൽ വിതുര,പൊൻമുടി,കല്ലാർ,ജഴ്സിഫാം,പേപ്പാറ,ബോണക്കാട് മേഖലകളിലേക്ക് പുറപ്പെടുന്ന ബസുകളിലും കയറിപ്പറ്റണമെങ്കിൽ ഇടിയും തൊഴിയും കൊള്ളണം. മാത്രമല്ല തിരക്ക് മൂലം വിദ്യാർത്ഥികൾക്ക് നിശ്ചിതസമയത്തിനുള്ളിൽ വീടെത്താനും കഴിയാറില്ല.
ആവശ്യങ്ങൾ ഇങ്ങനെ
വിതുര നെടുമങ്ങാട് റൂട്ടിൽ കൂടുതൽ ചെയിൻ സർവീസ് അനുവദിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തം
നെടുമങ്ങാട്, തിരുവനന്തപുരം വിതുര ഡിപ്പോകളിൽ നിന്ന് വിതുര തിരുവനന്തപുരം റൂട്ടിൽ കൂടുതൽ സർവീസുകൾ നടത്തണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |