SignIn
Kerala Kaumudi Online
Sunday, 09 August 2026 3.52 AM IST

ഇടവ തോട്ടുംമുഖം കമ്മ്യൂണിറ്റി ഹാൾ പരിപാലനമില്ലാതെ

edava-communitty-hall

വർക്കല: ഇടവ തോട്ടുംമുഖം അംബേദ്കർ ഗ്രാമം കമ്മ്യൂണിറ്റി ഹാൾ അധികൃതരുടെ അനാസ്ഥമൂലം നശിക്കുന്നതായി പരാതി. ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച പൊതുസൗകര്യം ഫലപ്രദമായി ഉപയോഗിക്കാതെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.

കഴിഞ്ഞ 31 വർഷത്തിനിടെ രണ്ട് വിവാഹങ്ങൾ മാത്രമാണ് ഇവിടെ നടന്നതെന്ന് പ്രദേശവാസികൾ പറയുന്നു. അവസാനമായി വിവാഹം നടന്നത് 18 വർഷം മുമ്പാണ്.സമീപകാലത്ത് ഗ്രാമസഭകൾക്കും ചില കുടുംബശ്രീ യോഗങ്ങൾക്കും മാത്രമാണ് ഹാൾ ഉപയോഗിച്ചിട്ടുള്ളത്.ഹാളിനോടനുബന്ധിച്ചുള്ള ഓഫീസ് മുറികളും വർഷങ്ങളായി അടഞ്ഞുക്കിടക്കുകയാണ്.
പാവപ്പെട്ട കുടുംബങ്ങൾക്ക് കുറഞ്ഞ ചെലവിൽ വിവാഹം,വിവാഹനിശ്ചയം, കുടുംബസംഗമം തുടങ്ങിയവ നടത്താനുള്ള കേന്ദ്രമായി ഹാൾ ഉപയോഗിക്കാമായിരുന്നു. ഹാൾ ഉപയോഗയോഗ്യമാക്കിയാൽ പഞ്ചായത്തിന് തനത് വരുമാനവും കണ്ടെത്താനാകും. സ്വകാര്യ ചടങ്ങുകൾക്ക് ന്യായമായ വാടക നിശ്ചയിക്കുകയും ദരിദ്ര കുടുംബങ്ങൾക്ക് ഇളവ് അനുവദിക്കുകയും ചെയ്യാം. ഹാൾ എത്രയും വേഗം നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഉദ്ഘാടനം കഴിഞ്ഞത് - 1995ൽ

നിലവിലെ അവസ്ഥ

1) അറ്റകുറ്റപ്പണിയും പരിപാലനവുമില്ലാത്തതിനാൽ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങൾ നശിക്കുന്നു

2) മേൽക്കൂരയിൽ വർഷങ്ങളായി വളർന്നുനിൽക്കുന്ന മരങ്ങളും വേരുകളും കാരണം കെട്ടിടത്തിന് ബലക്ഷയം

3) ഹാളിന്റെ ഒരു ഭാഗം ഹരിതകർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്നു. പൊതുപരിപാടികൾക്കും ജനങ്ങളുടെ വിവിധ ആവശ്യങ്ങൾക്കുമായി നിർമ്മിച്ച കെട്ടിടം മാലിന്യസംഭരണ കേന്ദ്രമായി മാറിയത് ഭരണവീഴ്ചയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

നവീകരിക്കാൻ 20 ലക്ഷം

കമ്മ്യൂണിറ്റി ഹാൾ 20 ലക്ഷം രൂപ ചെലവിൽ നവീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു. പഞ്ചായത്തിന്റെ ആസ്തി സംരക്ഷണത്തിന്റെ ഭാഗമായാണ് ഹാൾ മോടി പിടിപ്പിക്കുന്നത്.ഇതിനുള്ള സംയുക്ത പ്രോജക്ട് നടപ്പ് വർഷത്തെ ആസൂത്രണ പദ്ധതിയിൽ വർക്കല ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷവും,ഇടവ ഗ്രാമപഞ്ചായത്ത് 10 ലക്ഷവുമാണ് വകയിരുത്തിയിട്ടുള്ളതെന്ന് ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ,വൈസ് പ്രസിഡന്റ് പി.സി.ബാബു എന്നിവർ അറിയിച്ചു.എം.സി.എഫായി ഇപ്പോൾ ഉപയോഗിക്കുന്നില്ല.എം.സി.എഫ് നിർമ്മിക്കുന്നതിന് സ്ഥലം വാങ്ങിയിട്ടുണ്ട്.കെട്ടിടം നിർമ്മിക്കുന്ന പണിയുടൻ ആരംഭിക്കും.

കമ്മ്യൂണിറ്റി ഹാൾ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി പ്രവർത്തന സജ്ജമാക്കണം.

ബിജു മായാ ദാസൻ,ബി.ജെ.പി

ഇടവ ഏരിയ ജനറൽ സെക്രട്ടറി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL