SignIn
Kerala Kaumudi Online
Thursday, 13 August 2026 2.45 AM IST

പെരുങ്ങുഴി റെയിൽവേ സ്റ്റേഷൻ അവഗണനയിൽ ...

railway-station-

ചിറയിൻകീഴ്: കൊവിഡ് കാലത്ത് നിറുത്തലാക്കിയ ട്രെയിൻ സർവീസുകൾ റെയിൽവേ പുനഃസ്ഥാപിച്ചിട്ടും പെരുങ്ങുഴി റെയിൽവേ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടായിരുന്നവ ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. പരാതിയും നിവേദനകളും വ്യാപകമായ സാഹചര്യത്തിലാണ് മൂന്ന് ട്രെയിനുകൾക്ക് ഘട്ടം ഘട്ടമായി സ്റ്റോപ്പ് അനുവദിച്ചത്. എന്നാൽ പാസഞ്ചർ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചില്ല. രാവിലെയുള്ള മധുര-പുനലൂർ ട്രെയിൻ,​ ഉച്ചയ്ക്ക് 2.40ന് തിരുവനന്തപുരത്തുനിന്ന് യാത്ര തുടരുന്ന നാഗർകോവിൽ-കോട്ടയം പാസഞ്ചർ ട്രെയിൻ എന്നിവ യാത്രാക്ലേശം രൂക്ഷമായ പെരുങ്ങുഴി നിവാസികൾക്ക് ആശ്വാസമായിരുന്നു. ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കാത്തതിനാൽ സ്റ്റേഷൻ വരുമാനത്തിൽ ഗണ്യമായ കുറവാണ്. കരാർ അടിസ്ഥാനത്തിലാണ് ഇവിടെ ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുന്നത്. വരുമാനം കുറഞ്ഞതിനെ തുടർന്ന് ടിക്കറ്റ് നൽകാൻ ആളില്ലാത്ത അവസ്ഥയും ഏറെക്കാലമായുണ്ട്. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ടിക്കറ്റ് കൗണ്ടർ പുനഃരാരംഭിച്ചത്. നിറുത്തലാക്കിയ ട്രെയിനുകൾക്ക് കൂടി സ്റ്റോപ്പ് പുനഃസ്ഥാപിച്ചാൽ മാത്രമേ ടിക്കറ്റുകളുടെ എണ്ണത്തിലും വർദ്ധനവുണ്ടാകു.

ഫുട് ഓവർ ബ്രിഡ്ജിന്റെ അപര്യാപ്തത

ഫുട് ഓവർ ബ്രിഡ്ജ് ഇല്ലാത്തത് കാരണം ഒരു പ്ലാറ്റ്ഫോമിൽ നിന്ന് മറ്റൊന്നിലെത്താൻ പ്ലാറ്റ്ഫോം ചുറ്റണം. അത്യാവശ്യഘട്ടങ്ങളിൽ യാത്രക്കാരിൽ പലരും പ്ലാറ്റ്ഫോം ചാടിക്കടന്നാണ് ട്രയിനിൽ കയറുന്നത്. ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകും. ഫുട് ഓവർ ബ്രിഡ്ജിന്റെ അപര്യാപ്തത കാരണം സ്ത്രീകളും വൃദ്ധരുമാണ് കൂടുതലും അനുഭവിക്കുന്നത്.

യാത്രക്കാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ടിക്കറ്റ് ഏജന്റ് തന്നെ ട്രെയിൻ വരുന്ന പ്ലാറ്റ്ഫോമിലെത്തി ടിക്കറ്റ് നൽകുന്ന രീതിയാണ് ഇപ്പോൾ തുടരുന്നത്. ഇത് പലപ്പോഴും പ്രായോഗികമല്ല. ഇവിടെ അടിയന്തര പ്രാധാന്യം നൽകി ഫുട് ഓവർ ബ്രിഡ്ജ് നിർമ്മിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL