
കല്ലമ്പലം: പകൽക്കുറി ഗവ.വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂളിൽ മോഷണം. തിങ്കളാഴ്ച രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.സ്‌കൂളിലെ ഐ.ടി ലാബ് കുത്തിത്തുറന്ന് കയറിയ മോഷ്ടാവ് ലാബിലുണ്ടായിരുന്ന ലാപ്പ്‌ടോപ്പ് കവർന്നു.
കൂടാതെ ലാബിലുണ്ടായിരുന്ന ഒരു പേഴ്സണൽ കമ്പ്യൂട്ടറടക്കം ഐ.ടി സാമഗ്രികൾ തറയിലെറിഞ്ഞ് നശിപ്പിച്ച നിലയിലായിരുന്നു. ശനിയും,ഞായറും സ്‌കൂളടഞ്ഞ് കിടന്നതിനാൽ എന്നാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല. പള്ളിക്കൽ പൊലീസും ഡോഗ് സ്‌ക്വാഡും ഫോറൻസിക് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.സ്‌കൂളിലെയും സമീപത്തെയും സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
സ്‌കൂളിൽ നിന്ന് എൽ.പി.എസിലേക്ക് പോകുന്ന മറ്റൊരു വഴിയിലൂടെയാകാം മോഷ്ടാവ് വന്നതും പോയതുമെന്നാണ് പൊലീസ് നിഗമനം. പൊലീസ് നായയും ഈ വഴി അല്പദൂരം ഓടി തിരികെയെത്തി. ഈ വഴിയിൽ ക്യാമറകളില്ലാത്തത് തലവേദനയാണ്. അതിനാൽ സ്‌കൂളിനെ പറ്റി ശരിക്കറിയാവുന്നയാളാകാം മോഷ്ടാവെന്നാണ് പൊലീസ് നിഗമനം. ദിവസങ്ങൾക്ക് മുമ്പ് ആയിരവല്ലി ഭാഗത്ത് സമാന രീതിയിൽ മോഷണം നടന്നിരുന്നു.
മുൻപ് പള്ളിക്കൽ സാമൂഹിക ആരോഗ്യകേന്ദ്രത്തിലും ഇതുപോലെ മോഷണം നടന്നിരുന്നു. ആ കേസിലും ഇതുവരെ പ്രതിയെ കണ്ടെത്തിയിട്ടില്ല. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.പി.മുരളി സ്കൂൾ സന്ദർശിച്ചു. പ്രദേശത്ത് സർക്കാർ ഓഫീസുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവരുന്ന ഒരു മാഫിയതന്നെ ഉണ്ടെന്നും,അന്വേഷണം ഊർജ്ജിതപ്പെടുത്തി പ്രതികളെ ഉടൻ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |