
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആനകൾക്കുള്ള ഒരു മാസം നീളുന്ന സുഖചികിത്സയ്ക്ക് തുടക്കം. പുന്നത്തൂർ ആനത്താവളത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം കൊമ്പൻ ജൂനിയർ വിഷ്ണുവിന് ഔഷധ ചോറുരുള നൽകി റവന്യൂ (ദേവസ്വം) സെക്രട്ടറി എം.ജി. രാജമാണിക്യം ഉദ്ഘാടനം നിർവഹിച്ചു.
ഗുരുവായൂർ ദേവസ്വം ആനകൾക്കുള്ള സുഖചികിത്സ ലോകത്തിനാകെ മാതൃകയാണെന്ന് എം.ജി. രാജമാണിക്യം പറഞ്ഞു. തുടർന്ന് കൊമ്പൻമാരായ വിനായകൻ, ഗോപീകൃഷ്ണൻ ഉൾപ്പെടെയുള്ള ആനകൾക്കും ഔഷധ ചോറുരുളകൾ നൽകി. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അദ്ധ്യക്ഷനായി.
ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി.സി. ദിനേശൻ നമ്പൂതിരിപ്പാട്, സി. മനോജ്, മനോജ് ബി. നായർ, എം.യു. ഷിനിജ, ജീവധനം വിദഗ്ദ്ധ സമിതി അംഗങ്ങളായ ഡോ. പി.ബി. ഗിരിദാസ്, ഡോ. എം.എൻ. ദേവൻ നമ്പൂതിരി, ഡോ. കെ.വിവേക്, ഡോ. യു. ഗിരീഷ്, ഡോ. വി. ശബരീനാഥ് എന്നിവർ സന്നിഹിതരായി.
സുഖചികിത്സ
ആരോഗ്യവും ഓജസും നേടി ചന്തമേറിയ ഗജവീരൻമാരായി മാറാനാണ് ദേവസ്വം ആനകൾക്ക് സുഖചികിത്സ. ആനകളുടെ ആരോഗ്യ സംരക്ഷണവും ഒപ്പം ശരീരപുഷ്ടിക്കും ഉപകരിക്കും വിധമുള്ള സമീകൃത ആഹാരമാണ് സുഖചികിത്സയുടെ ഭാഗമായി നൽകുന്നത്. ആനത്താവളത്തിലെ 35ൽ 17 ആനകൾ ഉദ്ഘാടനച്ചടങ്ങിൽ അണിനിരന്നു. സുഖചികിത്സ ഈ മാസം 30 വരെ തുടരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |