SignIn
Kerala Kaumudi Online
Saturday, 04 July 2026 4.25 AM IST

ആളുകയറാതെ ആകാശനടപ്പാത

d

 13 കോടി നോക്കുകുത്തി

തൃശൂർ: കാൽനടയാത്രികരുടെ സുരക്ഷയ്ക്കായി ശക്തൻ നഗറിൽ തൃശൂർ കോർപ്പറേഷൻ 13 കോടി രൂപ ചെലവിൽ നിർമ്മിച്ച ആകാശ നടപ്പാത നോക്കുകുത്തിയാകുന്നു. ആയിരക്കണക്കിന് ആളുകൾ നിത്യേന റോഡിന് കുറുകെ കടക്കുന്ന ഇവിടെ, നടപ്പാത ഉപയോഗിക്കുന്നത് നൂറിൽ താഴെ ആളുകൾ മാത്രം. ശക്തൻ സ്റ്റാൻഡ്,മീൻചന്ത,പച്ചക്കറി മാർക്കറ്റ് എന്നിവിടങ്ങളിലേക്കെത്താൻ സൗകര്യമായാണ് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ ഭരണസമിതി ആകാശപാത നിർമ്മിച്ചത്. കെ.എസ്.ആർ.ടി.സി റോഡ്,ഇക്കണ്ടവാരിയർ റോഡ്,ശക്തൻ റോഡ് എന്നിവ സംഗമിക്കുന്ന ഇവിടെ ഗതാഗതകുരുക്കും പതിവാണ്. ശക്തൻ മൈതാനത്തേക്ക് വാഹനങ്ങൾ പ്രവേശിക്കേണ്ടതിനാൽ ബാരിക്കേഡുകൾ വച്ച് റോഡ് പൂർണമായി മറയ്ക്കാനും കഴിയില്ല. ഇതോടെ യാത്രക്കാർ അപകടസാദ്ധ്യത അവഗണിച്ചാണ് റോഡ് മുറിച്ചുകടക്കുന്നത്.

 താത്പര്യം കുറഞ്ഞു; പരസ്യവരുമാനവും ഇല്ല
പുലർച്ചെ 5:30മുതൽ രാത്രി 9വരെ തുറന്നിടുന്ന ആകാശപ്പാതയിലേക്ക് യാത്രക്കാരെ കയറ്റാൻ ആദ്യഘട്ടത്തിൽ ട്രാഫിക് പൊലീസിനെ ഉപയോഗിച്ചിരുന്നു, ബോധവത്കരണ പരിപാടികളുമുണ്ടായിരുന്നു. നടപ്പാത വഴി പ്രതിവർഷം 1.36കോടി രൂപയുടെ പരസ്യവരുമാനം ലക്ഷ്യമിട്ടിരുന്നെങ്കിലും ആളുകയറാത്തതിനാൽ ആ പദ്ധതിയും നിലച്ച മട്ടാണ്.


 നടപ്പാതയിലേക്ക് യാത്രികരെ കയറ്റേണ്ടത് കോർപ്പറേഷന്റെയും പൊലീസിന്റെയും ഉത്തരവാദിത്വമാണ്. ആളുകൾക്ക് സുരക്ഷിതയാത്ര ഒരുക്കാൻ അധികൃതർ തയ്യാറാകണം.

എം.കെ.വർഗീസ്,​ മുൻ മേയർ

 നടപ്പാത കൂടുതൽ ജനകീയമാക്കാനുള്ള പ്രവർത്തനങ്ങൾ ആലോചനയിലുണ്ട്. കോർപ്പറേഷൻ ഭരണസമിതി ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും.

ഡോ.നിജി ജസ്റ്റിൻ, മേയർ, തൃശൂർ കോർപ്പറേഷൻ


ആകാശനടപ്പാത ഒറ്റനോട്ടത്തിൽ

ആകെ ചെലവ്: 13 കോടി
ആദ്യഘട്ട നിർമ്മാണം: 8കോടി
ശീതീകരണ സംവിധാനം: 50 ലക്ഷം
സോളാർ പ്ലാന്റ്: 38 ലക്ഷം

 അളവുകൾ
നീളം: 280 മീറ്റർ, വീതി: 3 മീറ്റർ
ഉയരം: റോഡിൽ നിന്ന് 6 മീറ്റർ (വൃത്താകൃതിയിൽ)

 സൗകര്യങ്ങൾ
4 ലിഫ്ടുകൾ, വീതിയേറിയ ഗോവണി


2018: ഭരണാനുമതി ലഭിച്ചു
2019 ഒക്ടോബർ: നിർമ്മാണം പൂർത്തിയായി
2023 ആഗസ്റ്റ്: ആദ്യഘട്ടം തുറന്നുകൊടുത്തു
2024 സെപ്തംബർ 27: രണ്ടാം ഘട്ടത്തിന് ശേഷം തുറന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL