SignIn
Kerala Kaumudi Online
Saturday, 04 July 2026 12.11 AM IST

'മരണക്കെണി'യായി മേച്ചേരി ബിൽഡിംഗ്‌

foto

ഒല്ലൂർ: തൃശൂർ കോർപ്പറേഷൻ പരിധിയിലുള്ള ഒല്ലൂർ സെന്ററിൽ 60 വർഷത്തിലധികം പഴക്കമുള്ള കെട്ടിടം ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിൽ. സെന്ററിൽ നിന്ന് മരത്താക്കര ഭാഗത്തേക്ക് തിരിയുന്ന വഴിയിലെ 'മേച്ചേരി ബിൽഡിംഗ് ' ആണ് യാത്രക്കാരുടെയും വ്യാപാരികളുടെയും ജീവന് ഭീഷണിയായി നിലകൊള്ളുന്നത്. കെട്ടിടത്തിന്റെ മുൻഭാഗം സംസ്ഥാന പാതയും മറുഭാഗം പി.ഡബ്ല്യു.ഡി റോഡുമാണ്. നൂറിലധികം ബസുകളും നൂറുകണക്കിന് സ്വകാര്യ വാഹനങ്ങളും നിത്യേന കടന്നുപോകുന്ന തിരക്കേറിയ പാതകളാണിത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടം പൂർണ്ണമായോ ഭാഗികമായോ നിലംപതിച്ചാൽ വൻ ദുരന്തമുണ്ടാകും. പൂർണ്ണമായും ദ്രവിച്ചുതുടങ്ങിയ ഈ കെട്ടിടം അടിയന്തരമായി പൊളിച്ചുനീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവിൽ ഈ കെട്ടിടത്തിൽ ബേക്കറി, ആയുർവേദ മരുന്നുകട, സ്റ്റുഡിയോ എന്നീ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ കെട്ടിടത്തിന്റെ മുകൾനിലയിൽ നിരവധി അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്നുമുണ്ട്. ഒല്ലൂർ വികസന പദ്ധതിയുടെ ഭാഗമായി ഈ കെട്ടിടത്തിലെ സ്ഥാപനങ്ങൾക്ക് മുൻപ് നഷ്ടപരിഹാരം നൽകിയിരുന്നെങ്കിലും പുനരധിവാസ നടപടികൾ ഇതുവരെ പൂർണ്ണാവസ്ഥയിൽ എത്തിയിട്ടില്ല. കോർപ്പറേഷൻ മേയറും എൻജിനീയറും കെട്ടിടം സന്ദർശിക്കുമെന്ന് കൗൺസിലർ അറിയിച്ചു.


ജീർണാവസ്ഥയിലുള്ളതും അപകടകരവുമായ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിൽ എതിർപ്പില്ല. എന്നാൽ ഇക്കാര്യത്തിൽ കൃത്യമായ പൊതുമാനദണ്ഡം പാലിക്കണം. കോർപ്പറേഷന്റെ അധീനതയിലുള്ള ജീർണ്ണിച്ച കെട്ടിടങ്ങൾക്കും ഈ നിയമം ഒരുപോലെ ബാധകമാക്കണം.

സുനിഷ് ജോൺസൺ (പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി, ഒല്ലൂർ)

ഒല്ലൂർ മേഖലയിൽ ജീർണാവസ്ഥയിലുള്ള നിരവധി കെട്ടിടങ്ങളുണ്ട്. ജനങ്ങളുടെ സുരക്ഷ മുൻനിറുത്തി ഇവയെല്ലാം സർക്കാർ അനുമതിയോടെ അടിയന്തരമായി പൊളിച്ചുനീക്കാൻ അധികൃതർ തയ്യാറാകണം.
വർഗീസ് കണ്ടംകുളത്തി (മുൻ ഡെപ്യൂട്ടി മേയർ)

വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിച്ച് കെട്ടിടം ഉടൻ തന്നെ പൊളിച്ചുനീക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുന്നതാണ്.
— പോളി ജോസ് (കൗൺസിലർ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL