
തൃശൂർ: കൊടിയേറ്റം കഴിഞ്ഞു. നാലോണം കളറാക്കാൻ തൃശൂരിലെ പുലിമടകളിൽ ഒരുക്കം തുടങ്ങി. ഇത്തവണ പുലിക്കളിയിൽ ഒമ്പത് ടീമുകളാണ് പങ്കെടുക്കുന്നത്. പുലിമുഖങ്ങളുടെയും പുലിവാലുകളുടെയും നിർമ്മാണത്തിന്റെ അവസാന മിനുക്കുപണിയിലാണ് ഓരോ ദേശവും. പുലികളി ആകർഷകമാക്കാൻ കുടവയറുള്ള പുലികളെ എത്തിക്കാനുള്ള ശ്രമത്തിലാണ് സംഘങ്ങൾ. കുട്ടിപ്പുലികളും പെൺപുലികളും ഇത്തവണയും കളത്തിലുണ്ടാകും. ഓരോ സംഘത്തിലും 35 മുതൽ 60 വരെ പുലികളെയാണ് പ്രതീക്ഷിക്കുന്നത്. നിശ്ചലദൃശ്യങ്ങളുടെ ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. അടുത്തവർഷം ഗിന്നസ് റെക്കാഡ് ലക്ഷ്യമിട്ടുള്ള പുലികളിയാണ് ലക്ഷ്യമെന്ന് കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ പറഞ്ഞു.
പങ്കെടുക്കുന്ന ടീമുകൾ
അയ്യന്തോൾ, കുട്ടൻകുളങ്ങര, സീതാറാം മിൽ, ചക്കാമുക്ക്, നായ്ക്കനാൽ, യുവജനസംഘം വിയ്യൂർ, ശങ്കരംകുളങ്ങര, പാട്ടുരായ്ക്കൽ, ഒളരിക്കര.
ധനസഹായത്തിൽ വർദ്ധന
പുലികളി സംഘങ്ങൾക്കുള്ള ധനസഹായം ഇത്തവണ കോർപ്പറേഷൻ വർദ്ധിപ്പിച്ചിട്ടുണ്ട്. ഓരോ ടീമിനും കഴിഞ്ഞ തവണ 3,12,500 രൂപയായിരുന്നത് മൂന്നര ലക്ഷമാക്കി. സംസ്ഥാന ടൂറിസം വകുപ്പ് 50,000 രൂപ വീതവും നൽകും. കേന്ദ്രസർക്കാർ എല്ലാ ടീമുകൾക്കുംകൂടി 25 ലക്ഷം നൽകും. കഴിഞ്ഞ തവണ കേന്ദ്രം പ്രഖ്യാപിച്ച തുക കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാത്തതുമൂലം ലഭിച്ചിരുന്നില്ല. തുടർന്ന് പുലികളി സംഘങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടാണ് തുക നൽകാൻ ഉത്തരവായത്. കഴിഞ്ഞ വർഷത്തെ തുക ഇന്ന് കളക്ടറേറ്റിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി കൈമാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |