SignIn
Kerala Kaumudi Online
Saturday, 22 August 2026 3.30 AM IST

ഭക്ഷ്യധാന്യ വിതരണത്തിൽ പ്രതിസന്ധി; കരാറുകാരന് സസ്‌പെൻഷൻ

തൃശൂർ: ജില്ലയിൽ റേഷൻ കടകളിലേക്കുള്ള വാതിൽപ്പടി ഭക്ഷ്യധാന്യ വിതരണം പാളുന്നു. തൃശൂർ താലൂക്കിൽ ഭക്ഷ്യസാധനങ്ങൾ കൃത്യമായി വിതരണം ചെയ്യാത്തതിനെ തുടർന്ന് കരാറുകാരനെ സസ്‌പെൻഡ് ചെയ്തു. ഇതോടെ ഭക്ഷ്യധാന്യങ്ങൾ നേരിട്ട് റേഷൻ കടകളിൽ എത്തിക്കുകയാണ്.

നിലവിലെ നിർദേശപ്രകാരം 15 ദിവസത്തിനുള്ളിൽ ഭക്ഷ്യസാധനങ്ങൾ എത്തിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, തൃശൂർ താലൂക്കിലെ റേഷൻ ധാന്യ വിതരണത്തിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഗുരുതരമായ ചട്ടലംഘനങ്ങളും ക്രമക്കേടുകളും നടക്കുന്നതായി പരാതിയുണ്ട്. ഇതാണ് കരാറുകാർക്ക് കൃത്യമായി സാധനങ്ങൾ എത്തിക്കാൻ കഴിയാത്തതിന് കാരണമെന്നാണ് ഇവരുടെ ആരോപണം. നിലവിൽ അന്യസംസ്ഥാന വാഹനങ്ങൾ ഉപയോഗിച്ചാണ് ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നത്.

റേഷൻ ധാന്യങ്ങൾ എത്തിക്കുന്ന വാഹനങ്ങളിൽ കൃത്യമായ ജി.പി.എസ് സംവിധാനം ഉണ്ടായിരിക്കണമെന്നും സപ്ലൈകോയുടെ വി.ടി.എഫ്.എം.എസ് പോർട്ടലിൽ വാഹനം രജിസ്റ്റർ ചെയ്തിരിക്കണമെന്നുമുള്ള നിർബന്ധിത സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിക്കാതെയാണ് നിലവിൽ വിതരണം നടക്കുന്നതെന്നും ആരോപണമുണ്ട്. പൊതുജനങ്ങൾക്ക് വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങൾ മണ്ണ് കയറ്റാൻ ഉപയോഗിക്കുന്ന ടിപ്പർ ലോറികളിൽ കയറ്റി അയയ്ക്കുന്നത് ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടുന്നു.

രാവിലെ ഒമ്പത് മുതൽ ഭക്ഷ്യധാന്യങ്ങൾ കയറ്റണമെന്നാണ് വ്യവസ്ഥയെങ്കിലും പത്തരയോടെയാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തൊഴിലാളികൾ കയറ്റുന്നതെന്നും ആരോപണമുണ്ട്. ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സുരക്ഷിതമായ ധാന്യവിതരണം ഉറപ്പാക്കണമെന്നും കേരള സ്റ്റേറ്റ് റേഷൻ റീടെയിൽ ഡീലേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL