
സ്വകാര്യ ബാങ്കുകളുടെ പലിശ മാർജിൻ കുറയുന്നു
നിക്ഷേപത്തിന് ചെലവേറി, വരുമാനം കുറഞ്ഞു
കൊച്ചി: വായ്പാ പലിശ കുറഞ്ഞതിനൊപ്പം നിക്ഷേപ സമാഹരണ ചെലവേറിയതോടെ രാജ്യത്തെ സ്വകാര്യ ബാങ്കുകളുടെ ലാഭമാർജിൻ ഇടിയുന്നു. വിപണിയിൽ മത്സരം ശക്തമായതോടെ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ബാങ്കുകൾ ഉയർന്ന പലിശ നൽകിയാണ് നിക്ഷേപങ്ങൾ ആകർഷിച്ചത്. ഇതോടൊപ്പം റിസർവ് ബാങ്ക് ധനനയത്തിന്റെ ചുവടുപിടിച്ച് ബാങ്കുകൾ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കുറയ്ക്കാനും നിർബന്ധിതരായി.
സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസക്കാലയളവിൽ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ അറ്റ പലിശ മാർജിൻ 0.13 ശതമാനം കുറഞ്ഞ് 3.4 ശതമാനമായി. ആക്‌സിസ് ബാങ്കിന്റെ പലിശ മാർജിൻ 0.16 ശതമാനം താഴ്ന്ന് 3.46 ശതമാനമായി. കോട്ടക് മഹീന്ദ്ര ബാങ്കിന്റെ അറ്റ പലിശ മാർജിൻ 0.12 ശതമാനം കുറഞ്ഞ് 4.53 ശതമാനമായി. അതേസമയം ഐ.സി.ഐ.സി.ഐ ബാങ്കും യെസ് ബാങ്കും പലിശ മാർജിൻ ഇക്കാലയളവിൽ മെച്ചപ്പെടുത്തി.
ലാഭം കുതിക്കുന്നു
ഏപ്രിൽ-ജൂൺ കാലയളവിൽ സ്വകാര്യ ബാങ്കുകളുടെ അറ്റാദായത്തിൽ മികച്ച വളർച്ചയാണുണ്ടായത്. ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച യെസ് ബാങ്കിന്റെ അറ്റാദായം ഇക്കാലയളവിൽ 34 ശതമാനം കുതിച്ച് 1,071 കോടി രൂപയിലെത്തി. ആക്‌സിസ് ബാങ്കിന്റെ അറ്റാദായം 23 ശതമാനം വളർച്ചയോടെ 7,114 കോടി രൂപയായി, കോട്ടക് മഹീന്ദ്ര ബാങ്കിന്റെ അറ്റാദായം 26 ശതമാനം ഉയർന്ന് 4,123 കോടി രൂപയിലെത്തി. മെച്ചപ്പെട്ട ആസ്തി നിലവാരവും ട്രഷറി, ഫീസ് വരുമാനത്തിലെ വർദ്ധനയുമാണ് പല ബാങ്കുകളുടെയും അറ്റാദായം ഉയർത്തിയത്.
കോർപ്പറേറ്റ് വായ്പകളിൽ ഊന്നൽ
ദീർഘമായ ഇടവേളയ്ക്ക് ശേഷം ബാങ്കുകൾ ശ്രദ്ധ വീണ്ടും കോർപ്പറേറ്റ്, എം.എസ്.എം.ഇ വായ്പകളിലേക്ക് മാറ്റുന്നു. കഴിഞ്ഞ വർഷങ്ങളിൽ ബാങ്കുകൾ പ്രധാനമായും ക്രെഡിറ്റ് കാർഡ്, ഭവന, വാഹന വായ്പകൾ തുടങ്ങിയ റീട്ടെയിൽ മേഖലകൾ കേന്ദ്രീകരിച്ചാണ് ബിസിനസ് വളർച്ച നേടിയത്. റീട്ടെയിൽ വളർച്ച മന്ദഗതിയിലായതിനാലാണ് ബാങ്കുകൾ വീണ്ടും കോർപ്പറേറ്റ് മേഖലയിലേക്ക് കളംമാറ്റുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |