SignIn
Kerala Kaumudi Online
Sunday, 30 August 2026 4.11 AM IST

വർഷത്തിലൊരിക്കൽ ഹെൽത്ത് ഇൻഷ്വറൻസ് പരിശോധിക്കണം

health

ചെലവിന് അനുസരിച്ച് കവറേജ് മാറണം

കൊച്ചി: എത്ര കരുതലോടെ ജീവിതം ആസൂത്രണം ചെയ്താലും അപ്രതീക്ഷിത രോഗമോ അപകടമോ ആശുപത്രിവാസമോ വലിയ സാമ്പത്തിക ബാദ്ധ്യത സൃഷ്ടിച്ചേക്കാം. ചികിത്സാചെലവ് തുടർച്ചയായി ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യ ഇൻഷ്വറൻസ് സാമ്പത്തിക സുരക്ഷയുടെ പ്രധാന ഭാഗമാണ്. എന്നാൽ പോളിസി എടുത്താൽ മാത്രം മതിയാകില്ല. വർഷത്തിലൊരിക്കലെങ്കിലും പോളിസി പരിശോധിച്ച് നിലവിലെ ആവശ്യങ്ങൾക്ക് അനുയോജ്യമാണോയെന്ന് ഉറപ്പാക്കണം.

പ്രായം, കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം, ജീവിതശൈലി, തൊഴിൽ സാഹചര്യം, യാത്രകൾ തുടങ്ങിയവ മാറുന്നതിനനുസരിച്ച് ആരോഗ്യ ഇൻഷ്വറൻസ് ആവശ്യങ്ങളും മാറാം. നിലവിലെ ഇൻഷ്വേർഡ് തുക ഉയർന്ന ചികിത്സാചെലവുകൾ നേരിടാൻ പര്യാപ്തമാണോയെന്ന് ഓരോ വർഷവും പരിശോധിക്കുന്നത് പ്രധാനമാണ്.

പുതിയ പ്ളാനുകൾ പരിശോധിക്കാം

ഹെൽത്ത് ഇൻഷ്വറൻസ് വിപണിയിൽ പുതിയ ഉത്പന്നങ്ങളും ഫീച്ചറുകളും തുടർച്ചയായി വരുന്നുണ്ട്. നിലവിലെ പോളിസിയുടെ ആനുകൂല്യങ്ങൾ പുതിയ പ്ലാനുകളുമായി താരതമ്യം ചെയ്യുന്നത് കൂടുതൽ അനുയോജ്യമായ കവറേജ് ലഭ്യമാണോയെന്ന് മനസിലാക്കാൻ സഹായിക്കും. എന്നാൽ പോളിസി മാറ്റുന്നതിന് മുമ്പ് നിലവിലെ ആനുകൂല്യങ്ങളും നഷ്ടപ്പെടാനിടയുള്ള ആനുകൂല്യങ്ങളും വ്യവസ്ഥകളും ശ്രദ്ധാപൂർവം പരിശോധിക്കണം.

നോ ക്ളെയിം ബോണസ് മറക്കരുത്

ക്ലെയിം ചെയ്യാത്ത വർഷങ്ങളിൽ പല പോളിസികളിലും ക്യുമുലേറ്റീവ് ബോണസ് ലഭിക്കും. ഇത് ഇൻഷ്വേർഡ് തുക വർദ്ധിപ്പിക്കുന്നതിലൂടെയോ മറ്റ് ആനുകൂല്യങ്ങളിലൂടെയോ ലഭിക്കാം. അതിനാൽ പോളിസി പുതുക്കുമ്പോൾ ലഭിച്ചിട്ടുള്ള ബോണസും അതിന്റെ വ്യവസ്ഥകളും പരിശോധിക്കണം.

രോഗങ്ങൾക്ക് വെയിറ്റിംഗ് പീരീഡ്

നേരത്തേയുള്ള രോഗങ്ങൾക്ക് പല ഹെൽത്ത് ഇൻഷ്വറൻസ് പോളിസികളിലും വെയ്റ്റിംഗ് പിരീഡ് ബാധകമാണ്. പോളിസി മാറുമ്പോൾ നിലവിലുള്ള വെയ്റ്റിംഗ് പിരീഡ്, പുതിയ കമ്പനിയുടെ വ്യവസ്ഥകൾ, തുടർച്ചയായ കവറേജ് ആനുകൂല്യങ്ങൾ എന്നിവ പ്രത്യേകം പരിശോധിക്കണം. കുറഞ്ഞ വെയ്റ്റിംഗ് പിരീഡ് മാത്രം നോക്കി പോളിസി മാറ്റുന്നത് ഉചിതമല്ല.

ചികിത്സാചെലവ് കണക്കിലെടുക്കണം

കാലക്രമേണ ആശുപത്രി ചികിത്സയ്ക്കും പരിശോധനകൾക്കും മരുന്നുകൾക്കുമുള്ള ചെലവ് വർദ്ധിക്കാം. അതിനാൽ നിലവിലെ ഇൻഷ്വേർഡ് തുക മതിയാകുന്നില്ലെങ്കിൽ ടോപ്പ്-അപ്പ് അല്ലെങ്കിൽ സൂപ്പർ ടോപ്പ്-അപ്പ് കവറേജ് പരിഗണിക്കാം. ആവശ്യാനുസരണം ക്രിട്ടിക്കൽ ഇൽനെസ് പോലുള്ള അധിക പരിരക്ഷകളും പരിശോധിക്കാം. വാർഷിക ഹെൽത്ത് ഇൻഷ്വറൻസ് റിവ്യൂ ഒരു ഔപചാരിക നടപടിയായി കാണാതെ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷയുടെ ഭാഗമായാണ് പരിഗണിക്കേണ്ടത്. നിലവിലെ ആരോഗ്യ ആവശ്യങ്ങൾ, കവറേജ്, ഒഴിവാക്കലുകൾ, വെയിറ്റിംഗ് പീരിയഡുകൾ, നെറ്റ്‌വർക്ക് ആശുപത്രികൾ, പ്രീമിയം എന്നിവ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നത് ഭാവിയിലെ സാമ്പത്തിക ബാദ്ധ്യത കുറയ്ക്കാൻ സഹായിക്കും.

(ബജാജ് ജനറൽ ഇൻഷ്വറൻസ് കൊമേഴ്‌സ്യൽ ചീഫ് ടെക്‌നിക്കൽ ഓഫീസറാണ് ലേഖകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEALTH INSURANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360