ന്യൂഡൽഹി: 2026 ട്വന്റി 20 ലോകകപ്പ് കിരീടം നേടിയ യാത്രയിൽ നിരവധി നിർണായക തീരുമാനങ്ങൾ എടുക്കേണ്ടി വന്നിരുന്നുവെന്ന് മുൻ ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവ്. അതിൽ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനങ്ങളിൽ ഒന്നായിരുന്നു ആദ്യ ഘട്ടങ്ങളിൽ മലയാളി താരം സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനിൽ നിന്ന് മാറ്റിനിറുത്തിയതെന്നും സൂര്യകുമാർ പറഞ്ഞു. ടീമിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയ സമയത്ത് അദ്ദേഹവുമായി നടത്തിയ സംഭാഷണവും സൂര്യകുമാർ ഓർത്തെടുത്തു. ടീമിന്റെ വിജയത്തിനായി തനിക്ക് ശരിയെന്ന് തോന്നുന്ന തീരുമാനം എടുക്കണമെന്നാണ് സഞ്ജു പറഞ്ഞതെന്ന് സൂര്യകുമാർ വെളിപ്പെടുത്തി. ആകാശ്‌ചോപ്രയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ബസിൽ വച്ചാണ് സഞ്ജുവിനോട് സംസാരിച്ചത്. അന്നത്തെ സാഹചര്യത്തിൽ കാര്യങ്ങൾ ബുദ്ധിമുട്ടാകുമെന്ന് ഞാൻ പറഞ്ഞു. എന്നാൽലോകകപ്പ് ജയിക്കാൻ ടീമിന് ആവശ്യമായത് ചെയ്യൂ എന്നാണ് സഞ്ജു പറഞ്ഞത്. ടീമിന് ആവശ്യമുള്ളപ്പോൾ ഒപ്പമുണ്ടാകുമെന്നും കളിക്കാൻ ഇറങ്ങുന്നതുപോലെ തന്നെ തയ്യാറെടുപ്പ് നടത്തുമെന്നും പറഞ്ഞു. അത്‌കേട്ടപ്പോൾ എനിക്ക് വലിയ ആത്മവിശ്വാസം ലഭിച്ചു. ജീവിതത്തിൽ ഇങ്ങനെയുള്ള ആളുകളും ഉണ്ടല്ലോ.
'സഞ്ജുവിനെ മാറ്റിനിർത്തിയത് ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. 2024ലെ ശ്രീലങ്കൻ പരമ്പരയിൽ അദ്ദേഹത്തിന് കാര്യമായി റൺസ് നേടാൻ കഴിഞ്ഞില്ല. എന്താണ് ചെയ്യേണ്ടതെന്ന് സഞ്ജു എന്നോട് ചോദിച്ചു. അനന്തപൂരിൽ ദുലീപ് ട്രോഫി കളിക്കുന്ന സമയമായിരുന്നു അത്. എനിക്ക് നിന്നിൽ വിശ്വാസമുണ്ടെന്നും പരിശീലകനും അതേ വിശ്വാസമാണ് പ്രകടിപ്പിച്ചതെന്നും ഞാൻ പറഞ്ഞു. വരാനിരിക്കുന്ന അടുത്ത ഏഴ് മത്സരങ്ങളിൽ തുടരെ പൂജ്യത്തിന് പുറത്തായാലും എട്ടാമത്തെ മത്സരത്തിലും കളിപ്പിക്കുമെന്ന ഉറപ്പാണ് അന്ന് ഞാൻ നൽകിയത്'. -സൂര്യകുമാർ വെളിപ്പെടുത്തി.
ട്വന്റി-20 ലോകകപ്പിന് മുമ്പ് ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ ഓപ്പണറായി മികച്ച പ്രകടനം നടത്തിയ ഇഷാൻ കിഷന് ലോകപ്പിന്റെ ആദ്യ മത്സരങ്ങളിൽ അവസരം നൽകിയിരുന്നു. എന്നാൽ ലോകകപ്പിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിക്കാതിരിക്കുകയും അഭിഷേക് ശർമ്മ ഫിറ്റല്ലാതിരിക്കുകയും ചെയ്തതോടെ സഞ്ജുവിന് വീണ്ടും അവസരം ലഭിച്ചു. ലഭിച്ച അവസരം സഞ്ജു ഇരുകൈയും നീട്ടി സ്വീകരിച്ചു. നിർണായക ഘട്ടങ്ങളിൽ തുടർച്ചയായ മിന്നും പ്രകടനങ്ങളിലൂടെ ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജു ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
Former Indian captain Suryakumar Yadav revealed that dropping Sanju Samson from the initial playing eleven for the 2026 T20 World Cup was a difficult decision. He recounted Samson's professional response, prioritizing team success despite initial exclusion. Samson later seized opportunities, performing brilliantly in crucial stages, leading India to victory and earning Player of the Tournament.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |