
ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡിൽ നിന്ന് (എച്ച്.എ.എ) 156 പ്രചന്ദ് ഹെലികോപ്ടറുകൾ വാങ്ങാനുള്ള 62,700 കോടി രൂപയുടെ വൻ ഇടപാടിന് കേന്ദ്ര മന്ത്രിസഭാ സമിതി അംഗീകാരം നൽകി. തുടർന്ന് പ്രതിരോധ മന്ത്രാലയം കരാറിൽ ഒപ്പിട്ടു. 90 ഹെലികോപ്‌ടറുകൾ കരസേനയ‌്ക്കും 66 എണ്ണം വ്യോമസേനയ്‌ക്കുമുള്ളതാണ്. 2022 മുതൽ വ്യോമസേനയിൽ ഇവയുണ്ട്.
എച്ച്.എ.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണിത്. ഇവ കർണാടകയിലെ തുംകൂറിലുള്ള പ്ളാന്റിലാണിവ നിർമ്മിക്കുക. അഞ്ചു വർഷം കൊണ്ട് 156 ഹെലികോപ്ടറുകൾ സേനയ്‌ക്ക് കൈമാറും.
വ്യോമസേനയിലെയും ഇന്ത്യൻ നാവികസേനയിലെയും പൈലറ്റുമാർക്ക് ആകാശത്ത് ഇന്ധനം നിറയ്‌ക്കാൻ പരിശീലനം നൽകാനുള്ള ഫ്ലൈറ്റ് റീഫ്യുവലിംഗ് എയർക്രാഫ്റ്റ് വാടകയ്‌ക്കെടുക്കാൻ മെട്രിയ മാനേജ്‌മെന്റുമായി പ്രതിരോധ മന്ത്രാലയം കരാർ ഒപ്പിട്ടു.
പ്രഹരിക്കാൻ പ്രചന്ദ്
തദ്ദേശീയമായി വികസിപ്പിച്ച ആദ്യ യുദ്ധ ഹെലികോപ്‌ടർ. 5000 അടി ഉയരത്തിൽ പറക്കാൻ ശേഷി
സിയാച്ചിൻ, ലഡാക്ക് അടക്കം അതിർത്തി മേഖലകളിലെ ഓപ്പറേഷനുകളിൽ ഉപയോഗിക്കുന്നു
ആകാശത്തെയും ഭൂമിയിലെയും ലക്ഷ്യങ്ങളെ ഭേദിക്കാൻ ശേഷിയുള്ള മിസൈലുകൾ
ഓപ്പറേഷനുകളിലെ മികവ് ഉറപ്പിക്കാൻ ഡാറ്റാ ചിപ്പുകളുടെ സഹായം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |