
ചെന്നൈ: 'മോദിജി അവർകളേ....' എന്തുകൊണ്ട് ജി,നിങ്ങൾക്ക് തമിഴ്നാടിനോട് അലർജിയുണ്ടോ? ''മുത്തുവേൽ കരുണാനിധി സ്റ്റാലിൻ അവർകളേ'' നിങ്ങളുടെ പേരിലേ ധൈര്യമുള്ളൂ പ്രവൃത്തിയിലില്ല -എന്ന് പറഞ്ഞായിരുന്നു വിജയ് പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയും വിമർശിച്ചത്. തമിഴക വെട്രി കഴകത്തിന്റെ ആദ്യ ജനറൽ കൗൺസിൽ യോഗത്തിലാണിത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ടി.വി.കെയും ഡി.എം.കെയും തമ്മിലുള്ള പോരാട്ടമായി മാറുമെന്ന് വിജയ് പറഞ്ഞു.
വോട്ടുകൾക്ക് വേണ്ടി ഡി.എം.കെ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ പക്ഷം പിടിക്കുമ്പോൾ. അഴിമതിക്ക് വേണ്ടി ഡി.എം.കെ രഹസ്യമായി ബി.ജെ.പിയുടെ പക്ഷം പിടിക്കുകയാണ്. മോദി ഡി.എം.കെയുടെ 'സീക്രട്ട് ഓണർ' ആണെന്നും വിജയ് ആരോപിച്ചു. ഓരോ കുടുംബവും നന്നാക്കി ജീവിക്കുക എന്ന് ചിന്തിക്കുന്നതാണ് രാഷ്ട്രീയം. ഒരു കുടുംബം മാത്രം രക്ഷപെടണമെന്ന് ആഗ്രഹിക്കുന്നത് എങ്ങനെ രാഷ്ട്രീയമാകും? ആദ്യ സമ്മേളനം മുതൽ ഡി.എം.കെ ടി.വി.കെയെ വേട്ടയാടുന്നു. ബി.ജെ.പിയെ പോലെ ഡി.എം.കെയും ഫാസിസം കാട്ടുന്നു. ടി.വി.കെ പ്രവർത്തകരെ ദ്രോഹിക്കാൻ ഡി.എം.കെയ്ക്ക് എന്ത് ആവകാശമാണുള്ളത്?
നിയമം പാലിക്കുന്നതുകൊണ്ടാണ് സംയമനം പാലിക്കുന്നത്. പ്രകോപിപിച്ചാൽ ടി.വി.കെ കൊടുങ്കാറ്റാകും. പ്രവർത്തകർ ഓരോ വീട്ടിലും ഓരോ തെരുവിലും പ്രവർത്തിക്കണമെന്നും വിജയ് ആഹ്വാനം ചെയ്തു. തിരുവൺമിയൂർ രാമചന്ദ്ര കൺവെൻഷൻ സെന്ററിലായിരുന്നു ജനറൽ കൗൺസിൽ.
സ്റ്റാലിനോട് വിജയ്
''സംസ്ഥാനത്ത് ക്രമസമാധാനമില്ല. അഴിമതി വളരെ കൂടുതലാണ്. നിങ്ങൾ സർക്കാർ നന്നായി നടത്തിയിരുന്നെങ്കിൽ സ്ത്രീകൾക്ക് സംരക്ഷണം ലഭിക്കുമായിരുന്നു. സ്ത്രീകൾക്ക് സംഭവിക്കുന്ന ഭയാനകമായ കാര്യങ്ങളെക്കുറിച്ച് ഞങ്ങൾക്ക് സംസാരിക്കാൻ പോലും കഴിയില്ല. എല്ലാവരും നിങ്ങളെ 'അപ്പാ' എന്ന് വിളിക്കുന്നുവെന്ന് നിങ്ങൾ അഭിമാനത്തോടെ പറയുകയും ചെയ്യുന്നു!''
മോദിയോട് വിജയ്
''തമിഴ്നാടിനെ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. നിങ്ങൾ സംസ്ഥാനത്തിന്റെ ജി.എസ്.ടി എടുക്കുന്നു,പക്ഷേ ഫണ്ട് നൽകുന്നില്ല. നിങ്ങൾ വിദ്യാഭ്യാസത്തിന് ഫണ്ട് നൽകുന്നില്ല,മറിച്ച് ഒരു ത്രിഭാഷാ നയം അടിച്ചേൽപ്പിക്കുന്നു.
മണ്ഡല നിർണയത്തിന്റെ പേരിൽ നിങ്ങൾ തമിഴ്നാടിന്റെ സീറ്റുകൾ തട്ടിയെടുക്കുന്നു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതി കൊണ്ടുവന്നപ്പോൾ,നിങ്ങളുടെ പദ്ധതിയും സംസ്ഥാനത്തെ ഏത് ദിശയിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നുവെന്ന് ഞങ്ങൾക്കറിയാമായിരുന്നു.''
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |