
ന്യൂഡൽഹി: വിവാദ ജഡ്‌ജി യശ്വന്ത് വർമ്മയ്‌ക്ക് അലഹബാദ് ഹൈക്കോടതിയിലും ജുഡിഷ്യൽ ജോലി നൽകരുതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരുൺ ഭാൻസാലിക്കാണ് നിർദ്ദേശം. ഡൽഹി ഹൈക്കോടതിയിൽ നിന്ന് അലഹബാദിലേക്ക് തിരിച്ചയക്കാനുള്ള സുപ്രീംകോടതി കൊളീജിയം ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ച് ഇന്നലെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണിത്. ഡൽഹി ഹൈക്കോടതിയിലും ജുഡിഷ്യൽ ജോലികളിൽ നിന്ന് ഒഴിവാക്കിയിരുന്നു. യശ്വന്തിനെ തിരിച്ചയക്കാനുള്ള കൊളീജിയം തീരുമാനത്തിനെതിരെ അഭിഭാഷക സംഘടനകൾ കേന്ദ്രസർക്കാരിനെയും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെയും നേരിൽക്കണ്ട് നിവേദനം നൽകിയിരുന്നു. അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ അനിശ്ചിതകാല കോടതി ബഹിഷ്‌കരണ സമരം തുടരുകയാണ്. ആവശ്യം തള്ളിയ സാഹചര്യത്തിൽ സമരം കടുപ്പിക്കാനാണുള്ള നീക്കത്തിലാണ് അലഹബാദ് ഹൈക്കോടതിയിലെ അഭിഭാഷകർ. ജുഡിഷ്യറിയിലെ കറുത്ത ദിനമെന്നും അസോസിയേഷൻ ഇന്നലെ പ്രതികരിച്ചു. യശ്വന്ത് വർമ്മയെ ബഹിഷ്കരിക്കും.
ഇടപെടാതെ സുപ്രീംകോടതി
ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയോട് ചേർന്നുള്ള സ്റ്റോർ റൂമിൽ നോട്ടുകൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌ത് അന്വേഷിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. മൂന്നംഗ സമിതി അന്വേഷിക്കുന്നതിനാൽ ഇപ്പോൾ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ജസ്റ്രിസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. എന്തെങ്കിലും തെറ്റുകൾ സമിതി കണ്ടെത്തിയാൽ, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കഴിയും. വിഷയം പാർലമെന്റിന് വിടാനും സാധിക്കുമെന്ന് കൂട്ടിച്ചേർത്തു. മലയാളി അഭിഭാഷകൻ മാത്യൂസ് ജെ. നെടുമ്പാറ,അഡ്വ. ഹേമാലി സുരേഷ് കുർനെ എന്നിവരാണ് പൊതുതാത്പര്യ ഹർജി സമർപ്പിച്ചിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |