
ന്യൂഡൽഹി: ജനാധിപത്യത്തിന്റെ മൂന്നാം തൂണായ ജുഡീഷ്യറിയുടെ പരാമർശമാണ് പാറ്റകളെ സൃഷ്ടിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ 'കോക്രോച്ച്' പ്രയോഗം ഉണ്ടാകുന്നത് കഴിഞ്ഞ മേയ് 15ന്, ഡൽഹി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷക പദവി നിശ്ചയിക്കലുമായി ബന്ധപ്പെട്ട്.
തൊഴിലില്ലാത്ത യുവാക്കൾ, വ്യവസ്ഥിതിയെ ആക്രമിക്കുന്ന ഇത്തിൾക്കണ്ണികളാണെന്നായിരുന്നു നിരീക്ഷണം. അതെ, ഞങ്ങൾ പാറ്റകളാണ്, ഈ വ്യവസ്ഥകളെ തൂത്തെറിയും എന്ന പ്രഖ്യാപനത്തോടെ ഒരു വിഭാഗം ജെൻ സി കൂട്ടം അതേറ്റെടുത്തു. പിന്നീടവർ തെരുവിലേക്കും പടർന്നു. "മാദ്ധ്യമങ്ങളിലൂടെയും സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും എല്ലാവരെയും ആക്രമിക്കുന്നു. അവർ ആക്ടിവിസ്റ്റുകളായി മാറി ഭരണസംവിധാനങ്ങളെ ലക്ഷ്യമിടുന്നു"വെന്നും പറഞ്ഞ് ചീഫ് ജസ്റ്റിസ് പരാമർശം പൂർത്തിയാക്കി.
ഇതോടെ, അഭിജീത് ദീപ്‌കെ എന്ന വിദ്യാർത്ഥി കോക്രോച്ച് ജനതാ പാർട്ടി രൂപീകരിച്ചു. പിന്നിടങ്ങോട്ട് രാജ്യം കണ്ടത് സാമൂഹിക മാദ്ധ്യമങ്ങളിലെ പാറ്റകളുടെ ഇരമ്പൽ. ഏതാണ്ട് അതേമട്ടിൽ തന്നെ അവർ വ്യവസ്ഥകളെയെല്ലാം ആക്രമിച്ചു. ഒന്നാം തൂണായ നിയമനിർമ്മാണ സഭയിൽ (പാർലമെന്റിൽ) അവരുടെ സമരാവശ്യങ്ങൾ അവർ നിർബന്ധപൂർവം ചർച്ച ചെയ്യിപ്പിച്ചു, അംഗീകരിപ്പിച്ചു. സർക്കാരിലെ പ്രധാനിയായ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ സ്ഥാനം തെറിപ്പിച്ചു. ഒരു വേള നാലാംതൂണായ മാദ്ധ്യമങ്ങളെ വരെ മുൾമുനയിൽ നിറുത്തി അവർ സമരാവേശം കൊടുമ്പിരി കൊള്ളിച്ചു.
സാമൂഹിക മാദ്ധ്യമങ്ങളിലെ പ്രചാരണത്തിലൂടെ ജെൻ സിക്കൂട്ടത്തിന്റെ ഒഴുക്കിന് വേഗവും കൂടി. തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടെന്നും വ്യാജ ബിരുദമുള്ളവരെ കുറിച്ചാണ് പറഞ്ഞതെന്നും പിന്നീട് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. ഇന്നലെയും ന്യായീകരിച്ച് സൂര്യകാന്ത് രംഗത്തെത്തി. പക്ഷേ അപ്പോഴേക്കും പാറ്റ വിപ്ളവം അതിന്റെ മൂർദ്ധന്യത്തിലെത്തി. സമരക്കാർക്കെതിരെയുള്ള പൊലീസ് നടപടിയെ കുറിച്ച് ഒരു അഭിഭാഷകൻ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, 'കോടതിയുടെ സമയം പാഴാക്കരുതെന്ന' ചീഫ് ജസ്റ്റിസിന്റെ പ്രതികരണവും സമരക്കാരെ രോഷം കൊള്ളിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |