
ന്യൂഡൽഹി: സെക്കന്തരാബാദ് കന്റോൺമെന്റിലെ 20 മദ്രാസ് റെജിമെന്റിന്റെ ആയുധ മോഷണക്കേസ് അന്വേഷിക്കാൻ മിലിട്ടറി ഇന്റലിജൻസും പങ്കുചേർന്നു. സൈന്യത്തിന്റെയും പൊലീസിന്റെയും അന്വേഷണവും നടന്നുവരികയാണ്. കസ്റ്റഡിയിലുണ്ടായിരുന്ന അഗ്നിവീർ അംഗങ്ങൾക്ക് സംഭവത്തിൽ പങ്കില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്. പ്രതിരോധ മേഖലയ്ക്കുള്ളിൽ അതീവ രഹസ്യമായാണ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചോനടപടികളെക്കുറിച്ചോ ബൊല്ലാറം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് പോലും അറിവില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം സെക്കന്തരാബാദ് കന്റോൺമെന്റ് പ്രദേശത്ത് ഏർപ്പെടുത്തിയിരുന്ന സുരക്ഷാ നിയന്ത്രണങ്ങൾ തുടരുകയാണ്. പ്രദേശത്തെ സ്‌കൂളുകൾ തുറന്നെങ്കിലും കുട്ടികളെ ഗേറ്റിൽ ഇറക്കി ഉടൻ മടങ്ങാൻ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പരിസരത്തേക്ക് പ്രവേശിക്കാനോ കാത്തുനിൽക്കാനോ അനുവാദമില്ല. പ്രതിരോധ മേഖലയിലൂടെ കടന്നുപോകുന്ന റോഡുകളും അടച്ചിട്ടിരിക്കുകയാണ്.
ആയുധശേഖരത്തിന് സമീപമുള്ള ചില പ്രദേശങ്ങളിലെ സി.സി ടിവി ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.
ഇത് സാങ്കേതിക തകരാറായിരുന്നോ അതോ പ്രവർത്തന രഹിതമാക്കിയതാണോ എന്നതും പരിശോധിക്കുന്നുണ്ട്. കമാൻഡിംഗ് ഓഫീസർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ രാജസ്ഥാനിൽ സൈനിക അഭ്യാസപ്രകടനത്തിനായി പോയിരുന്ന സമയത്താണ് മോഷണം നടന്നതെന്നാണ് വിവരം. സംഘടിത ആയുധക്കടത്ത് സംഘങ്ങൾക്ക് പങ്കുണ്ടോ, ആരുടെയെങ്കിലും സഹായം ലഭിച്ചോ തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
തിങ്കളാഴ്ച രാവിലെ 7.50ഓടെയാണ് കവർച്ചാ വിവരം ലഭിക്കുന്നത്. അത്യാധുനിക തോക്കുകളുൾപ്പെടെയാണ് മോഷണം പോയത്. നാല് അത്യാധുനിക എ.കെ203 അസോൾട്ട് റൈഫിളുകൾ, ഒരു ഇൻസാസ് റൈഫിൾ, ആറ് 9 എം.എം പിസ്റ്റളുകൾ, ഒരു സിവിലിയൻ പിസ്റ്റൾ എന്നിവയുൾപ്പെടെ 12 തോക്കുകളാണ് മോഷ്ടിക്കപ്പെട്ടത്. ഇതിനുപുറമേ രാത്രി കാഴ്ച സാദ്ധ്യമാക്കുന്ന ബൈനോക്കുലർ, 21 മാഗസിനുകൾ, 1,800 ലധികം റൗണ്ട് വെടിയുണ്ടകൾ എന്നിവയും നഷ്ടപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |