SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.46 PM IST

സ്പാനിഷ് കിരീട വസന്തം

world-cup

ഒരിക്കൽക്കൂടി ലോക ഫുട്ബാളിൽ സ്പാനിഷ് വസന്തം വിരിഞ്ഞിരിക്കുന്നു. ലയണൽ മെസി എന്ന ഇതിഹാസ താരത്തിന്റെ ചിറകിലേറിവന്ന അർജന്റീനയെന്ന ലാറ്റിനമേരിക്കൻ ഫുട്ബാൾ ശക്തിയെ കലാശക്കളിയിൽ വരിഞ്ഞുമുറുക്കി ഏകപക്ഷീ യമായ ഒരൊറ്റ ഗോളിന്റെ ബലത്തിലാണ് നിലവിലെ യൂറോകപ്പ് ചാമ്പ്യന്മാർ ലോകകപ്പും തൂക്കിയിരിക്കുന്നത്. സമാനശൈലിയിൽ കളിക്കുന്ന രണ്ട് മികച്ച ടീമുകളുടെ പോരാട്ടം ഫൈനലിൽ കാണാൻ കാത്തിരുന്നവർക്ക് മുന്നിൽ നിലവിലെ ചാമ്പ്യന്മാരെ വരച്ചവരയിൽ നിറുത്തിയ, എണ്ണയിട്ട യന്ത്രം പോലെയുള്ള കളിയാണ് സ്പെയ്ൻ പുറത്തെടുത്തത്. ആദ്യ പകുതിയിൽതന്നെ വീഴേണ്ടിയിരുന്ന ഗോളിനെ അധികസമയത്തിന്റെ രണ്ടാം പകുതിവരെ പിടിച്ചുനിറുത്തിയത് അർജന്റീന ഗോളി എമിലിയാനോ മാർട്ടിനെസാണ്. സ്വന്തം വലയിൽ ഗോൾ വീണാലേ ശരിക്കുള്ള അർജന്റീനയെ കാണാനാകൂ എന്ന് പലകുറി കാട്ടിത്തന്ന മെസിയും സംഘവും ഫൈനലിലും ഗോൾ വഴങ്ങിയശേഷമാണ് ഉണർന്നത്. തിരിച്ചടിക്കാൻ മെസിയുടെ കർവിംഗ് ഫ്രീ കിക്ക് ഉൾപ്പടെയുള്ള ശ്രമങ്ങളും നടന്നു. പക്ഷേ വിധിയെ മറികടക്കാൻ കഴിഞ്ഞില്ല.

പെയ്നിൽ നിന്ന്

സ്പെയ്നിലേക്ക്

ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ കേപ്പ് വെർദേ എന്ന അരങ്ങേറ്റക്കാരോട് ഗോളടിക്കാൻ കഴിയാതെ സമനില വഴങ്ങിയ സ്പെയ്ൻ തങ്ങളിൽ പ്രതീക്ഷ അർപ്പിച്ചുവന്ന ആരാധകരെ ഞെട്ടിച്ചിരുന്നു. എട്ട് കിടിലൻ സേവുകൾ നടത്തിയ വൊസീഞ്ഞയെന്ന ഗോളിയാണ് അന്ന് സ്പെയ്നിന് പെയ്ൻ സമ്മാനിച്ചത്. ആ പെയ്നിൽ നിന്ന് അർജന്റീനയെ അടിച്ചിട്ട സ്പെയ്നിലേക്കുള്ള യാത്രയാണ് ഈ ലോകകപ്പിന്റെ ആകെത്തുക. 2010ൽ സ്പെയ്ൻ ലോകകപ്പ് നേടിയപ്പോഴും ആദ്യ മത്സരത്തിൽ ജയിക്കാൻ കഴിഞ്ഞിരുന്നില്ല എന്നോർക്കുക. അന്ന് ആദ്യ മത്സരത്തിൽ സ്വിറ്റ്സർലാൻഡിനോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് തോറ്റത്. പിന്നീടാണ് അവർ തുടർച്ചയായ ആറുവിജയങ്ങളുമായി കിരീടത്തിലെത്തിയത്.

2008ലും 2012ലും യൂറോകപ്പും 2010ൽ ലോകകപ്പും സ്പെയ്നിന് സമ്മാനിച്ച ടിക്കി ടാക്ക എന്ന കേളീ ശൈലിയുടെ മോഡിഫൈഡ് വെർഷനാണ് ഇക്കുറി ലൂയിസ് ഡി ലാ ഫ്യുവന്റേ എന്ന പരിശീലകൻ സ്പെയ്നിനായി കരുതിവച്ചത്. പന്തിനെ വെറുതെ കൈവശം വയ്ക്കുകയും പാസ് ചെയ്യുകയും മാത്രമല്ല എതിരാളിയെ മുന്നേറാൻ അനുവദിക്കാത്ത രീതിയിൽ ഡിഫൻസും കടുപ്പിക്കുകയെന്നതായിരുന്നു സ്പാനിഷ് തന്ത്രം. എതിർതാരങ്ങളെക്കാൾ സ്പെയ്ൻ ട്രാക്ക് ചെയ്തത് പന്തിനെയാണ്. സ്വന്തം ബോക്സിലായാലും എതിർ ബോക്സിലായാലും പന്തെത്തുമ്പോൾ ഒപ്പം മൂന്നോ നാലോ സ്പാനിഷ് താരങ്ങളുമുണ്ടാകും. ഫ്രാൻസിനെതിരായ സെമിയിലും ഇതേരീതിയിലാണ് സ്പെയ്ൻ ആധിപത്യം പുലർത്തിയത്. അർജന്റീനയ്ക്കും ഈ കെണിയിൽ നിന്ന് കടക്കാനായില്ല.

ഷാവിയും ആന്ദ്രേ ഇനിയെസ്റ്റയും ബുസ്ക്വെറ്റ്സും കാർലോസ് പുയോളും ഡേവിഡ് വിയ്യയും ജെറാഡ് പിക്വെയും സെർജിയോ റാമോസും സാബി അലോൺസോയും ഫെർണാണ്ടോ ടോറസുമൊക്കെ അണിനിരന്ന സുവർണ താരനിരയാണ് 2008 മുതൽ 2012 വരെയുള്ള കാലയളവിൽ സ്പെയ്നിനെ യൂറോപ്പിന്റേയും ലോകത്തിന്റേയും നെറുകയിലെത്തിച്ചിരുന്നത്. ആ കാലഘട്ടത്തിന് ശേഷം സ്പെയ്നിന്റെ പ്രഭ പതിയെ മങ്ങാൻ തുടങ്ങി.2014 ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ ഹോളണ്ടിനോട് 5-1ന് തോറ്റതിന് പിന്നാലെ ചിലിയോടും തോറ്റ് ഗ്രൂപ്പ് റൗണ്ടിലേ മടങ്ങി. 2018ൽ ഗ്രൂപ്പ് റൗണ്ടിൽ ഇറാനോട് മാത്രം ജയം. പ്രീ ക്വാർട്ടറിൽ റഷ്യയോട് ഷൂട്ടൗട്ടിൽ പുറത്തായി. 2022 ലോകകപ്പിൽ പ്രീക്വാർട്ടറിൽ തോൽപ്പിച്ചത് മൊറോക്കോയാണ്.

2024 യൂറോകപ്പോടെയാണ് സ്പാനിഷ് ഫുട്ബാൾ സ്വപ്നങ്ങൾ വീണ്ടും തളിരിട്ടത്. റൊഡ്രിയെന്ന നായകനും ലാമിൻ യമാൽ എന്ന 19കാരനും വിസ്മയമായി മാറിയ ആ യൂറോപ്പിലെ കിരീ‌ടനേട്ടത്തിന്റെ തുടർച്ചയാണ് ഈ ലോകകപ്പിൽ കണ്ടത്. യൂറോകപ്പിലേതുപോലെ റൊഡ്രി ലോകകപ്പിലും ഗോൾഡൻ ബാളിന് അർഹനായപ്പോൾ യമാലിനൊപ്പം മറ്റൊരു കൗമാരക്കാരൻ പാവു കുബാർസിയും ആദ്യ ലോകകപ്പ് ആഘോഷമാക്കി. പ്രതിരോധവും ആക്രമണവും ഒരുപോലെ നോക്കുന്ന കുക്കറേല, ഒയർസബാൽ ,ഡാനി ഓൾമോ, പെഡ്രി, അലക്സ് ബയേന,ഫാബിയൻ റൂയിസ്, മൈക്കേൽ മെരീനോ തുടങ്ങി ഫെറാൻ ടോറസ് വരെയുള്ള യുവനിരയുടെ വരവാണ് സ്പെയ്നിന്റെ ഉയിർത്തെണീപ്പിന് പിന്നിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD CUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360