SignIn
Kerala Kaumudi Online
Monday, 10 August 2026 3.39 AM IST

'വോളി വൈദ്യൻ' ആയി മുൻ ഇന്ത്യൻ താരം !

kishore

കോഴിക്കോട്: മുൻ ഇന്ത്യൻ വോളിബാൾ കളിക്കാരൻ കിഷോർകുമാർ, ഇന്നൊരു വെറ്ററൻ താരമല്ല. പരിക്കേറ്റ കായികതാരങ്ങളുടെ സ്വന്തം വെെദ്യനാകുന്നു. എണ്ണയോ പച്ചമരുന്നുകളോ ഉഴിച്ചിലോ ഒന്നുമില്ലാതെ ശരീരത്തിലൂടെ കൈവിരലുകളും കൈമുട്ടും കൊണ്ട് അദ്ദേഹം നടത്തിയ ചികിത്സയിൽ രോഗം ശമിച്ചവരേറെ.

അതിലൊരാളാണ് നാഞ്ചിൽ ജയസൂര്യ. തമിഴ്‌നാട് വോളിബോൾ ടീമിന്റെ സെറ്റർ. കോർട്ടിന്റെ ഏത് ഭാഗത്ത് നിന്നും അറ്റാക്കറുടെ കൈകളിലേക്ക് അനായാസം പന്തെറിയാറുള്ള നാഞ്ചിലിന് നട്ടെല്ലിന് ചെറിയ പരിക്കേറ്റു. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലടക്കം ചികിത്സ തേടിയിട്ടും ശമനമില്ലാതായപ്പോഴാണ് കിഷോർകുമാറിനെതേടി കൊച്ചിയിലെത്തിയത്. ബി.പി.സി എല്ലിൽ എച്ച്.ആർ അഡിമിനിസ്‌ട്രേഷൻ മാനേജർ കൂടിയായ കിഷോറിന്റെ ഫ്ലാറ്റിൽ ഒരാഴ്ചയോളം തങ്ങിയ നാഞ്ചിൽ തിരികെപ്പോയത് പൂർണ ആരോഗ്യവാനായി. നാഞ്ചിക്ക് നട്ടെല്ലിന് പരിക്കൊന്നുമില്ലായിരുന്നുവെന്നും മസിൽപിടുത്തം ഒഴിവാക്കിയപ്പോൾ ഭേദമായെന്നും കിഷാേർ പറയുന്നു.

ഇന്ത്യൻ വോളിയിലെ ' വൈദ്യ'നെന്ന് കിഷോറിനെ വിശേഷിപ്പിക്കുന്നതിന് സാക്ഷ്യപത്രങ്ങളേറെ. ഗായകൻ ഉണ്ണിമേനോനും ഒരിക്കൽ നടുവേദനയ്ക്ക് ചികിത്സ തേടിയെത്തി.

പരിക്കുകളിൽ നിന്ന് പഠിച്ചു


2004ൽ ദേശീയ ക്യാമ്പിലിരിക്കെ നട്ടെല്ലിന് ക്ഷതം നേരിട്ടപ്പോൾ രണ്ടുവർഷം കിടപ്പിലായി. നിരവധി വൈദ്യൻമാർ ചികിത്സിച്ചു. അവരിൽ നിന്ന് പഠിച്ച അറിവുകളാണ് പ്രയാേഗിക്കുന്നതെന്ന് കോഴിക്കോട് താമരശ്ശേരി സ്വദേശിയായ കിഷോർ പറയുന്നു.

ചികിത്സാരഹസ്യം ചോദിച്ചാൽ, വോളികോർട്ടുകളിൽ മിന്നൽപ്പിണറുകളുയർത്തിയ വലതുകൈ ഉയർത്തിക്കാട്ടി..' മറഡോണയുടെ, ദൈവത്തിന്റെ കൈയാണ് മാഷേ..' എന്നു പറയും കിഷാേർ.

''ചികിത്സ അംഗീകാരവും ലൈസൻസുമുള്ള ഡോക്ടർമാർ ചെയ്യേണ്ടതാണ്. ബോർഡ് വച്ച് ചികിത്സയൊന്നും ഞാൻ നടത്തുന്നില്ല. വോളിബോൾ കളിക്കാരനും കോച്ചുമെന്ന നിലയിൽ മനുഷ്യശരീരത്തെക്കുറിച്ചും ഘടനയെക്കുറിച്ചുമെല്ലാം അറിയാമെന്ന് മാത്രം. രോഗം മാറി ആശ്വാസത്തോടെ അവർ തിരികെപ്പോകുമ്പോഴുള്ള സന്തോഷമാണ് എന്റെ ഫീസ്...''

- കിഷാേർകുമാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KISHOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360