SignIn
Kerala Kaumudi Online
Monday, 10 August 2026 3.39 AM IST

അണ്ടർ- 20 ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് മെഡൽത്തിളക്കമായി ബസന്തും ഷാനവാസും

u20-athletics

ഹൈജമ്പിൽ ബസന്ത് കുമാർ മേഘ്‌വാളിന് വെള്ളി

ലോംഗ്ജമ്പിൽ ഷാനവാസ് ഖാന് വെങ്കലം

ഒറിഗോൺ : അമേരിക്കയിൽ നടക്കുന്ന അണ്ടർ -20 ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വീണ്ടും ഇന്ത്യൻ മെഡൽത്തിളക്കം. ഇന്നലെ പുരുഷ വിഭാഗം ഹൈജമ്പിൽ രാജസ്ഥാൻകാരനായ ബസന്ത് കുമാർ മേഘ്‌വാൾ വെള്ളിയും ലോംഗ്ജമ്പിൽ ഉത്തർപ്രദേശുകാരൻ ഷാനവാസ് ഖാൻ വെങ്കലവും നേടി. ഇതോടെ ചാമ്പ്യൻഷിപ്പിലെ ഇന്ത്യൻ മെഡലുകളുടെ എണ്ണം മൂന്നായി ഉയർന്നു.

2.21 മീറ്റർ ചാടിക്കടന്നാണ് ബസന്ത് ഹൈജമ്പിൽ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ താരമായത്. 19കാരനായ ബസന്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. സ്വർണം നേടിയ അൾജീരിയയുടെ യൂനിസ് അയാച്ചിയും 2.21 മീറ്ററാണ് ക്ളിയർ ചെയ്തത്. എന്നാൽ യൂനിസിന് ഇതിന് ഒരൊറ്റ ചാൻസ് മാത്രമാണ് വേണ്ടിവന്നത്. രണ്ട് ചാൻസുകൾ വേണ്ടിവന്നതോടെയാണ് ബസന്തിന് രണ്ടാം സ്ഥാനമായത്.മൂന്നാം ശ്രമത്തിൽ 2.21 മീറ്റർ മറികടന്ന ബ്രിട്ടന്റെ ഒറ്റിസ് പൂലെയ്ക്കാണ് വെങ്കലം.

ലോംഗ്ജമ്പിൽ 7.84 മീറ്റർ ചാടിയാണ് 20-കാരനായ ഷാനവാസ് ഖാൻ വെങ്കലം നേടിയത്. അണ്ടർ -20 ലോക ചാമ്പ്യൻഷിപ്പിൽ ലോംഗ് ജമ്പ് മെഡൽ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ അത്‌ലറ്റാണ് ഷാനവാസ് ഖാൻ. 2021-ൽ വനിതാ ലോംഗ്ജമ്പിൽ ശൈലി സിംഗ് വെള്ളി നേടിയിരുന്നു. ഇക്കഴിഞ്ഞ ഏഷ്യൻ അണ്ടർ 20 അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഷാനവാസ് സ്വർണം നേടിയിരുന്നു.

7.73 മീറ്ററുമായി ഫൈനലിലേക്ക് യോഗ്യത നേടിയ ഷാനവാസിന് ഫൈനലിലും തന്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം പുറത്തെടുക്കാനായില്ല. 8.30 മീറ്ററാണ് പേഴ്‌സണൽ ബെസ്റ്റ്. 7.97 മീറ്റർ ചാടിയ ഇറ്റലിയുടെ ഡാനിയൽ ഇൻസോലി സ്വർണവും 7.96 മീറ്റർ കണ്ടെത്തിയ ഓസ്‌ട്രേലിയയുടെ മാസൺ മഗ്രോഡർ വെള്ളിയും നേടി. ഇന്ത്യയുടെ മറ്റൊരു താരമായ ജിതിൻ അർജുന് എട്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 7.55 മീറ്ററാണ് ജിതിൻ ചാടിയത്.

3

അണ്ടർ -20 ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡലുകളുടെ എണ്ണം മൂന്നായി. ആദ്യ മെഡൽ ജാവലിൻ ത്രോയിലെ ആശിഷ് യാദവിന്റെ വെള്ളി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: U20 WORLD ATHLETICS CHAMPIONSHIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360