
കണ്ണൂർ: സൂപ്പർ ലീഗ് കേരള ഫുട്ബാളിന്റെ മൂന്നാം സീസണിന് തയ്യാറെടുക്കുന്ന നിലവിലെ ജേതാക്കളായ കണ്ണൂർ വാരിയേഴ്‌സ് പരിചയസമ്പന്നനായ വിംഗർ നിജോ മഹേഷ് ഗിൽബർട്ടിനെ ടീമിലെത്തിച്ചു. യുവ പ്രതിരോധതാരം സച്ചിൻ സുനിലിനുമായി കരാർ പുതുക്കി.
ആദ്യ രണ്ട് സീസണുകളിൽ ഫോഴ്‌സ കൊച്ചിയുടെ ആക്രമണത്തിന് നേതൃത്വം വഹിച്ച താരമാണ് നിജോ. കഴിഞ്ഞ സീസണിൽ ഏഴ് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി. ഒമ്പത് ഗോളവസരങ്ങളും സൃഷ്ടിച്ചിരുന്നു. കേരള പ്രീമിയർ ലീഗിൽ കെ.എസ്.ഇ.ബിക്കായി എട്ട് ഗോളുകൾ നേടി ടൂർണമെന്റിന്റെ ടോപ് സ്‌കോററായി.
2021-22 ൽ സന്തോഷ് ട്രോഫി നേടിയ കേരള ടീമംഗമാണ് നിജോ. തൊട്ടടുത്തവർഷം സന്തോഷ് ട്രോഫിയിൽ ഒമ്പത് ഗോളുകളുമായി ടോപ് സ്‌കോററുമായി. 2023ലെ സന്തോഷ് ട്രോഫിയിൽ കേരള ക്യാപ്ടനായിരുന്നു. അഹമ്മദാബാദ് ദേശീയ ഗെയിംസിൽ വെങ്കലവും ഗോവ ദേശീയ ഗെയിംസിൽ വെള്ളിയും നേടിയിട്ടുണ്ട്.
കഴിഞ്ഞ സീസണിലെ കിരീടനേട്ടത്തിൽ വാരിയേഴ്സിന്റെ ഭാഗമായിരുന്നു സച്ചിൻ സുനിൽ. കഴിഞ്ഞ സീസണിൽ സെമിയും ഫൈനലുമുൾപ്പെടെ അഞ്ച് മത്സരങ്ങൾ കളിച്ച സച്ചിൻ 25 ടാക്കിളുകളും 18 ഇന്റർസെപ്ഷനുകളും ഒരു ചാൻസ് ക്രിയേഷനും നടത്തി.
38-ാമത് ദേശീയ ഗെയിംസിൽ സ്വർണമെഡൽ നേടിയ കേരള ടീമിന്റെ ഭാഗമായിരുന്നു. സൂപ്പർ ലീഗ് കേരള സീസണിന് ശേഷം മഹാരാഷ്ട്രയിലെ കോലാപ്പുർ ലീഗിൽ ഖണ്ഡോവ എഫ്.സിക്കായി കളിച്ചു. കണ്ണൂർ പറശ്ശിനിക്കടവ് നംബ്രം സ്വദേശിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |