
ആദ്യ രണ്ട് സീസണുകളിലും 'തുഴച്ചിലിൽ" ഒതുങ്ങിയ ആലപ്പി റിപ്പിൾസിന്റെ അമരത്ത് ഇക്കുറി എത്തുന്നത് സച്ചിൻ ബേബിയാണ്. ആദ്യ സീസണിൽ കൊല്ലം സെയ്‌ലേഴ്സിനെ കിരീടത്തിൽ നങ്കൂരമിടീക്കുകയും രണ്ടാം സീസണിൽ റണ്ണേഴ്സ് അപ്പാക്കുകയും ചെയ്ത കപ്പിത്താൻ. മൂന്നാം സീസണിൽ സച്ചിൻ ബേബിയെ നായകനായി എത്തിക്കുമ്പോൾ റിപ്പിൾസ് ലക്ഷ്യമിടുന്നത് ഒന്നുമാത്രം കപ്പുയർത്തൽ.
കെ.സി.എല്ലിന്റെ ആദ്യ സീസണിൽ ഏറെപ്രതീക്ഷയോടെയെത്തിയ ടീമായിരുന്നു ആലപ്പി റിപ്പിൾസ്. എന്നാൽ മുൻനിര ബാറ്റർമാർ പ്രതീക്ഷയ്ക്കൊത്തുയർന്നില്ല. രണ്ടാം സീസണിലും കഥ ആവർത്തിച്ചു. ഈ പിഴവ് തിരിച്ചറിഞ്ഞാണ് ഇക്കുറി ഇക്കുറി ബാറ്ററായും ക്യാപ്ടനായും പരിചയസമ്പന്നനായ സച്ചിൻ ബേബിയെ 10 ലക്ഷം രൂപയ്ക്ക് താരലേലത്തിൽ സ്വന്തമാക്കി യത്. കഴിഞ്ഞസീസണിൽ നയിച്ച മുഹമ്മദ് അസ്ഹറുദ്ദീനെ വൈസ് ക്യാപ്ടനായി നിലനിറുത്തിയിട്ടുണ്ട്. വെറ്ററൻ ആൾറൗണ്ടർ ജലജ് സക്സേനയുടെ കേരളത്തിലേക്കുള്ള തിരിച്ചുവരവിന് വേദിയാകുന്നതും റിപ്പിൾസാണ്.
പരിചയസമ്പന്നരായ മൂവർക്കുമൊപ്പം താരലേലത്തിൽ മികച്ച ചില തിരഞ്ഞെടുപ്പുകളും നടത്തി ടീമിന് മികച്ച അടിത്തറ സൃഷ്ടിക്കാൻ ടി.എസ് കലാധരന്റെ നേതൃത്വത്തിലുള്ള ടീമുടമകൾക്ക് കഴിഞ്ഞിട്ടുണ്ട്.
ഇത്തവണത്തെ താരലേലത്തിൽ ഏറ്റവും കൂടുതൽ തുക ലഭിച്ച ആൾറൗണ്ടർ സിബിൻ ഗിരീഷ് റിപ്പിൾസിലാണ് എത്തിയിരിക്കുന്നത്. 11.80 ലക്ഷം രൂപയെന്ന റെക്കോർഡ് തുകയ്ക്കാണ് സിബിൻ ഗിരീഷിനെ റിപ്പിൾസ് ടീമിലെത്തിച്ചത്. എൻ.എസ്.കെ ട്രോഫിയിലടക്കം പുറത്തെടുത്ത മികവാണ് സിബിന്റെ വില ഉയർത്തിയത്. കഴിഞ്ഞ ആഭ്യന്തര സീസണിലുടനീളം തകർപ്പൻ പ്രകടനം പുറത്തെടുത്ത അഭിജിത് പ്രവീണിന്റെ സാന്നിദ്ധ്യം മദ്ധ്യനിരയിലും ബൗളിംഗിലും സ്ഥിരത നൽകും. എൻ.എസ്.കെ ട്രോഫിയിൽ ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം കാഴ്ചവച്ച ആഷിഖ് അലിയാണ് പ്രതീക്ഷയുണർത്തുന്ന മറ്റൊരു താരം.അക്ഷയ് ടി.കെ, അമൽരാജ്, ആഷിഖ് അലി, വിനിൽ ടി.എസ്, ശ്രീരൂപ് എം.പി തുടങ്ങി ആൾറൗണ്ടർമാരുടെ നീണ്ട നിരതന്നെ ടീമിലുണ്ട്.
പവർപ്ലേയിലും ഡെത്ത് ഓവറുകളിലും ഒരേപോലെ കൃത്യതയോടെ പന്തെറിയുന്ന അജയഘോഷാണ് പേസ് നിരയിലെ ഏറ്റവും ശ്രദ്ധേയമായ സാന്നിദ്ധ്യം.അജിത് രാജും അഖിൽദേവും അജിനാസുമാണ് ബൗളിംഗ് നിരയിലെ മറ്റ് പ്രമുഖർ. ഇവർക്ക് മാർഗനിർദ്ദേശം നൽകി ഒപ്പം കളിക്കാൻ ജലജും ഇറങ്ങുമ്പോൾ കഴിഞ്ഞ സീസണുകളിലേതുപോലെ അങ്ങനെയങ്ങ് റിപ്പിൾസിനെ തള്ളിക്കളയാൻ എതിരാളികൾക്ക് സാധിക്കില്ലെന്ന് തീർച്ച.മുൻ കേരള താരം നിഖിലേഷ് സുരേന്ദ്രനാണ് മുഖ്യ പരിശീലകൻ. മുൻ കേരള താരങ്ങളായ കെ. എസ് മോനിഷ്, ഫർസീൻ അഹമ്മദ് എന്നിവർ സഹപരിശീലകരായുണ്ട്.
ആലപ്പി റിപ്പിൾസ് സ്ക്വാഡ്
സച്ചിൻ ബേബി(ക്യാപ്ടൻ), മുഹമ്മദ് അസറുദ്ദീൻ, ജലജ് സക്സേന, സിബിൻ ഗിരീഷ്, അഭിജിത് പ്രവീൺ, അക്ഷയ് ടി.കെ, വിനിൽ ടി.എസ്,ആകാശ് പിള്ള, ശ്രീരൂപ് എം.പി, അരുൺ കെ.എ, അഖിൽദേവ്, അജ്നാസ്.കെ, ആഷിഖ് അലി, അമൽരാജ്. ആർ, അജയഘോഷ് എൻ.എസ്, അജിത് രാജ്.
ആദ്യ മത്സരം
ആഗസ്റ്റ് 21, Vs ട്രിവാൻഡ്രം റോയൽസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |