
ന്യൂഡൽഹി: നേപ്പാളിനെ കരയിച്ച മിന്നൽ പ്രളയത്തിൽ മരണസംഖ്യ 400 കടന്നു. 288 ഇന്ത്യക്കാരടക്കം 1300ലേറെ പേരെയാണ് കാണാതായത്. തെരച്ചിൽ ഊർജ്ജിതമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. 53 മലയാളി ടൂറിസ്റ്റുകൾ സുരക്ഷിതരെന്ന് നോർക്ക അറിയിച്ചു.
ബുധനാഴ്ച രാവിലെ ഒൻപതോടെയാണ് ലോകത്തെ ഞെട്ടിച്ച് അപ്രതീക്ഷിത പ്രളയമുണ്ടായത്. അപകടത്തിൽപ്പെട്ട ഇന്ത്യക്കാരിൽ കൂടുതലും കൈലാസ് മാനസസരോവർ യാത്രക്കാരാണ്. ത്രിശൂലി വൈദ്യുതി പദ്ധതിയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെയും കാണാതായിട്ടുണ്ട്. മലയാളികൾ ഓണാവധിക്ക് നേപ്പാൾ സന്ദർശനത്തിനെത്തിയവരാണ്. കാസർകോട്, കണ്ണൂർ, എറണാകുളം, കോട്ടയം ജില്ലക്കാരാണിവർ.
കൈലാസ യാത്രക്കാരായ 86 തമിഴ്നാട്ടുകാരിൽ 21 പേരെ കണ്ടെത്തി. കോയമ്പത്തൂർ ഇഷാ ഫൗണ്ടേഷനിലെ വിദേശികളടക്കം 80 പേരെ ടിബറ്റിലെ ഗീറോംഗ് മേഖലയിൽ കാണാതായി. 32 ബംഗാൾ തീർത്ഥാടകരെയും കണ്ടെത്തേണ്ടതുണ്ട്. ചൈന- ടിബറ്റ് അതിർത്തി മേഖലയിൽ 200ൽപ്പരം ഇന്ത്യക്കാർ കുടുങ്ങിയിട്ടുണ്ട്. 33 രാജ്യങ്ങളിൽ നിന്നുള്ളവരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നേപ്പാളിലെ റസുവയിൽ നിന്ന് 45 വിദേശികളെ ഇന്നലെ എയർലിഫറ്റ് ചെയ്‌തു.
ഭൂചലനം, ഹിമാനി
പിന്നാലെ വൻദുരന്തം
ബുധനാഴ്ച രാവിലെ 8.37ന് ചൈന- ടിബറ്റ് അതിർത്തി മേഖലയിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. പിന്നാലെ, നേപ്പാളിലെ കോഡാരി ഗ്രാമത്തിൽ നിന്ന് 55 കിലോമീറ്റർ മാറി ഭീമൻ ഹിമാനി പ്രവാഹം. ലാങ്ടാക്കിലെ 23,734 അടി ഉയരമുള്ള ലിറംഗ് കൊടുമുടിക്ക് സമീപത്തുനിന്ന് പൊട്ടിയടർന്ന് താഴേക്ക് പതിക്കുകയായിരുന്നു. പടുകൂറ്റൻ ഐസുകട്ടകളും പാറയും വെള്ളവും ലെൻഡെഖോല നദിയിലെത്തി അണക്കെട്ട് പോലെ ഒഴുക്ക് തടഞ്ഞു. സമ്മർദ്ദം ശക്തമായതോടെ ഉഗ്രശബ്ദത്തോടെ പൊട്ടി ഭോട്ടേ കോഷി, ത്രിശൂലി നദികളിലേക്ക്. ഇതാണ് സുനാമിത്തിര പോലെ ജനവാസ മേഖലകൾ തുടച്ചുനീക്കിയത്. ബഹുനില കെട്ടിടങ്ങളും വാഹനങ്ങളും നൂറുകണക്കിന് മനുഷ്യരും ഒഴുകിപ്പോയി. റസുവയിൽ 50 കിലോമീറ്ററിനുള്ളിലെ മുഴുവൻ ഗ്രാമങ്ങളും നാമാവശേഷമായി. ഇരുപതിലേറെ വലിയ പാലങ്ങളും റോഡുകളും വൈദ്യുതി പദ്ധതികളും തകർന്നു. നേപ്പാൾ അതിർത്തി പങ്കിടുന്ന കിഴക്കൻ ഉത്തർപ്രദേശും വടക്കൻ ബീഹാറും കനത്ത ജാഗ്രതയിലാണ്.
ചേർത്തുപിടിച്ച് ഇന്ത്യ
നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്‌തു. 47.5 ടൺ ദുരിതാശ്വാസ സാമഗ്രികൾ ഇതിനകം അനുവദിച്ചു. കരസേനയുടെ സി 130 വിമാനത്തിൽ 10 ടൺ സാമഗ്രികൾ നേപ്പാളിലെത്തിച്ചു. ഭക്ഷണം, മരുന്ന്, ടെന്റുകൾ, ബ്ലാങ്കറ്റുകൾ ഉൾപ്പെടെയാണിത്. ബെയ്‌ലി പാലം നിർമ്മിക്കുന്നതിനടക്കം ഇന്ത്യ സൈന്യത്തെ അയയ്ക്കും. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ കാഠ്മണ്ഡുവിലെയും ബീജിംഗിലെയും ഇന്ത്യൻ സ്ഥാനപതികളുമായി ഓൺലൈൻ യോഗം ചേർന്നു.
24 മണിക്കൂർ കൺട്രോൾ റൂം
വിദേശകാര്യ മന്ത്രാലയത്തിന്റെ ഫോൺ നമ്പരുകൾ: +91 11 2308 8718, +91 11 2308 8719
വാട്സാപ്പ്: +91 9968291988
ഇ-മെയിൽ: situationroom@mea.gov.in
കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി
+977 985 131 6807
+977 970 910 7500
+977 981 032 6117
നോർക്ക ഹെൽപ്പ് ഡെസ്‌ക്
ഗ്ലോബൽ കോണ്ടാക്ട് സെന്റർ 18004253939 (ടോൾ ഫ്രീ), +918802012345 (വിദേശത്തു നിന്ന് മിസ്ഡ് കാൾ)
കുടുങ്ങിയ മലയാളികളിൽ കുട്ടികളും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഓഫീസ്, ദുരന്ത നിവാരണ അതോറിട്ടി, നോർക്ക റൂട്ട്സ് എന്നിവിടങ്ങളിലെ ഹെൽപ്പ് ലൈനുകളിൽ നിന്നുള്ള വിവരങ്ങൾ ക്രോഡീകരിച്ചാണ് 53 കേരളീയരെ തിരിച്ചറിഞ്ഞതെന്ന് നോർക്ക റൂട്ട്സ് സി.ഇ.ഒ രാജേഷ് മാധവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിൽ മുതിർന്നവരും കുട്ടികളും ഉൾപ്പെടുന്നു. ഭൂരിഭാഗം പേരുടെയും ഫോൺ നമ്പരുകൾ ശേഖരിച്ചിട്ടുണ്ടെങ്കിലും ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. കണ്ണൂർ, കാസർകോട് നിന്നുള്ള 36 പേരും കോട്ടയത്ത് നിന്നുള്ള 16 പേരുമുണ്ട്. ചീഫ് സെക്രട്ടറിയുടെ ഓഫീസ് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |