SignIn
Kerala Kaumudi Online
Thursday, 27 August 2026 11.34 AM IST

16 കാരന്റെ കമ്പനിയിൽ അച്ഛന് ജോലി, ശമ്പളം രണ്ട് ലക്ഷം; അമ്പരപ്പിച്ച് കൊച്ചിക്കാരൻ

raul-john-aju
റൗൾ ജോൺ അജു

കൊച്ചി: പഠനാവശ്യങ്ങൾക്കായി മാതാപിതാക്കളെ ആശ്രയിക്കുന്ന പ്രായത്തിൽ സ്വന്തമായി കമ്പനി നടത്തുന്ന ഒരു കൗമാരക്കാരനാണ് ഇപ്പോൾ മാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് സ്വന്തമായൊരിടം സൃഷ്‌ടിച്ച റൗൾ ജോൺ അജുവെന്ന 16 കാരനാണ് ആ മിടുക്കൻ. റൗളിന്റെ കമ്പനിയിൽ ജോലിചെയ്യുന്ന പിതാവിന്റെ മാസ ശമ്പളം രണ്ടുലക്ഷം രൂപയാണ്.

കൊച്ചി കുന്നുംപുറം നോർത്ത് എടപ്പള്ളി ഗവ. ഹയർസെക്കന്ററി സ്‌കൂളിൽ കൊമേഴ്‌സ് വിഭാഗത്തിലെ പ്ലസ്‌ടു വിദ്യാർത്ഥിയാണ് റൗൾ ജോൺ അജു. 'എഐ കിഡ് ഒഫ് ഇന്ത്യ' എന്ന വിശേഷണം ഇതിനകംതന്നെ റൗൾ സ്വന്തമാക്കി കഴിഞ്ഞു. ഒമ്പതാം വയസിൽ സ്വയം തുടങ്ങിയ എഐ പഠനമാണ് റൗളിന്റെ യാത്രയ്‌ക്ക് അടിത്തറയിട്ടത്. വീഡിയോ എഡിറ്റിംഗാണ് സാങ്കേതിക വിദ്യയിലുള്ള അജുവിന്റെ താൽപര്യം വർദ്ധിപ്പിച്ചത്. പിതാവിന് അഡോബിൽ ജോലി ലഭിച്ചതോടെ പ്രീമിയം ടൂളുകൾ ഉപയോഗിക്കാൻ അവസരം ലഭിച്ചു. അതോടെ എഐയുടെ ലോകത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ തുടങ്ങി.

സ്‌കൂളിലെ സയൻസ് പ്രൊജക്‌ടിനായി 'മിബോട്ട്' എന്ന പേരിൽ ഒരു റോബോട്ടിനെ അവതരിപ്പിച്ചതിൽനിന്നാണ് കാര്യങ്ങൾ മറ്റൊരു തലത്തിലേക്ക് മാറിത്തുടങ്ങിയത്. ഇന്ന് 'എഐ ടെക്‌നോളജീസ്' എന്ന പേരിൽ റൗൾ നടത്തുന്ന സ്റ്റാർട്ടപ്പിൽ 15 പേർ ജോലി ചെയ്യുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വേറെയും ജീവനക്കാരുണ്ട്. ഇതിനകം അഞ്ച് ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് അജു എഐ പരിശീലനം നൽകിയിട്ടുള്ളതായാണ് വിവരം.

സ്വന്തം കമ്പനിയിൽ അച്ഛനും ജോലി

റൗളിന്റെ കമ്പനിയിലെ ജീവനക്കാരുടെ കൂട്ടത്തിൽ സ്വന്തം അച്ഛനുമുണ്ട്. മാസം രണ്ട് ലക്ഷം രൂപയാണ് ശമ്പളം. എന്തിനാണ് അച്ഛനെത്തന്നെ കമ്പനിയിൽ ജോലിക്കെടുത്തതെന്ന ചോദ്യത്തിന് റൗൾ മാദ്ധ്യമങ്ങൾക്ക് നൽകിയ മറുപടി രസകരമാണ്. 'എന്റെ ഫോണിലൂടെ എനിക്ക് എത്ര വേണമെങ്കിലും അറിവ് നേടാം. പക്ഷേ, അച്ഛൻ നേടിയിട്ടുള്ള അനുഭവസമ്പത്ത് ഫോണിലൂടെ കിട്ടില്ല. ആമസോൺ, അഡോബ്, വിപ്രോ, ഐബിഎം തുടങ്ങിയ കമ്പനികളിൽ അദ്ദേഹം ജോലി ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിൽനിന്ന് എനിക്ക് ഒരുപാട് പഠിക്കാനുണ്ട്. സത്യത്തിൽ മാർക്കറ്റിംഗിനും ഇത് നല്ലതാണ്'- റൗൾ പറഞ്ഞു.

കളിച്ചുപഠിക്കാം

റൗളിന്റെ സ്റ്റാർട്ടപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 'തിങ്ക്ക്രാഫ്‌റ്റ് അക്കാഡമി'യിലൂടെ വിദ്യാർത്ഥികൾക്ക് എഐ പരിശീലനം നൽകുന്നുണ്ട്. ഐഐടികൾ,ഐഐഎമ്മുകൾ, പ്രമുഖ വിദേശ സർവകലാശാലകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ളവർ ഇവിടെ പരിശീലനം നേടുന്നുണ്ട്. എഐ പഠനം ബുദ്ധിമുട്ടേറിയ കാര്യമല്ലെന്നും മൊബൈൽ ഗെയിം കളിക്കുന്നതുപോലെ ലളിതമായി സാങ്കേതിക വിദ്യ പഠിക്കാമെന്നുമാണ് റൗളിന്റെ ആശയം. ഇതിനകം റെസ്‌ക്യു എഐ, മീബോട്ട്, സാപ്‌ഗാപ്, ഇൻവെസ്റ്റോ എഐ, ഫീഡ് ഫൈ തുടങ്ങി 15 എഐ ടൂളുകൾ റൗൾ വികസിപ്പിച്ചിട്ടുണ്ട്. ദൈനംദിന ജീവിതത്തിലെ വിവിധ പ്രശ്‌നങ്ങൾക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം തേടുകയാണ് ഇവയുടെ ലക്ഷ്യം. പഠനത്തിനൊപ്പം സ്വന്തമായൊരു സംരംഭംകൂടി മുന്നോട്ടുനയിക്കുന്ന റൗളിന്റെ കഥ കൗമാരക്കാരുടെ പതിവ് സങ്കൽപങ്ങൾക്കപ്പുറത്തേക്കാണ്, എഐയുടെ ലോകത്ത് സ്വന്തമായൊരിടം പതിപ്പിക്കാനുള്ള യാത്രയിൽ മുന്നേറുകയാണ് ഈ കൊച്ചിക്കാരൻ.

English Summary

16-year-old Kochi student Raul John Aju, known as the “AI Kid of India,” runs his own AI startup, employs 15 people, and pays his father a monthly salary of ₹2 lakh.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAUL JOHN AJU, AI KID OF INDIA, AI TECHNOLOGY, AI STARTUP, 16 YEAR OLD ENTREPRENEUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360